Connect with us

Kerala

ഗ്രൂപ്പിസത്തിന് ഗുഡ്‌ബൈ; സുധാകരന്റെ സെമി കേഡര്‍ പാര്‍ട്ടി പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് യുവനിര

Published

|

Last Updated

dhaകോഴിക്കോട് | കോണ്‍ഗ്രസ്സിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്ന പുതിയ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയും ഗ്രൂപ്പുകളെ അവഗണിച്ച് നേതൃത്വത്തെ നിശ്ചയിക്കാനുള്ള ഹൈക്കമാന്റിന്റെ ധൈര്യവും കൂടിച്ചേരുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പുതുയുഗം പിറക്കുകയാണെന്ന പ്രതീക്ഷയില്‍ യുവ നിര. എക്കാലത്തും സ്ഥാനമാനങ്ങള്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വീതം വെക്കുന്ന കോണ്‍ഗ്രസ് രീതി അവസാനിക്കുകയാണെന്നും കേരളത്തില്‍ സി പി എമ്മിനെ പ്രതിരോധിക്കാന്‍ കഴിയുന്ന കരുത്തുള്ള കേഡര്‍ സ്വഭാവം കോണ്‍ഗ്രസ് ആര്‍ജിക്കുമെന്നും അവര്‍ കരുതുന്നു. ഗ്രൂപ്പുകളാണ് കോണ്‍ഗ്രസ്സിന്റെ ശക്തി എന്നായിരുന്നു എക്കാലവും ഗ്രൂപ്പിനെ ന്യായീകരിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു കൊണ്ടിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പു നല്‍കിയ അഭിമുഖത്തില്‍ ആന്റണി പറഞ്ഞത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ല എന്നായിരുന്നു.

കെ കരുണാകരനും എ കെ ആന്റണിയും ചേര്‍ന്നു വര്‍ഷങ്ങള്‍ക്കു മുമ്പു വെട്ടിപ്പിളരുകയും തലമുറമാറ്റത്തിലൂടെ രമേശ് ചെന്നിത്തല്ലയും ഉമ്മന്‍ചാണ്ടിയും ആ വ്രണം ഉണങ്ങാന്‍ അനുവദിക്കാതെ കൊണ്ടു നടക്കുകയും ചെയ്യുകയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പിന്റെയും വിലപേശലിന്റേയും ചരിത്രം തിരുത്തുകയാണെന്ന പ്രതീക്ഷയിലാണ് പുതിയ തലമുറ ഇപ്പോള്‍.

സെമി കേഡര്‍ സ്വഭാവം പാര്‍ട്ടിയില്‍ കൊണ്ടുവരും എന്നതിന് അര്‍ഥം പാര്‍ട്ടിയില്‍ എല്ലാറ്റിനും ഒരു വ്യവസ്ഥയുണ്ടാവും എന്നുമാത്രമാണെന്ന് കോഴിക്കോട്ടെ പ്രമുഖ യുവ നേതാവ് പറഞ്ഞു. എല്ലാവര്‍ക്കും ചുമതലയും ചുമതലകള്‍ നിരീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവും. അതോടെ വെറും ആള്‍ക്കൂട്ടമെന്ന അവസ്ഥക്കു മാറ്റം വരുമെന്നാണു കരുതന്നതെന്നും അദ്ദേഹം പറയുന്നു. വളരെ കാലമായി കോണ്‍ഗ്രസ്സിലെ സ്ഥാനമാനങ്ങളെല്ലാം ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണ് പങ്കുവെക്കുന്നത്. ആ പാരമ്പര്യത്തെ അവഗണിക്കാന്‍ ഹൈക്കമാന്റ് തയ്യാറായി എന്നത് ശുഭ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ കരുണാകരനെതിരായ പോരിലൂടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന് തുടക്കമിടുന്നത് ആന്റണിയുടെ നേതൃത്വത്തിലാണ്. കരുണാകരന്റെ ജനാധിപത്യവിരുദ്ധ ശൈലി മാറ്റണമെന്നായിരുന്നു അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. അതോടൊപ്പം സംഘടനയില്‍ പുതുരക്തം വരണമെന്നും ആന്റണി വാദിച്ചു. എന്നാല്‍, ആന്റണി സ്വയം വിരമിക്കാനിരിക്കുമ്പോഴും പാര്‍ട്ടിയിലോ ഭരണരംഗത്തോ യുവരക്തം വരണമെന്ന ആവശ്യം അദ്ദേഹം ശക്തമായി ഉന്നയിച്ചില്ല.

