Connect with us

കോഴിക്കോട് | കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കേരളത്തില്‍ കോടികളുടെ കുഴല്‍പ്പണമൊഴുകിയത് വെളിപ്പെട്ടു തുടങ്ങിയതോടെ ബി ജെ പി കടുത്ത രാഷ്്ട്രീയ പ്രതിസന്ധിയിലേക്ക്. ആദിവാസി വിഭാഗങ്ങളുടെ പിന്‍തുണയുണ്ടെന്നു കരുതുന്ന സി കെ ജാനുവിന്റെ പാര്‍ട്ടിയെ ബി ജെ പി സഖ്യത്തില്‍ എത്തിക്കാന്‍ പണം നല്‍കിയതു സംബന്ധിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ നേതൃത്വം കൂടുതല്‍ കുരുക്കിലാവുകയാണ്.

സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തിയത്. ഇതോടെ തൃശൂര്‍ കേന്ദ്രീകരിച്ചു നടന്ന കുഴല്‍പ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലാവുകയാണ്. ജാനു 10 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും അവരുടെ ബാധ്യത തീര്‍ക്കാന്‍ തത്കാലം 10 ലക്ഷം നല്‍കിയാല്‍ അവര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രസീത സുരേന്ദ്രനുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാര്‍ച്ച് ആറിനു ജാനുവിന് പണം നല്‍കിയെന്നാണ് പ്രസീതത പറയുന്നത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്ന ആരോപണങ്ങള്‍ക്കു ശക്തമായ തെളിവാകുകയാണ് ഈ സാമ്പത്തിക ഇടപാട്.

കൊടകരയിലെ കവര്‍ച്ചാ കേസില്‍ നഷ്ടമായ കോടികളുടെ കുഴല്‍പ്പണം ബി ജെ പിയുടെ പണം തന്നെ എന്നതിനു നിരവധി തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ട പണം കണ്ടെത്താന്‍ ബി ജെ പി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതിന്റെ സൂചന കേസ് അന്വേഷിക്കുന്ന സംഘം കണ്ടെത്തിയിരുന്നു. കൊടകര കേസില്‍ പോലീസിന് പരാതി ലഭിച്ച് അന്വേഷണം തുടങ്ങിയ അതേസമയത്താണ് ബി ജെ പി നേതൃത്വം സ്വന്തം നിലയില്‍ നഷ്ടമായ പണം കണ്ടെത്താനായി അന്വേഷണം നടത്തിയത്.

നിലവില്‍ പോലീസ് അന്വേഷിക്കുന്ന എല്ലാ നേതാക്കളുടേയും മൊഴികളില്‍ വ്യക്തത വന്നശേഷം ബി ജെ പിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കാത്തിരിക്കെയാണ് സി കെ ജാനുവിനു പണം കൈമാറിയെന്ന ആരോപണം ഉയര്‍ന്നത്.
ഇതിനിടെ, താരതമ്യേനെ ചെറിയ സംസ്ഥാനമായ കേരളത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് റോഡ് മാര്‍ഗം കുഴല്‍പ്പണം കടത്തുമ്പോഴുള്ള ഭീഷണി ഒഴിവാക്കാന്‍ വേണ്ടി ആയിരുന്നു എന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

400 കോടിയിലേറെ രൂപയാണ് കേരളത്തില്‍ തിരഞ്ഞെടുപ്പു കാലത്ത് കള്ളപ്പണമായി എത്തിയത് എന്നാണ് സൂചന. ഇതില്‍ 150 കോടിയില്‍ താഴെ മാത്രമാണ് ചെലവിട്ടത്. ബാക്കി പണം ഉന്നതങ്ങളിലെ കുറച്ചു നേതാക്കള്‍ കൈക്കലാക്കിയെന്നാണ് ആരോപണം. തൃശൂരില്‍ കുഴല്‍പ്പണം കവര്‍ച്ച നാടകം സൃഷ്ടിച്ചതും നേതാക്കളുടെ അറിവോടെയായിരുന്നുവെന്നാണു വിവരം.

