Connect with us

National

രാജ്യത്ത് കൊവിഡ് മഹാമാരി അനാഥരാക്കിയത് 9,346 കുട്ടികളെയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ദുരന്തം വിതച്ച കൊവിഡ് മഹാമാരിയില്‍ 9,346 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ചെയ്തതായ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇന്ന് സുപ്രീം കോടതിയിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. മെയ് 29 വരെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച കണക്കാണിത്. പകര്‍ച്ചവ്യാധി മൂലം 4,451 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടതായും 141 കുട്ടികള്‍ക്ക് രണ്ട് മാതാപിതാക്കളെയും നഷ്ടപ്പെട്ടതായും ജസ്റ്റിസുമാരായ എല്‍ എന്‍ റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ പ്രത്യേകം സമര്‍പ്പിച്ച കുറിപ്പില്‍ മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചു.

2,110 കുട്ടികളോടെ ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. ബീഹാറില്‍ 1,327, കേരളത്തില്‍ 952, മധ്യപ്രദേശില്‍ 712 എന്നിങ്ങനെയാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. ബാലാവകാശ കമ്മീഷന്റെ വെബ്‌സൈറ്റായ”ബല്‍ സ്വരാജ്”ല്‍ ജൂണ്‍ 7 വരെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് തുടരണമെന്നും കൊവിഡ് ബാധിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

സഹായം ആവശ്യമായ കുട്ടികളെ തിരച്ചറിയുകയും അനാഥരായ അല്ലെങ്കില്‍ ഒരു രക്ഷിതാവിനെ നഷ്ടപ്പെട്ട സാമ്പത്തിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Latest