Connect with us

Articles

വിദൂര വിദ്യാഭ്യാസവും പ്രതിസന്ധികളും

Published

|

Last Updated

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദൂരവിദ്യാഭ്യാസം ഫലപ്രദമായി നടക്കണമെന്ന ലക്ഷ്യത്തോടു കൂടിയാണ് ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല കേരളത്തില്‍ സ്ഥാപിക്കപ്പെട്ടത്. കൊല്ലം കേന്ദ്രമാക്കി ഈ യൂനിവേഴ്‌സിറ്റി പ്രവര്‍ത്തനമാരംഭിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷമാകുകയാണ്. യു ജി സി അംഗീകാരം ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന്റെ പ്രവര്‍ത്തനത്തിന് ആദ്യം തടസ്സമുണ്ടാക്കിയത്. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസൃതമായി ഈ യൂനിവേഴ്‌സിറ്റിക്ക് സര്‍വകലാശാല ഗ്രാന്‍ഡ് കമ്മീഷന്റെ (യു ജി സി) അംഗീകാരം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലഭിക്കുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍ ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലക്ക് വിദൂര വിദ്യാഭ്യാസം ആരംഭിക്കാന്‍ യു ജി സി അംഗീകാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ഓപൺ‍-വിദൂര പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്. കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ നിന്ന് വിദൂര ഓപണ്‍ കോഴ്‌സുകള്‍ വേര്‍പ്പെടുത്തുകയും, ഇത്തരം പഠനം ഓപണ്‍ സര്‍വകലാശാലയില്‍ മാത്രമാക്കുകയും ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സര്‍വകലാശാലക്ക് യു ജി സി അംഗീകാരം ലഭിച്ചത്. പക്ഷേ, കോഴ്‌സുകള്‍ തുടങ്ങാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
വിദ്യാഭ്യാസം ഏതൊരു രാജ്യത്തെയും ജനതയുടെ മൗലികമായ അവകാശമാണ്. സൗജന്യമായി വിദ്യാഭ്യാസം നല്‍കുകയെന്നത് ഒരു സര്‍ക്കാറിന്റെ പ്രാഥമികമായ കടമയുമാണ്. നിര്‍ഭാഗ്യവശാല്‍ പരമമായ ഈ അവകാശം ചില രാജ്യങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഇന്നും കടലാസില്‍ മാത്രം അവശേഷിക്കുന്നു. രാജ്യത്തെ നിര്‍ദേശക തത്വങ്ങളില്‍ പലതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദയം വിസ്മരിച്ചതു പോലെ വിദ്യാഭ്യാസാവകാശവും അധികാരികള്‍ മറന്ന സ്ഥിതിയാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നിലായിപ്പോയ ഭൂരിപക്ഷം വരുന്ന പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നമ്മുടെ ഭരണാധികാരികളുടെ അജന്‍ഡയില്‍ പോലും ഇല്ലാത്ത സ്ഥിതിയിലാണ്.

കേരളത്തില്‍ പ്ലസ് ടു ക്ലാസ് വരെ ഇപ്പോള്‍ സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് വിപ്ലവകരമായ തീരുമാനമായിരുന്നു. തുടര്‍ന്ന് മറ്റു പല സംസ്ഥാനങ്ങളും ഈ മാര്‍ഗം അവലംബിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലും 12ാം ക്ലാസ് വരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനെ സംബന്ധിച്ച് സൂചനയുമുണ്ട്. എന്നാല്‍ ആ സൗജന്യം കൊണ്ട് മാത്രം നമ്മുടെ രാജ്യത്തെ നല്ലൊരു ശതമാനം കുട്ടികളും സ്‌കൂളിലെത്തണമെന്നില്ല. അതിനുള്ള ശക്തമായ താങ്ങും ഉദാരമായ സാമ്പത്തിക സഹായവും രാജ്യത്തെ താഴേക്കിടയിലുള്ള കോടാനുകോടി കുടുംബങ്ങള്‍ക്ക് ആവശ്യമാണ്.

