Connect with us

Kannur

ഗ്രൂപ്പുകൾ പിടിമുറുക്കും; കെ പി സി സി പുനഃസംഘടന എളുപ്പമാകില്ല

Published

|

Last Updated

കണ്ണൂർ | കെ പി സി സി തലപ്പത്ത് കെ സുധാകരൻ എത്തിയതോടെ സംസ്ഥാനത്തെ കോൺഗ്രസിൽ ഇനി അടിമുടി മാറ്റം വരുമെന്ന് സൂചന. ഗ്രൂപ്പിനതീതമായിരിക്കും പുനഃസംഘടനയെന്നാണ് പറയപ്പെടുന്നതെങ്കിലും അത് എളുപ്പമാകില്ല. പ്രതിപക്ഷ നേതാവിനെയും കെ പി സി സി പ്രസിഡന്റിനെയും ഗ്രൂപ്പിനതീതമായി നിശ്ചയിച്ച തരത്തിൽ കെ പി സി സി ഭാരവാഹികളെയും നിയമിക്കാൻ കഴിയില്ല. ഗ്രൂപ്പിന് പുറമെ മതവും ജാതിയുമൊക്കെ പരിഗണനയിൽ വരുമ്പോൾ പുനഃസംഘടന തർക്കത്തിന് കാരണമാകും. പുതിയ കെ പി സി സി ജംബോ കമ്മിറ്റിയായിരിക്കില്ലെന്നാണ് സൂചന. ഹൈക്കമാൻഡും ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. കെ സുധാകരനും താത്പര്യം ഇതുതന്നെയാണ്. നിലവിൽ കെ പി സി സിയിൽ 300ലധികമാണ് ഭാരവാഹികൾ. പത്ത് വൈസ് പ്രസിഡന്റുമാർ, 44 ജനറൽ സെക്രട്ടറിമാർ, 96 സെക്രട്ടറിമാർ, 175 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് ഉണ്ടായിരുന്നത്. ഇത് പകുതിയായെങ്കിലും കുറക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള സമിതിയിൽ ഭൂരിഭാഗം പേരും പ്രവർത്തിക്കാത്തവരാണെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ സജീവമായവരെ മാത്രമായിരിക്കും പരിഗണിക്കുക.

പ്രതിപക്ഷ നേതാവ്, കെ പി സി സി പ്രസിഡന്റ് എന്നിവരുടെ നിയമനത്തിൽ ഗ്രൂപ്പ് ലീഡർമാരെ അകറ്റി നിർത്തിയത് പോലെ പുനഃസംഘടനയിലും അത്തരമൊരു സമീപനം സ്വീകരിച്ചാൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇനിയും നിശബ്ദരായിരിക്കാനും സാധ്യതയില്ല. കഴിഞ്ഞ എല്ലാ കമ്മിറ്റികളിലും ഭാരവാഹികളെ തീരുമാനിച്ചത് ഗ്രൂപ്പുകളുടെ വീതം വെപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത്തവണ അത്രയും ശക്തമായ ഗ്രൂപ്പിടപെടലില്ലെങ്കിലും ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഗ്രൂപ്പ് പരിഗണന കൂടി വേണ്ടിവരും. മുതിർന്ന നേതാക്കളോട് കൂടി ആലോചിച്ചായിരിക്കും ഭാരവാഹികളെ തീരുമാനിക്കുക. പ്രതിപക്ഷ നേതാവിനെയും കെ പി സി സി പ്രസിഡന്റിനെയും നിശ്ചയിച്ചപ്പോൾ തങ്ങളെ അവഗണിച്ചതിൽ മുതിർന്ന നേതാക്കൾക്ക് ശക്തമായ അമർഷമുണ്ട്. പരമാവധി യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. ഡി സി സി തലത്തിലും പുനഃസംഘടന തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെയും പ്രവർത്തനം മാനദണ്ഡമാക്കിയാവും ഡി സി സി പുനഃസംഘടന വരിക.