Kerala
കോണ്‍ഗ്രസ് ഇനി കരുത്തന്റെ കരങ്ങളില്‍
 
		
      																					
              
              
            തിരുവനന്തപുരം | ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ക്കും നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവിലാണ് കെ സുധാകരന്‍ എം പിയെ കെ പി സി സി അധ്യക്ഷനായി പാര്‍ട്ടി തിരഞ്ഞെടുത്തത്. എ, ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെയും മുതിര്‍ന്ന നേതാക്കളേയും മറികടന്നാണ് കെ പി സി സി അധ്യക്ഷ പദവിയിലേക്ക് സുധാകരന്‍ എത്തുന്നത്. തീവ്രമായ പ്രതികരണ ശൈലിയിലൂടെയാണ് സുധാകരന്‍ ശ്രദ്ധേയനായത്. പ്രവര്‍ത്തനത്തിലും കടുപ്പക്കാരനാണ് കെ എസ്.
കെ കരുണാകരന്റെ ഐ ഗ്രൂപ്പിനേയും എ കെ ആന്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് കണ്ണൂര്‍ ഡി സി സി അധ്യക്ഷ പദവിയിലെത്തിയതോടെ സുധാകരന്‍ പാര്‍ട്ടിയുടെ കരുത്തുറ്റ നേതാക്കളിലൊരാളായി. ഗാന്ധിയന്‍ ശൈലി തള്ളിക്കളഞ്ഞ സുധാകരന്റെ ശൈലിക്ക് അന്നും ഇന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. കണ്ണൂരിലും കാസര്‍കോട്ടുമെല്ലാം സുധാകരന് ശക്തമായ സ്വാധീനമുണ്ട്. പ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുകയും എതിരാളികള്‍ക്ക് ആക്രമണാത്മക ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്യുന്ന നേതാവാണ് പാര്‍ട്ടി അണികള്‍ക്ക് കെ സുധാകരന്‍. പ്രസംഗത്തിലെയും പ്രവര്‍ത്തനത്തിലെയും തീവ്രത കൊണ്ട് അണികളെ എപ്പോഴും ആവേശഭരിതരാക്കി നിര്‍ത്താന്‍ കഴിയുന്നു എന്നതാണ് സുധാകരന്റെ ഏറ്റവും വലിയ പ്രത്യേകത. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സുധാകരനെ പോലൊരു നേതാവിനെ വേണമെന്ന് പ്രവര്‍ത്തകര്‍ ശക്തമായി ആവശ്യപ്പെട്ടതും അതുകൊണ്ടു തന്നെ.
1948 മെയ് 11ന് കണ്ണൂര്‍ ജില്ലയിലെ എടക്കാട് താലൂക്കിലെ നടാല്‍ ഗ്രാമത്തില്‍ രാമുണ്ണി-മാധവി ദമ്പതികളുടെ മകനായാണ് കെ സുധാകരന്‍ ജനിച്ചത്. സ്‌കൂള്‍ പഠന കാലത്ത് കെ എസ് യുവിന്റെ പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1967-1970 കാലഘട്ടത്തില്‍ കെ എസ് യുവിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ (എന്‍ എസ് ഒ) സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു. 1978-ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യുവജന വിഭാഗമായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1984ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കെ പി സി സിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍, കണ്ണൂര്‍ ഡി സി സിയുടെ പ്രസിഡന്റ്, യു ഡി എഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
എ കെ ആന്റണി മന്ത്രിസഭയില്‍ സുധാകരന്‍ ആദ്യമായി വനം വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2009 ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സി പി എമ്മിലെ കെ കെ രാഗേഷിനെ പരാജയപ്പെടുത്തിയാണ് എം പിയായത്. എന്നാല്‍, 2014ല്‍ പി കെ ശ്രീമതിയോട് പരാജയപ്പെട്ടു. 2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം പിയായിരുന്ന ശ്രീമതിയെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്‌സഭാംഗമായി.
1980, 1982 വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എടക്കാട് നിന്നും 1987 ല്‍ തലശ്ശേരിയില്‍ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1991 ല്‍ എടക്കാട് മണ്ഡലത്തില്‍ സി പി എമ്മിലെ ഒ ഭരതനോട് തോറ്റു. 1991 ല്‍ ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992 ല്‍ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയ ഭരതനെ തന്നെ 1996 ല്‍ വിജയിയായി പ്രഖ്യാപിച്ച് കോടതി ഉത്തരവിറക്കി. 1996-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി ഇടതു മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍ രാമകൃഷ്ണനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് സുധാകരന്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് 2001 ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006-ല്‍ സി പി എമ്മിന്റെ കെ പി സഹദേവനെയും തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് നിയമസഭാംഗമായി.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