ചില മണ്ഡലങ്ങളില്‍ അഞ്ചു കോടിയോളം രൂപ സ്ഥാനാര്‍ഥികള്‍ക്കു നല്‍കിയിരുന്നു. കൈയ്യില്‍ കിട്ടിയ പണം പോലും പല സ്ഥാനാര്‍ഥികളും ചെലവാക്കിയില്ലെന്നും ആരോപണമുണ്ട്. കേരളത്തില്‍ ബി ജെ പി സ്ഥാനാര്‍ഥികളാകാനുള്ള മത്സരത്തിനു പിന്നില്‍ കേന്ദ്രത്തില്‍ നിന്ന് ഒഴുകിവരുന്ന ഈ കോടികളാണ്.

കുഴല്‍പ്പണ വിവാദം ഉയര്‍ന്നപ്പോള്‍, കള്ളപ്പണ ഇടപാടില്‍ ബി ജെ പി ക്കു പങ്കില്ലെന്നും ബി ജെ പി തിരഞ്ഞെടുപ്പു ഫണ്ട് മുഴുവന്‍ ചെലവഴിച്ചത് ബാങ്ക് ഇടപാടുവഴിയാണെന്നു നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍ സി കെ ജാനുവിനു നേരിട്ടു പണം കൈമാറിയെന്ന വിവരം പുറത്തു വന്നതോടെ കുഴല്‍പ്പണം വ്യാപകമായി ഉപയോഗിച്ചതായി വ്യക്തമാവുകയാണ്.

തിരഞ്ഞെടുപ്പ്് പരാജയത്തിന്റെ കനത്ത ആഘാതത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന ബി ജെ പിയില്‍ കുഴല്‍പ്പണ ഇടപാട് ആഭ്യന്തര സംഘര്‍ഷത്തിനും കാരണമാകുന്നു. തിരഞ്ഞെടുപ്പിനായി വന്ന പണം തട്ടിയെടുത്ത നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പിനു മുമ്പെ പാര്‍ട്ടിയില്‍ രൂക്ഷമായിരുന്ന ഗ്രൂപ്പ് സംഘര്‍ഷം ഒതുക്കാനും കോടികള്‍ ഒഴുക്കിയെന്നാണു സൂചന.

ഒരു എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രത്തില്‍ നിന്ന് അഞ്ചു കോടി രൂപയാണ് നല്‍കിയത്. ഈ കാറ്റഗറിയില്‍ കേരളത്തില്‍ 40 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. 59 ബി ക്ലാസ് മണ്ഡലങ്ങള്‍ക്ക് രണ്ടു മുതല്‍ നാലു കോടി രൂപ വരെയാണു നല്‍കിയിത്. 41 സി ക്ലാസ് മണ്ഡലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടു കോടി വരേയും കേന്ദ്ര നേതൃത്വം നല്‍കി.

എന്നാല്‍ സ്വന്തക്കാരെ സ്ഥാനാര്‍ഥിയാക്കി ഫണ്ട് വിഹിതത്തിന്റെ ഒരു വിഹിതം മാത്രം നല്‍കുകയും ബാക്കി നേതാക്കള്‍ തട്ടിയെടുക്കുകയും ചെയ്തു എന്ന ആരോപണവുമായി നിരവധി ചെറുകിട നേതാക്കളും സ്ഥാനാര്‍ഥികളും രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളൊന്നും ഈ കുഴല്‍പ്പണ ഇടപാട് അന്വേഷിക്കാന്‍ എത്തില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് ദുരൂഹമായ പണം കേരളത്തില്‍ കൈകാര്യം ചെയ്തത് എന്നാണ് വിവിധ നേതാക്കള്‍ പറയുന്നത്.
കുഴല്‍പ്പണത്തിന്റെ പേരില്‍ ആരോപണം ശക്തമായതോടെ ദേശാഭിമാനത്തിനു മുറിവേറ്റ ആര്‍ എസ് എസ് സ്വന്തം നിലയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----