കേരളത്തില ആദ്യത്തെ തിരഞ്ഞെടുത്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ച വിമോചന സമരത്തിലൂടെ രാഷ്ട്രീയത്തില്‍ തിളങ്ങിയ ആന്റണിയുടെ നേതൃത്വത്തിലാണ് കെ കരുണാകരനെതിരെയുള്ള പാമൊലിന്‍ കേസും ഐ എസ് ആര്‍ ഒ ചാരക്കേസും ഉയര്‍ത്തിയത്. ഈ രണ്ടുകേസുകളും കൊണ്ടാണ് ആന്റണി ഗ്രൂപ്പുകാര്‍ കരുണാകരനെ തകര്‍ത്തെറിഞ്ഞത്. കേരളത്തിലെ ശക്തമായ ഗ്രൂപ്പ് സമ്മര്‍ദ്ദത്തില്‍ മനം മടുത്ത കരുണാകരനെ കേന്ദ്ര നേതൃത്വവും കൈവിടുന്നതില്‍ ആന്റണിയുടെ ഓപ്പറേഷനുകള്‍ ഉണ്ടായിരുന്നു എന്നാണു നിരീക്ഷിക്കപ്പെടുന്നത്.

കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് രൂപീകരിക്കുന്നതിനുള്ള കാരണംപോലും സോണിയ ഗാന്ധിയോടുള്ള നീരസമായിരുന്നു. ദിവസങ്ങളോളം കാത്തിരുന്നിട്ടും സോണിയ കരുണാകരന് കൂടിക്കാഴ്ച അനുവദിക്കാന്‍ തയ്യാറായില്ല. കേരളത്തില്‍ കരുണാകരവിഭാഗം ദുര്‍ബലമായെന്നും ആന്റണിവിഭാഗത്തിനാണ് ശക്തിയെന്നുമുള്ള നിഗമനത്തിലാണ് സോണിയ കൂടിക്കാഴ്ച അനുവദിക്കാതിരുന്നത്. അന്ന് സോണിയ ഗാന്ധി കരുണാകരനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം പാര്‍ടി വിട്ടുപോകില്ലായിരുന്നു. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നെങ്കിലും അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സോണിയയും ഹൈക്കമാന്‍ഡും തയ്യാറായില്ല. ആരോഗ്യം മോശമായ കാലത്തുപോലും ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് മകന്‍ മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരുണാകരന്‍ അന്ത്യശ്വാസംവലിക്കുന്നതുവരെയും സോണിയ ഗാന്ധിയും ഹൈക്കമാന്‍ഡും കരുണാകരന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല.

ഒരു കാലത്ത് ദേശീയരാഷ്ട്രീയത്തില്‍ കിങ്മേക്കര്‍ പദവിയില്‍ തിളങ്ങിയ കെ കരുണാകരനെ നിലം പരിശാക്കിയതുപോലുള്ള പകയാളിയ ഗ്രൂപ്പു പോരിന്റെ ഇടമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കാത്തവര്‍ക്ക് ഒന്നും നേടാന്‍ കഴിയാത്ത അവസ്ഥ. ഗ്രൂപ്പുപോരിനെ മെരുക്കാന്‍ എല്ലാം ഗ്രൂപ്പുകള്‍ക്കിടയില്‍ വീതം വച്ചു നല്‍കുന്ന കേന്ദ്ര നേതൃത്വം. എല്ലാവരേയും സന്തോഷിപ്പിക്കാന്‍ മുന്നൂറോളം ഭാരവാഹികളുടെ ജംബോ കമ്മിറ്റികള്‍. ഈ അവസ്ഥക്കെല്ലാം മാറ്റം വരുമെന്ന സൂചനയാണ് കോണ്‍ഗ്രസ്സില്‍ പുതിയ പ്രതീക്ഷ പരത്തുന്നത്.

ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചപ്പോള്‍ അമ്പരന്നു പോയ ഗ്രൂപ്പ് നേതൃത്വങ്ങള്‍ കെ പി സി സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയാതെ മാറിനിന്നത് ഹൈക്കമാന്‍ഡ് കെ സുധാകരനെ കണ്ടുവച്ചുകഴിഞ്ഞു എന്നു ബോധ്യപ്പെട്ടതിനാലായിരുന്നു. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് നേതാക്കളോട് ആരായാതെ വര്‍ക്കിങ്ങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതോടെ ഗ്രൂപ്പ് തലവന്‍മാര്‍ ശരിക്കും ഞെട്ടി. ഇനി ഗ്രൂപ്പിന്റെ പേരില്‍ തങ്ങളെ ഗൗനിക്കില്ലെന്ന് അവര്‍ക്കു തോന്നിയതോടെ ഗ്രൂപ്പ് നേതാക്കള്‍ സ്വയം പിന്‍വാങ്ങുകയായിരുന്നു.
ഗ്രുപ്പുകളെ ഗൗനിക്കാതെ ധീരമായി മുന്നോട്ടു പോകാനാണു ഹൈക്കമാന്റിന്റെ നീക്കമെങ്കില്‍ പൂര്‍ണ പിന്‍തുണയുമായി ഉറച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണ് യുവാക്കള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest