Kerala
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ: വന്‍ക്രമക്കേടെന്ന് കണ്ടെത്തല്‍

കണ്ണൂര്‍ | യു ഡി എഫ് സര്‍ക്കാറിന്റെ അവസാനകാലത്ത് കണ്ണൂര്‍ കോട്ടയില്‍ നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട ഷോ പദ്ധതിയില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സിന്റെ പ്രാഥമിക വിലയിരുത്തല്‍.
2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പദ്ധതി 3.88 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ ഒറ്റദിവസം കൊണ്ട് പദ്ധതി നിര്‍ജീവമായി. ടെന്‍ഡര്‍ നല്‍കിയതിലെ അഴിമതിയാണ് ആരംഭത്തില്‍ തന്നെ പദ്ധതി പാളിപ്പോകാന്‍ കാരണം. പദ്ധതി നടത്തിപ്പിനായി ടെന്‍ഡര്‍ നല്‍കിയ മൂന്ന് കമ്പനികളില്‍ കുറഞ്ഞ തുക ടെന്‍ഡര്‍ നല്‍കിയ ഹവായ എന്ന കമ്പനിയെ ആദ്യമേ തഴഞ്ഞു. തുടര്‍ന്ന് ബംഗ്ലൂര്‍ ആസ്ഥാനമായ കൃപാ ടെലികോമിന് ടെന്‍ഡര്‍ ഉറപ്പിച്ചു. എന്നാല്‍ ഈ കമ്പനി പദ്ധതി പാതിവഴിക്ക് ഉപേക്ഷിക്കുകയാണ് ചെയ്തത്. സംഭവത്തില്‍ ഡി ടി പി സിയിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ടെന്‍ഡര്‍ നല്‍കിയതിലെ ക്രമക്കേട് പദ്ധതി നിലക്കാന്‍ ഇടയാക്കിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
അഴിമതിയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സി പി എം രംഗത്തെത്തി. 2016ല്‍ കണ്ണൂര്‍ എം എല്‍ എ ആയിരുന്ന എപി അബ്ദുല്ലക്കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. മുന്‍മന്ത്രി എപി അനില്‍ കുമാറിന്റെ മൊഴിയും അന്വേഷണ സംഘം വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.