ഉന്നത വിദ്യാഭ്യാസം രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇന്നും ഒരു മരീചികയാണ്. സമൂഹത്തിലെ ചെറിയ ഒരു ന്യൂനപക്ഷത്തിന് – വരേണ്യ വര്‍ഗത്തിന് – മാത്രമാണ് സര്‍വകലാശാല വിദ്യാഭ്യാസത്തിന് അവസരം ലഭ്യമായിട്ടുള്ളത്. റഗുലര്‍ കോഴ്‌സുകള്‍ക്കുള്ള ചെലവ് സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് എങ്ങനെയാണ് താങ്ങാന്‍ കഴിയുക? ഈ വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസം നേടിയെടുക്കുന്നതിനുള്ള ഏക പോംവഴി അനൗദ്യോഗിക വിദ്യാഭ്യാസ മേഖലയാണ്. ഫലപ്രദവും വിജയകരവുമായ ഈ അനൗദ്യോഗിക വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സ്ഥാപനങ്ങളാണ് ഓപണ്‍ യൂനിവേഴ്‌സിറ്റികള്‍. ലോകത്തൊട്ടാകെ ഇന്ന് ഓപണ്‍ യൂനിവേഴ്‌സിറ്റികള്‍ വളരെ വിജയകരമായി മുന്നേറുകയുമാണ്. ഇന്ത്യയില്‍ ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഡോ. അംബേദ്കര്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയവയാണ് ഇത്തരം സര്‍വകലാശാലകളില്‍ പ്രധാനപ്പെട്ടവ.

കേരളത്തില്‍ ഒരു ഓപണ്‍ യൂനിവേഴ്‌സിറ്റി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട് കഴിയുകയാണ്. 2009ല്‍ ഇന്ദിരാഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന റാംജി ടെക്‌വാലെ അധ്യക്ഷനായ കമ്മിറ്റി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങളൊന്നും നടന്നില്ല. നിലവിലുള്ള ഇടതു സര്‍ക്കാര്‍ പ്രൊഫസര്‍ ജെ പ്രഭാഷിനെ ഇതിനായി സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി നിലവില്‍ വന്നത്.

ഈ സര്‍വകലാശാലക്ക് വേണമെങ്കില്‍ കേരളത്തില്‍ തൊഴില്‍ വിപ്ലവം തന്നെയുണ്ടാക്കാന്‍ സാധിക്കും. പരമ്പരാഗത കോഴ്‌സുകള്‍ക്കു പുറമെ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത, തൊഴില്‍ നൈപുണ്യ കോഴ്‌സുകളാണ് ഇതിന്റെ പ്രത്യേകത. മറ്റു സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ക്ക് ചേരാനാകുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളും ആരംഭിക്കും. കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലെ 93,155 പേര്‍ക്കും കേരള, എം ജി സര്‍വകലാശാലകളിലെ 25,488 പ്രൈവറ്റ് രജിസ്‌ട്രേഷന്‍കാര്‍ക്കും പ്ലസ്ടു തുല്യതാ പരീക്ഷ പാസ്സായ 30,000 പേര്‍ക്കും വലിയ ഗുണമാണ് ഈ സര്‍വകലാശാല കൊണ്ട് ഉണ്ടാകുന്നത്.

കേരളം പ്രാഥമിക വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യസംസ്ഥാനം ഇതാണെന്ന് നമുക്ക് അഭിമാനത്തോടെ പറയുകയും ചെയ്യാം. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം എല്ലാ നിലയിലും വളരെ പിന്നണിയില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ നമുക്ക് ഒട്ടും അഭിമാനിക്കാന്‍ കഴിയുകയില്ലെന്ന് മാത്രമല്ല തലകുനിക്കേണ്ടതായും വരും.
അക്ഷരാഭ്യാസവും പ്രാഥമിക വിദ്യാഭ്യാസവും മാത്രമല്ല ഈ രാജ്യത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷത്തിനും വേണ്ടത്. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസവും അനിവാര്യമാണ്. സാമ്പത്തിക പരാധീനത മൂലം ഔപചാരികമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാത്ത സംസ്ഥാനത്തെ വിദ്യാര്‍ഥി ലക്ഷങ്ങള്‍ക്ക് നിശ്ചയമായും കൊല്ലത്ത് സ്ഥാപിക്കുന്ന ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല ഒരത്താണിയാണ്.

ഈ യൂനിവേഴ്‌സിറ്റി പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്ന തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടണം. കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള യു ജി സി അംഗീകാരം നേടിയെടുക്കാനുള്ള ശക്തവും സത്വരവുമായ നടപടികള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാകേണ്ടതാണ്.

(ലേഖകന്‍ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗമാണ്)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428