Kerala
മുട്ടില്‍ മരം മുറി: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം | വയനാട് മുട്ടില്‍ മരം മുറി കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും വന്‍ കൊള്ളയാണ് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വകുപ്പ് മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈട്ടിത്തടികള്‍ മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്തിയതായി അടിയന്തര പ്രമേയത്തിന് അനുമതി നേടിയ പി ടി തോമസ് പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കൊള്ള നടന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരത്തില്‍ മരം കൊള്ള നടന്നു. നൂറ് കോടിയിലേറെ രൂപ വിലയുള്ള മരങ്ങള്‍ മുറിച്ചുകടത്തി. വനംകൊള്ള അങ്ങാടിപ്പാട്ടായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പാവപ്പെട്ട ആദിവാസികളേയും കൃഷിക്കാരേയും തെറ്റിദ്ധരിപ്പിച്ചാണ് കൊള്ള നടന്നത്. കൊള്ള റിപ്പോര്‍ട്ട് ചെയ്ത മേപ്പാടി റേഞ്ച് ഓഫീസറെ വധക്കുമെന്ന് കൊള്ളക്കാര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ ഇവര്‍ക്കിതെതിരെ ഒരു നടപടിയും ഉണ്ടായില്ല. കൊവിഡ് മഹാമാരിക്കിടയിലെ നിയന്ത്രണങ്ങള്‍ക്കിടെ എങ്ങനെയാണ് ഈട്ടി തടികള്‍ വയനാട്ടില്‍ നിന്നും എറണാകുളത്തെത്തിയത്. എത്ര ചെക്കുപോസ്റ്റുകള്‍ കൊള്ളക്കാര്‍ക്കായി കണ്ണടച്ചുവെന്നും പി ടി തോമസ് ചോദിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറി നടന്നതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുട്ടില്‍ വില്ലേജില്‍ മുറിച്ചത് റവന്യൂ ഭൂമിയിലെ മരങ്ങളാണ്. കടത്തിയ തടികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സ് മേധാവിയുമായ ഗംഗാ സിംഗിനോട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. വനംനശീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരാളേയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.