Connect with us

കോഴിക്കോട് | എന്‍ ഡി എയില്‍ ചേരാന്‍ സി കെ ജാനു വിനു ബി ജെ പി 10 ലക്ഷം രൂപ നല്‍കിയതിനു പുറേെമ തിരഞ്ഞെടുപ്പു പ്രചാരണത്തിനും പണം നല്‍കിയതായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ ആര്‍ പി) ട്രഷറര്‍ പ്രസീത അഴീക്കോട് സിറാജ് ഓണ്‍ലൈനോടു വെളിപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കാന്‍ ബി ജെ പി സി കെ ജാനുവിനേയും കരുവാക്കുകയായിരുന്നു എന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

ബി ജെ പി മണ്ഡലത്തിലേക്കു നല്‍കിയ പണവും സി കി ജാനു നേരിട്ടാണു കൈകാര്യം ചെയ്തത്. ഇത് എത്രകോടിയാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയെ ഉപയോഗിച്ചു വന്‍ വോട്ടു കച്ചവടമാണ് നടത്തിയെന്നും പ്രസീത വെളിപ്പെടുത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെലവിനായി ഒരു ലക്ഷം രൂപ സുരേന്ദ്രനില്‍ നിന്നു നേരിട്ടു കൈപ്പറ്റിയതായി അവര്‍ സമ്മതിക്കുന്നു.

സാമ്പത്തിക ഇടപാടിന്റെ പേരില്‍ പാര്‍ട്ടി നടപടിക്കു വിധേയമാക്കിയിരുന്ന സി കെ ജാനുവിനെ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് പാര്‍ട്ടിയില്‍ കൊണ്ടുവന്നു വയനാട്ടില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറായത്.തിരഞ്ഞെടുപ്പിനു ശേഷം സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു പാര്‍ട്ടിയുടെ വാട്‌സാപ്പില്‍ ഗ്രുപ്പില്‍ ചര്‍ച്ച നടന്നപ്പോഴാണ് സുരേന്ദ്രനുമായുള്ള സംഭാഷണം ഗ്രൂപ്പില്‍ ഇട്ടത്. അവിടെനിന്നാണ് ഇക്കാര്യം പുറത്തുപോയത്. ഇത്തരമൊരു വാര്‍ത്ത വന്നതിനു ശേഷം സി കെ ജാനുവോ ബി ജെ പി നേതാക്കളോ ബന്ധപ്പെട്ടിട്ടില്ല.

കോട്ടയത്തു നടന്ന ചര്‍ച്ചയില്‍ ബി ജെ പി നേതൃത്വത്തോട് ബത്തേരി സീറ്റും ക്യാബിനറ്റ് പദവിയും പത്തുകോടി രൂപയുമാണ് സി കെ ജാനു ആവശ്യപ്പെട്ടത്. പണം ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ ജൂണ്‍ ഒന്നിനു പാര്‍ട്ടി വിശദീകരണം തേടിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു മാറി നില്‍ക്കാമെന്ന് ജാനു തന്നെയാണ് അറിയിച്ചത്. പാര്‍ട്ടി അറിയാതെ വോട്ടു കച്ചവടം നടത്തിയതിന് ജാനുവിന്റെ പേരില്‍ നടപടി സ്വീകരിച്ചതായും അവര്‍ പറഞ്ഞു.