Connect with us

Articles

ഈ സര്‍ക്കാറിനെ എങ്ങനെ വിശ്വസിക്കും?

Published

|

Last Updated

വീണ്ടും പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വരുന്നു എന്ന പ്രഖ്യാപനമാണ് ഇക്കഴിഞ്ഞ മെയ് 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഗുജറാത്ത്, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലെ 13 കലക്ടര്‍മാര്‍ക്ക് പൗരത്വം സംബന്ധിച്ച സാക്ഷ്യപത്രം നല്‍കാനുള്ള അധികാരം നല്‍കുന്ന ഉത്തരവാണിത്. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വന്ന് ദീര്‍ഘ കാലമായി താമസിക്കുന്ന, അന്നാട്ടുകാരിലെ ന്യൂനപക്ഷക്കാരായ ആറ് മതവിഭാഗക്കാര്‍ക്ക് (ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാഴ്‌സി, ക്രൈസ്തവര്‍) പൗരത്വം നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുകയാണ് ഇതിലൂടെ. 2019ല്‍ പാസ്സാക്കിയെങ്കിലും ഇതുവരെ ചട്ടങ്ങള്‍ രൂപപ്പെടുത്താത്തതിനാല്‍ നടപ്പാക്കാത്ത വിവാദ പൗരത്വ നിയമ ഭേദഗതിയുമായി ഈ ഉത്തരവിന് നേരിട്ട് ബന്ധമൊന്നും ഇല്ല. ഇതിനു സമാനമായ ഉത്തരവുകള്‍ 2016ലും 2018ലും കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിട്ടുമുണ്ട്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ വന്നിട്ടുള്ള, കൈവശം രേഖകള്‍ ഇല്ലാത്ത ആറ് മതവിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നല്ലോ 2019ലെ നിയമ ഭേദഗതി. ഇപ്പോഴത്തെ ഉത്തരവ് നിയമപരമായി കുടിയേറ്റം നടത്തിയവര്‍ക്കാണ് ബാധകമാകുന്നത്. 1955ലെ പൗരത്വ നിയമത്തിന്റെ അഞ്ചാം വകുപ്പനുസരിച്ച് അപേക്ഷ നല്‍കിയവര്‍ക്കാണ് ഇത് ബാധകമാകുക. പൗരത്വ നിയമ ഭേദഗതി ഇല്ലെങ്കിലും ഇവര്‍ക്ക് പൗരത്വം കിട്ടും. എന്നാല്‍ പുതിയ ഭേദഗതി വഴി ഇവരുടെ പൗരത്വം വേഗത്തില്‍ ലഭിക്കും. ഈ ഭേദഗതിയില്‍ ഇവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കേണ്ട കാലാവധി പതിനൊന്നില്‍ നിന്ന് അഞ്ചാക്കി കുറച്ചു. ഒരു ഭേദഗതിയും ഇല്ലെങ്കിലും 2014ല്‍ ഇവിടെ എത്തിയവര്‍ക്ക് 2025ല്‍ പൗരത്വം ലഭ്യമാകും. എന്നാല്‍ ഇരുപതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൗരത്വം ലഭിക്കാത്ത നിരവധി പേര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. അവര്‍ നിയമപരമായ രേഖകള്‍ ഉള്ളവര്‍ ആണ്. ദീര്‍ഘകാല വിസ ഉള്ളവര്‍. പൊതുവെ ദീര്‍ഘകാല വിസ എന്നത് പൗരത്വത്തിനുള്ള മുന്നോടിയുമാണ്. ഓണ്‍ലൈന്‍ ആയി ഇവര്‍ അപേക്ഷിച്ചാല്‍ കേന്ദ്ര, സംസ്ഥാന പോലീസ് അധികാരികളുടെ പരിശോധനക്ക് ശേഷം പൗരത്വ സാക്ഷ്യപത്രം കിട്ടും. 2018ല്‍ പൗരത്വ നിയമ ഭേദഗതി നിയമം ചര്‍ച്ച ചെയ്ത വേളയില്‍ പാര്‍ലിമെന്ററി സമിതിക്കു മുന്നില്‍ ആഭ്യന്തര വകുപ്പ് വെച്ച രേഖകള്‍ പ്രകാരം ആ സമയത്ത് ഇന്ത്യയില്‍ 31,313 പേര്‍ (പാക്കിസ്ഥാനില്‍ ന്യൂനപക്ഷ പീഡനം മൂലം അഭയം തേടിയെത്തിയവര്‍ എന്നവകാശപ്പെടുന്നവര്‍) ഉണ്ട്. ഇതില്‍ 25,447 പേര്‍ ഹിന്ദുക്കളും 5,807 പേര്‍ സിഖുകാരും ആണ്. ബാക്കി മറ്റു മതസ്ഥരും. പൗരത്വം ഭരണഘടന പ്രകാരം കേന്ദ്ര വിഷയമാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ അധികാരം അവര്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് കൈമാറാറുണ്ട്.

