Connect with us

Education

പ്ലസ് ടു ക്ലാസുകള്‍ പ്ലസ് വണ്‍ പരീക്ഷക്ക് ഒരുമാസം മുമ്പ് നിര്‍ത്തിവെക്കും; ആശങ്ക വേണ്ടെന്ന് കൈറ്റ് വിക്‌റ്റേഴ്‌സ്

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണ്‍ പരീക്ഷയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ പ്ലസ് ടുവിനുള്ള ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകള്‍ നടത്തുമെന്ന് കൈറ്റ് വിക്‌റ്റേഴ്‌സ്. പ്ലസ് ടു ക്ലാസുകള്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് നിര്‍ത്തിവെക്കുമെന്നും ചാനല്‍ സി ഇ ഒ. അന്‍വര്‍ സാദത്ത് അറിയിച്ചു. ജൂണ്‍ ഏഴ് മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്ലസ് വണ്‍ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് പ്ലസ് ടു ക്ലാസുകള്‍ നിര്‍ത്തും. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികള്‍ക്ക് നല്‍കിയ പോലെ പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടികളും സംപ്രേഷണം ചെയ്യും.

പ്ലസ് വണ്‍ പൊതുപരീക്ഷക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കൈറ്റ് വിക്ടേഴ്‌സില്‍ തുടര്‍ന്ന് പ്ലസ് ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ജൂണ്‍ മാസം തന്നെ പ്ലസ് ടു ക്ലാസുകളുടെ സംപ്രേഷണം ആരംഭിച്ചത് കൂടുതല്‍ പഠന ദിനങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കാനാണ്. അതോടൊപ്പം ഈ ആഴ്ചയിലെ ട്രയലും ജൂണ്‍ 14 മുതല്‍ 18 വരെയുള്ള പുനഃസംപ്രേഷണവും കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണാന്‍ അവസരമുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ തുടര്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യൂ.

---- facebook comment plugin here -----

Latest