Connect with us

Editorial

കൊവിഡ്: തൊഴില്‍ നഷ്ടം ആഘാതമേറ്റും

Published

|

Last Updated

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ തൊഴില്‍ നഷ്ടങ്ങളുടെ കണക്ക് പിന്നെയും കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ടൂറിസം, വ്യാപാരം, വ്യവസായം തുടങ്ങിയവ മുഖ്യ വരുമാന സ്രോതസ്സുകളായ സംസ്ഥാനങ്ങളിലാണ് രണ്ടാം തരംഗം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയെ കുറിച്ച് ആധികാരികമായ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം മെയിലെ തൊഴിലില്ലായ്മാ നിരക്ക് 11.20 ശതമാനത്തിലേക്കുയര്‍ന്നിട്ടുണ്ട്. ഏപ്രിലില്‍ ഇത് 7.97 ശതമാനമായിരുന്നു. മെയില്‍ രാജ്യത്തൊട്ടാകെ പത്ത് ദശലക്ഷം തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് മറ്റു ചില ഏജന്‍സികളുടെ കണക്ക്. ഏപ്രില്‍ പകുതിയോടെ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുകയും സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ലോക്ക്ഡൗണിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് തൊഴില്‍ നഷ്ടക്കണക്ക് വീണ്ടും ഉയരാന്‍ തുടങ്ങിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, യൂനിവേഴ്സിറ്റികള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരെ മാത്രമാണ് കൊവിഡ് പ്രതിസന്ധി ബാധിക്കാതിരുന്നത്. വ്യാപാരം, കാര്‍ഷികം, ഗതാഗതം, ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട സേവനങ്ങള്‍, നിര്‍മാണ മേഖല, ധനകാര്യം, ഇന്‍ഷ്വറന്‍സ്, വിദ്യാഭ്യാസം, കല, വിനോദം, കായികം തുടങ്ങി മറ്റു സര്‍വ മേഖലയിലെയും ജീവനക്കാരെയും സ്വയംതൊഴില്‍ ചെയ്യുന്നവരെയും കൂലിപ്പണിക്കാരെയുമെല്ലാം കൊവിഡ് ബാധിച്ചിട്ടുണ്ട്. വഴിയോരക്കച്ചവടക്കാര്‍, ദിവസവേതനക്കാര്‍ തുടങ്ങി അസംഘടിത മേഖലയിലും സമൂഹത്തിലെ താഴേക്കിടയിലുമാണ് ഇതിന്റെ ആഘാതം കൂടുതല്‍.

കൊവിഡിനു മുമ്പേ തന്നെ, ഒരു ദശകത്തോളമായി മോശം കാലാവസ്ഥയാണ് രാജ്യത്തെ തൊഴില്‍ മേഖലക്ക്. ലക്ഷക്കണക്കിനു തൊഴിലുകളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ രാജ്യത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ജെ എന്‍ യുവിലെ സാമ്പത്തിക വിഭാഗം പ്രൊഫസര്‍ സന്തോഷ് മെഹ്‌റോത്രയും പഞ്ചാബിലെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റി അധ്യാപകന്‍ ജാതി കെ പരിദയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ 2011-12നും 2017-18നുമിടയില്‍ 90 ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. 2011-12ല്‍ 474 മില്യന്‍ തൊഴില്‍ അവസരങ്ങളുണ്ടായിരുന്നു രാജ്യത്ത.് 2017-18 എത്തിയപ്പോഴേക്കും 465 മില്യനായി കുറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ജോലി നഷ്ടം രേഖപ്പെടുത്തുന്നത്. ബെംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തിയ പഠന പ്രകാരം നഗര പ്രദേശങ്ങളിലെ 80 ശതമാനം പേര്‍ക്കും ഗ്രാമീണ മേഖലയിലെ 57 ശതമാനം പേര്‍ക്കും തൊഴില്‍നഷ്ടമുണ്ടായി. പത്ത് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഡല്‍ഹി, മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനു തൊഴിലാളികളിലാണ് സര്‍വകലാശാല പഠനം നടത്തിയത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും നിത്യജീവിതത്തിനു പ്രയാസം അനുഭവപ്പെടുന്നവര്‍ക്കും സര്‍ക്കാറുകള്‍ പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നെങ്കിലും പകുതിയിലേറെ പേര്‍ക്കും അത് ലഭ്യമായില്ലെന്നും പഠനം വെളിപ്പെടുത്തുന്നു. കേരളത്തിന്റെ കാര്യം പ്രത്യേകമെടുത്താല്‍ സംസ്ഥാനത്തെ ആഭ്യന്തര തൊഴില്‍ശക്തിയുടെ മൂന്നില്‍ രണ്ട് വിഭാഗത്തിനും കൊവിഡ് പ്രതിസന്ധിയില്‍ ജീവനോപാധികള്‍ നഷ്ടമായി.