പ്രത്യക്ഷത്തില്‍ ഈ ഉത്തരവില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല എന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. ഇതിന്റെ അടിസ്ഥാനം പൗരത്വ ഭേദഗതി അല്ല. പക്ഷേ പ്രശ്‌നം അതല്ല. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിന്റെ രാഷ്ട്രീയ വര്‍ഗീയ നിലപാടുകള്‍ നമുക്കറിയാം. കൊവിഡ് മഹാമാരിയുടെ കാലത്തു തന്നെ ജനവിരുദ്ധമായ, ഒട്ടേറെ മനുഷ്യരില്‍ ആശങ്ക വളര്‍ത്തുന്ന ഭേദഗതി നിയമം എന്തിനു കൊണ്ടുവന്നു എന്ന ചോദ്യത്തിന് അവര്‍ കൃത്യമായ മറുപടി പറയുന്നില്ല. പൗരത്വത്തിന്റെ അടിസ്ഥാനം മതം ആക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനപരമായ തകരാറ്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെങ്കില്‍ ഇത് തെറ്റാണ്. എന്നാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന് അംഗീകരിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ നിലപാടുകളെ സംശയത്തോടെ മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ.

യാതൊരു വിധ രേഖകളും ഇല്ലാതെ വിവിധ മതസ്ഥരായ ജനങ്ങള്‍ പല കാലങ്ങളായി ഇന്ത്യയില്‍ അഭയം തേടി എത്തിയിട്ടുണ്ട്. അവരെ മതപരമായ വിവേചനമൊന്നും കൂടാതെ നമ്മള്‍ സ്വീകരിച്ചിട്ടുമുണ്ട്. എട്ട് വ്യത്യസ്ത രീതികളില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടാമെന്ന് നിയമം പറയുന്നു. അതില്‍ എവിടെയും മതപരമായ വിവേചനം ഇല്ല. ഇവര്‍ കൊണ്ടുവന്ന നിയമ ഭേദഗതിയുടെ പ്രശ്‌നം പുറത്തു നിന്ന് വന്നവരേക്കാള്‍, ഇവിടെ തലമുറകളായി ജീവിക്കുന്നവര്‍ക്കാണ് എന്നതാണ് ശരിയായ കാര്യം. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരില്‍ വിശേഷിച്ചും ഇത് സൃഷ്ടിക്കുന്ന ആശങ്കകള്‍ ചെറുതല്ല. പ്രത്യേകിച്ചും നിസ്വരായ ജനങ്ങള്‍ക്ക് തങ്ങള്‍ ഇവിടെ എത്ര കാലമായി ജീവിക്കുന്നെന്ന് അധികൃതരെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. പൗരത്വ നിയമ ഭേദഗതി ആദ്യം നടപ്പാക്കാന്‍ ശ്രമിച്ച അസമിലെ അനുഭവം നമ്മുടെ മുന്നില്‍ ഉണ്ട്. അവിടെ പൗരത്വം നിഷേധിക്കപ്പെട്ടവരില്‍ മഹാ ഭൂരിപക്ഷവും ഹിന്ദു മതവിഭാഗക്കാരായിരുന്നു. ഇതുയര്‍ത്തിയ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പോലും അവിടെ പൗരത്വം തെളിയിക്കാന്‍ ബാധ്യതപ്പെട്ടവര്‍ ആകുമ്പോള്‍ പാവപ്പെട്ടവരുടെ സ്ഥിതി എന്താകും? ഈ ദരിദ്രര്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ കൂടി ആകുമ്പോള്‍ അവര്‍ പുറത്താക്കപ്പെടുമെന്ന് ഉറപ്പാണ്.

