Kerala
സമതുലിത ബജറ്റെന്ന് വ്യാപാരി സമൂഹം; കച്ചവടക്കാര്‍ക്ക് ആശ്വാസം പകരണമെന്ന് ആവശ്യം

കോഴിക്കോട് | കൊവിഡ് രണ്ടാം തരംഗത്തിന്റെ കടുത്ത പ്രതിസന്ധിക്കിടിയിലും സമതുലിതമായ ബജറ്റ് അവതരിപ്പിച്ചത് വ്യാപാര- വ്യവസായ സമൂഹത്തിനിടയില്‍ ആശ്വാസം പകർന്നു. ആവശ്യമായ മേഖലകളില്‍ അധിക തുക അനുവദിച്ച് കൊണ്ടുള്ള സമതുലിത ബജറ്റാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെതെന്ന് മലബാര്‍ ചേംബര്‍ വിലയിരുത്തി. ടൂറിസം മേഖലയില്‍ മാര്‍ക്കറ്റിങ്ങിന്റെ അപര്യാപ്തതയെക്കുറിച്ച് മലബാര്‍ ചേംബര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം 50 കോടി രൂപ കൂടുതലായി അനുവദിച്ചത് ഗുണപ്രദമാണെന്ന് ചേംബര്‍ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് സിറാജ് ലെെവിനോട് പറഞ്ഞു.
മലബാര്‍ ടൂറിസം സര്‍ക്യൂട്ടിനു വേണ്ടി മലബാര്‍ ചേംബര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇപ്പോള്‍ മലബാര്‍ ലിറ്റററി ടൂറിസം സര്‍ക്യൂട്ട് അനുവദിച്ചത് കൊവിഡ് മഹാമാരി മൂലം തകര്‍ന്നു കിടക്കുന്ന ടൂറിസം വ്യവസായത്തിന് ഒരു താങ്ങായി തീരും. കോസ്റ്റല്‍ ഹൈവേയുടെ നിര്‍മ്മാണം മുന്‍ഗണനാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും എന്നു പറഞ്ഞതും, 25 കി. മീറ്റര്‍ ഇടവിട്ട് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനുള്ള തീരുമാനവും ഫണ്ടനുവദിച്ചതും ഉചിതമായി.
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുവാനുള്ള തീരുമാനവും അതിനായി 1000 കോടി രൂപ വകയിരുത്തിയതും മഹാമാരിയെ നിയന്ത്രിക്കുവാനുള്ള നീക്കങ്ങള്‍ക്ക് കരുത്തേകും. കൊവിഡ് നിയന്ത്രണത്തിന് മൊത്തം 20,000 കോടി വകയിരുത്തിയത് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ പ്രതിബദ്ധത എടുത്തു കാട്ടുന്നു. വില്ലേജ് ഓഫീസുകള്‍, കൃഷിഭവനുകള്‍ എന്നിവ സ്മാര്‍ട്ടാക്കുവാനുള്ള തീരുമാനവും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‌ലൈനായി നല്‍കുവാനുള്ള തീരുമാനവും ഗുണകരമാണ്. വാണിജ്യാവശ്യങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കുവാനുള്ള നടപടികള്‍ തളര്‍ന്നു കിടക്കുന്ന മേഖലക്ക് ഊര്‍ജ്ജം പകരുമെന്ന് കെ വി ഹസീബ് അഹമ്മദ് പറഞ്ഞു.
കോവിഡ്19 പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തില്‍ ആരോഗ്യപദ്ധതികള്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ട് സൗജന്യ വാക്സിനേഷന് 1000 കോടി രൂപയും വാക്സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപയും ഉപജീവനം നഷ്ടപ്പെട്ടവര്‍ക്കായി നേരിട്ടെത്തിക്കാന്‍ 8,900 കോടി രൂപയും അടക്കം പ്രഖ്യാപിച്ച കേരളാ ബജറ്റ് സ്വാഗതാര്‍ഹമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ സിറാജ് ലെെവിനോട് പറഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ വിനോദ സഞ്ചാര മേഖലക്ക് കോവിഡ്19 വ്യാപനം മൂലം കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. ടൂറിസം മേഖലയെ ഉത്തേജിപ്പിക്കണമെങ്കില്‍ രാജ്യത്തു വാക്സിനേഷന്‍ പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇതുവഴി വിദേശ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും തകര്‍ന്നു കിടക്കുന്ന ടൂറിസംമേഖലയെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടു.