മൊത്തം 1.27 കോടി തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക്. രാഷ്ട്രനിര്‍മാണത്തിന്റെ ചാലകശക്തി തൊഴിലാളികളാണെന്നിരിക്കെ തൊഴില്‍ നഷ്ടം സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമാണ്.
തൊഴില്‍ നഷ്ടം കണക്കാക്കുമ്പോള്‍ കൊവിഡിനെ തുടര്‍ന്ന് തിരിച്ചെത്തിയ പ്രവാസി ഇന്ത്യക്കാരെ കൂടി പരിഗണിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിനു പ്രവാസികളാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ പ്രവാസികളില്‍ കൂടുതലും കേരളീയരാണെന്നതിനാല്‍ പ്രവാസികളുടെ തൊഴില്‍ നഷ്ടം കേരളത്തിനാണ് കൂടുതല്‍ ആഘാതമേല്‍പ്പിക്കുക. 14.32 ലക്ഷം പ്രവാസി മലയാളികള്‍ കൊറോണ കാലത്ത് നാട്ടിലേക്ക് മടങ്ങിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക്. കേരളത്തിന്റെ വിദേശ നാണ്യത്തില്‍ ഇതുണ്ടാക്കിയ നഷ്ടം 15,000 കോടി വരെയാണെന്ന് സാമ്പത്തിക വിദഗ്ധനായ ബി എ പ്രകാശ് വിലയിരുത്തുന്നു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ കണക്ക് പ്രകാരം 20.70 ലക്ഷം പ്രവാസി മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 18.93 ലക്ഷം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. കൊവിഡിന് തൊട്ടുമുമ്പത്തെ വര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് വിദേശ ഇന്ത്യക്കാര്‍ കേരളത്തിലേക്കയച്ച പണത്തിന്റെ കണക്ക്. താത്കാലികമായും സ്ഥിരമായും തൊഴില്‍ നഷ്ടപ്പെട്ട് 8.7 ലക്ഷം മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് മാത്രം മടങ്ങിയെത്തിയെന്നാണ് നോര്‍ക്കയുടെ കണക്ക്. 13.27 ലക്ഷം മലയാളികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊവിഡിനെ തുടര്‍ന്ന് മടങ്ങിയെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെയും തൊഴില്‍ രംഗത്ത് കടുത്ത പ്രതിസന്ധിയാണ് കൊറോണ സൃഷ്ടിച്ചത്. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ എല്‍ ഒ)യുടെ വിലയിരുത്തല്‍ പ്രകാരം 2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് ഉണ്ടായതിനേക്കാള്‍ നാലിരട്ടി തൊഴില്‍ നഷ്ടമാണ് കൊറോണ വ്യാപനത്തില്‍ സംഭവിച്ചത്. ബിസിനസ്സുകള്‍ക്കും പൊതുജീവിതത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള എല്ലാ പ്രവൃത്തി സമയങ്ങളുടെയും 8.8 ശതമാനം നഷ്ടപ്പെട്ടതായി ഐ എല്‍ ഒ കണക്കാക്കുന്നു. 1930കളിലെ മഹാ മാന്ദ്യത്തിനു ശേഷം, തൊഴില്‍ ലോകത്തെ സംബന്ധിച്ചിടത്തോളമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയാണിതെന്ന് ഐ എല്‍ ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറയുന്നു. തൊഴിലാളികളുടെ വരുമാനത്തിലുള്ള തകര്‍ച്ച അവര്‍ ഭാഗമായ മൊത്തം സമൂഹത്തിലേക്ക് അരിച്ചിറങ്ങും. തൊഴില്‍ നഷ്ടവും അത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും അതിജീവിക്കണമെങ്കില്‍ ഇന്ത്യക്ക് നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധപക്ഷം.