Connect with us

National

മെഹുല്‍ ചോക്‌സിയെ വിട്ടുകിട്ടാന്‍ ആവശ്യമായ രേഖകള്‍ ഇന്ത്യ ഡൊമിനിക്കക്ക് കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി | സഹസ്ര കോടികളുടെ പി എന്‍ ബി വായ്പാ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ വിട്ടുകിട്ടുന്നതിന് ആവശ്യമായ രേഖകള്‍ ഇന്ത്യ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കക്ക് അയച്ചു. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് കടക്കന്‍ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനിക്കയില്‍ വെച്ച് മെഹുല്‍ ചോക്‌സി പിടിക്കപ്പെട്ടത്. പിഎന്‍ബി തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ രാജ്യം വിട്ട 62കാരനായ ചോക്‌സി, 2018 മുതല്‍ ആന്റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരന്നു. ഇതിനിടെ ആന്റിഗ്വ പൗരത്വവും ഇയാള്‍ നേടിയിരുന്നു.

കേസ് ഫയലുകള്‍ മാത്രമാണ് ഡൊമിനിക്കക്ക് അയച്ചുനല്‍കിയതെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ അറിയിച്ചു. ഡൊമിനിക്ക, ആന്റിഗ്വ സര്‍ക്കാരുകളുമായി ചേര്‍ന്ന് വിദേശ മന്ത്രാലയം കേസ് ഏകോപിപ്പിക്കുന്നുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ഇന്ത്യ നല്‍കിയ രേഖകള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. അദ്ദേഹത്തെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നതായും അദ്ദേഹം വെളിപ്പെടുത്തി. മെഹുല്‍ ചോക്സിയെ ഡൊമിനിക്കയില്‍ നിന്ന് ആന്റിഗ്വയിലേക്ക് നാടുകടത്തിയാല്‍ പൗരത്വത്തിന്റെ നിയമപരവും ഭരണഘടനാപരവുമായ സംരക്ഷണം നല്‍കുമെന്ന് ആന്റിഗ്വ പ്രധാമന്ത്രി പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതിനിടെ, മെഹുല്‍ ചോക്‌സിയുടെ പുതിയ ചിത്രം ആന്റിഗ്വയില്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഡൊമിനിക്കയില്‍ ജയിലില്‍ കഴിയുന്ന ചോക്‌സിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്ത് തടഞ്ഞു വെച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചോക്സി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയും കോടതി ബുധനാഴ്ച പരിഗണിക്കും. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ചോക്സിയെ ഡൊമിനിക്ക തടവിലാക്കിയിരിക്കുന്നത്.

---- facebook comment plugin here -----

Latest