Connect with us

Kerala

നിയമലംഘകര്‍ ജാഗ്രതൈ; ക്ലബ്ബ് ഹൗസിലും കേരള പോലീസ് 'പട്രോളിംഗ്' തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം | സാമൂഹിക മാധ്യമങ്ങളില്‍ ജനപ്രിയത ഏറിവരുന്ന ആപ്പായ ക്ലബ് ഹൗസില്‍ കേരള പോലീസും അക്കൗണ്ട് തുറന്നു. കെ പി എസ് എം സെല്‍ എന്ന യൂസര്‍ ഐ ഡിയിലാണ് കേരള പോലീസ് പുതിയ അക്കൗണ്ട് ആരംഭിച്ചത്. “നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും”, എന്ന തലക്കെട്ടോടെ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ചിത്ര സഹിതം ട്രോള്‍ രൂപത്തിലാണ് ക്ലബ്ബ് ഹൗസിലേക്കുള്ള വരവ് മലയാളികളെ പോലീസ് അറിയിച്ചിരിക്കുന്നത്. ക്ലബ്ബ് ഹൗസിലെ വ്യാജ ഐ ഡികള്‍ സംബന്ധിച്ച് നിരവധി പ്രമുഖര്‍ പരാതികളുമായി വന്നതോടെയാണ് ക്ലബ് ഹൗസിലും “പട്രോളിങ്” നടത്താന്‍ പോലീസ് തീരുമാനിച്ചത്.

കഴിഞ്ഞ മാസം ആന്‍ഡ്രോയ്ഡിലും ക്ലബ് ഹൗസ് എത്തിയതോടെയാണ് സ്വീകാര്യത വര്‍ധിച്ചത്. കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇന്‍വൈറ്റ് സംവിധാനം ഒഴിവാക്കാനാണ് ആപ്പ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 20 ലക്ഷം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളാണ് ക്ലബ് ഹൗസിനുള്ളത്.

നിലവില്‍ 400 കോടി ഡോളര്‍ മൂല്യമാണ് ആപ്പിനുള്ളത്. ട്വിറ്റര്‍ സ്പേസസ് പോലുള്ള എതിരാളികളുമായി മത്സരിക്കുക ലക്ഷ്യമിട്ടാണ് കൂടുതല്‍ ജനകീയ ഫീച്ചറുകള്‍ ക്ലബ് ഹൗസ് പരീക്ഷിക്കുന്നത്. ശബ്ദം മാത്രം കേള്‍ക്കാവുന്ന ആപ്പ് ആയതിനാല്‍ ചൂടേറിയ സംവാദങ്ങളും ചര്‍ച്ചകളും മാത്രമല്ല വെറുംവര്‍ത്തമാനങ്ങളും കൊണ്ട് സജീവമാണ് ആപ്പ്.