Connect with us

Kerala

തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിതം: സി കെ ജാനു

Published

|

Last Updated

കല്‍പ്പറ്റ | തിരുവനന്തപുരത്തെ ഹോട്ടല്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എത്തി തനിക്ക് പണം നല്‍കിയതായ ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണം നിഷേധിച്ച് സി കെ ജാനു. ആസൂത്രിതമായി തന്നെ തകര്‍ക്കുക എന്ന നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം പ്രസീത ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജാനു പറഞ്ഞു. കെ സുരേന്ദ്രനും സി കെ ജാനുവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി സാധുകീരിക്കുന്ന ഫോണ്‍ സംഭാഷണം പ്രസീത പുറത്തുവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജാനു.

താന്‍ എവിടെയെങ്കിലും പോയി താമസിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ കാണാന്‍ വരാറുണ്ടെന്നും ഫോണ്‍ വിളിച്ച് റൂം നമ്പര്‍ എന്ന് ചോദിക്കുമ്പോള്‍ പറയാറുണ്ട്. അങ്ങനെ ഒരു സംഭവം മാത്രണാണിത്. ആസൂത്രിതമായി തന്നെ തകര്‍ക്കുക എന്ന നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണം. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയത് പോലുള്ള ഒരു ഗൂഢാലോചനയായാണ് തോന്നുന്നത്.നിരന്തരമായി ആരോപണം ഉന്നയിക്കുന്നത് കൃത്യമായി പ്ലാന്‍ ചെയ്തതാണ്.. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകും. തെളിവും രേഖകളും വരുമ്പോള്‍ നിലപാട് എടുക്കുമെന്നും സി കെ ജാനു പറഞ്ഞു.

തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും പി എ ദിപിനും പണവുമായി എത്തി എന്ന് ആരോപിക്കുന്ന ഫോണ്‍ സംഭാഷണം പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു. ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രന്‍ തന്നെ വിളിച്ചുകൊണ്ടിരുന്നുവെന്നും നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞു.ജാനുവിന്റെ റൂം നമ്പര്‍ തിരക്കുകയും ഏത് സമയത്ത് കാണാന്‍ സാധിക്കുമെന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്നും പ്രസീത പറഞ്ഞു. സുരേന്ദ്രനും അദ്ദേഹത്തിന്റെ ഒപ്പമുള്ള ആളും മുറിയിലെത്തിയെന്നും രണ്ടുമിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങള്‍ പുറത്തിറങ്ങിയെന്നും ആ മുറിയില്‍വെച്ചാണ് സംസാരിച്ചതും പണം കൈമാറിയതെന്നും പ്രസീത ആരോപിച്ചിരുന്നു.