Connect with us

Kerala

ഹാജിമാര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കും: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം | 2021ലെ ഹജ്ജ് തീര്‍ഥാനത്തിന് പുറപ്പെടാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് കൃത്യസമയത്ത് രണ്ടാം ഡോസ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. നിശ്ചിത സമയത്ത് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ഹജ്ജ് അപേക്ഷര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ഹജ് യാത്രക്ക് 14 ദിവസം മുമ്പ് എടുക്കുന്നതിന് ക്രമീകരണം വരുത്തിയതായി ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ അറിയിച്ചതായി സി മുഹമ്മദ് ഫൈസി വ്യക്തമാക്കി.

നടപടികളുടെ ഭാഗമായി വിശദമായ ഗൈഡ് ലൈന്‍ സൗദിഅറേബ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒന്നാം ഡോസ് മെയ് 13 ന്( ഹിജ്റ മാസം ശവ്വാല്‍-1 ) മുമ്പും രണ്ടാം ഡോസ് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പും എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ആക്ഷന്‍പ്ലാന്‍ പ്രകാരം, ഈ വര്‍ഷത്തെ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് യാത്ര ജൂണ്‍ 26ന് ആരംഭിക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ക്കിടയില്‍ ഉള്ള ചുരുങ്ങിയ ഇടവേള 84 ദിവസമാണ്. അതുപ്രകാരം ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് മുന്‍പ് രണ്ടാം ഡോസ് എടുത്ത് ഹജ് യാത്ര ചെയ്യാന്‍ സാധിക്കുകയില്ല.

അതിനാല്‍ കേരളത്തില്‍ നിന്നും ഹജ്ജ് യാത്രയ്ക്ക് അപേക്ഷിച്ച്, കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതിനുള്ള ഇടവേള 4 -6 ആഴ്ചയായി ചുരുക്കി ക്രമീകരിക്കുന്നതിനും, ഹജ് അപേക്ഷകരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഹജ് കമ്മിറ്റി ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഹജ് കാര്യവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിക്കുകയും, നിശ്ചിത സമയത്ത് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ഹജ് യാത്രക്ക് 14 ദിവസം മുമ്പ് എടുക്കുന്നതിന് ക്രമീകരണം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് സി മുഹമ്മദ് ഫൈസി അറിയിച്ചു.

യോഗത്തില്‍ വകുപ്പ് മന്ത്രിക്ക് പുറമെ ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മെമ്പര്‍ അനസ് ഹാജി, വകുപ്പ് സെക്രട്ടറിമാര്‍, കോഓര്‍ഡിനേറ്റര്‍ അഷ്റഫ് അരയന്‍കോട് പങ്കെടുത്തു.

Latest