അതുകൊണ്ടാണ് ഈ നിയമ ഭേദഗതിക്കെതിരെ ദീര്‍ഘകാലം സന്ധിയില്ലാ സമരം നടത്താന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായത്. ഡല്‍ഹിയില്‍ നടന്ന ഐതിഹാസികമായ ആ സമരത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ജനങ്ങള്‍ തെരുവിലെത്തി. കൊവിഡ് നിയന്ത്രണത്തിന് എന്ന പേരില്‍ ഉണ്ടാക്കിയ കരിനിയമങ്ങള്‍ പ്രയോഗിച്ച് ആ സമരങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ നാം കണ്ടതാണ്. ഈ വിഷയം ഉയര്‍ത്തി ജനങ്ങളെ മതപരമായി വിഭജിച്ച് അതില്‍ നിന്ന് മുതലെടുക്കാനാണ് കേന്ദ്ര ഭരണക്കാര്‍ ശ്രമിക്കുന്നത്. മഹാമാരിയുടെ നിയന്ത്രണത്തില്‍ ഉണ്ടായ ദയനീയ പരാജയം ഇത്തരത്തില്‍ മറച്ചു പിടിക്കാനാണ് ശ്രമം. ഇടക്കിടക്ക് റേഡിയോയില്‍ കൂടി നമ്മെ ഉത്‌ബോധിപ്പിക്കുന്നതൊഴിച്ചാല്‍ ഒന്നും ചെയ്തില്ല. മരുന്ന് കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ എല്ലാ വിധ ഒത്താശകളും ചെയ്തു കൊടുത്തു. ഇപ്പോള്‍ പറയുന്നത് വിദേശത്തു നിന്ന് സംസ്ഥാനങ്ങള്‍ നേരിട്ട് മരുന്ന് വാങ്ങണം എന്നാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ഉടനെ തന്നെ ഇന്ധന വിലകള്‍ കൂട്ടിയുള്ള കൊള്ള പുനരാരംഭിച്ചു കഴിഞ്ഞു. മെയ് മാസത്തില്‍ മാത്രം 15 തവണയാണ് വില കൂട്ടിയത്. ഏറ്റവുമൊടുവില്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് നേരേ ഫാസിസത്തിന്റെ വാള്‍ ഉയര്‍ത്തിയിരിക്കുന്നു. അതിനുള്ള കാരണമായി പറയുന്നത് അവര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്തു എന്നാണ്. ഇത് തന്നെയാണ് അടിസ്ഥാനപരമായ വിഷയവും. ഇതുകൊണ്ടെല്ലാം തന്നെ പൗരത്വം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് നടപടിയും മതേതര വിശ്വാസികളില്‍, സമാധാന പ്രേമികളില്‍ ആശങ്ക ഉണര്‍ത്തുന്നത് സ്വാഭാവികം മാത്രം. ചൂടുവെള്ളത്തില്‍ ഒരിക്കല്‍ വീണ പൂച്ച പോലെയാണ് നമ്മള്‍.

സി ആര്‍ നീലകണ്ഠന്‍

---- facebook comment plugin here -----

Latest