മലബാര്‍ ടൂറിസം ലിറ്റററി സര്‍ക്യൂട് പദ്ധതികള്‍ക്കായി 50 കോടി ബജറ്റില്‍ നീക്കി വെച്ചതും പ്രവാസികള്‍ക്കായി പുനരധിവാസവായ്പ, ചെറുകിട കച്ചവടക്കാര്‍ക്കുള്ള പലിശയിളവ്, എം.എസ്.എം.ഇ സ്റ്റാര്‍ട്ട്അപ്പ് വായ്പകള്‍, നാനോപലിശ സഹായം എന്നിവയും തീരദേശ സംരക്ഷണ പദ്ധതികളും കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും അതിനോടനുബന്ധിച്ചുള്ള വാല്യൂ ആഡെഡ് ഉല്‍പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുംവിധം അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. ഇതോടൊപ്പം വികസനപ്രവര്‍ത്തനങ്ങളും കടം വാങ്ങിയായാലും മുന്നോട്ടു കൊണ്ടുപോകുമെന്നുള്ള പ്രഖ്യാപനം ഒരു നല്ല സൂചനയായി കാണുന്നുവെന്നും ചേംബര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ വര്‍ഷങ്ങളായി കോവിഡ്19, പ്രളയങ്ങള്‍, നിപ്പ, നോട്ട് നിരോധനം എന്നിവ മൂലം വളരെയേറെ നഷ്ടങ്ങള്‍ സഹിച്ച ചെറുകിട കച്ചവടക്കാര്‍ക്ക് പ്രളയത്തിന് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ പോലും ലഭ്യമായില്ലെന്നിരിക്കെ തീരെ കച്ചവടം ഇല്ലാതായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ആശ്വാസം എന്ന നിലയില്‍ അവരെ സഹായിക്കാന്‍ എന്തെങ്കിലും പദ്ധതികളോ പാക്കേജുകളോ ബജറ്റില്‍ ഇല്ലെന്നത് നിരാശയുളവാക്കുന്നു. ചെറുകിട കച്ചവടക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരമെങ്കിലും പ്രഖ്യാപിച്ചു കാണാത്തതില്‍ നിരാശയുണ്ടെന്നും മുന്‍ പ്രസിഡണ്ട് ടി പി അഹമ്മദ് ചൂണ്ടിക്കാട്ടി.
തൊഴില്‍ദായക പദ്ധതികള്‍ക്കായി വര്‍ഷങ്ങളായി കേഴുന്ന മലബാര്‍ മേഖല ഇപ്പോഴും അവഗണിക്കപ്പെട്ടുതന്നെ കിടക്കുകയാണ്. ജി.എസ്.ടി വിഹിതം ലഭ്യമാവാത്തതു വലിയ ദുര്യോഗമെന്നും ചേംബര്‍ വിലയിരുത്തി.
കൊവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് പ്രതീക്ഷനല്‍കുന്ന ഒന്നും ബജറ്റിലില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പ്രതികരിച്ചു.
ചെറുകിട വ്യാപാരം നശിക്കാന്‍ പോവുകയാണ്. നേരത്തെ നശിച്ച വ്യവസായങ്ങളൊന്നും പിന്നീട് തലയുയര്‍ത്തിയിട്ടില്ല. കല്ലായിലെ മരവ്യവസായവും കോഴിക്കോട്ടെ നെയ്തുവ്യവസായങ്ങളും ഇതിനുദാഹരണമാണ്. പത്തുലക്ഷത്തോ ളം പേര്‍ തൊഴിലെടുക്കുന്ന വ്യാപാര മേഖലക്കായി ഒരു മന്ത്രാലയം ഇല്ലാ എന്നത് ഖേദകരമാണ്. എല്ലാ വിഭാഗത്തിനു വകുപ്പും മന്ത്രിയും ഉണ്ടായിട്ടും വ്യാപാരികളുടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഠആരുമില്ല. പുതിയ തലമുറയിലെ വ്യാപര രംഗത്തേക്ക് ആകര്‍ഷിച്ചില്ലെങ്കില്‍ ചെറുകിട വ്യാപാരം കുറ്റിയറ്റുപോകും. കൊവിഡ് കാലത്തെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ വ്യാപാരികള്‍ക്ക് ബാങ്ക് വായ്കള്‍ നല്‍കുക, നഷ്ടപരിഹാരമെന്ന നിലയില്‍ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു.