Connect with us

Ongoing News

പ്രകൃതിയെ പുണർന്ന്...

Published

|

Last Updated

വര: അനീസ് കെ ടി

ജൂൺ അഞ്ചിന് വീണ്ടും ഒരു പരിസ്ഥിതി ദിനം കടന്നെത്തുമ്പോൾ, കൊവിഡ് മഹാമാരിക്കാലത്ത് അസ്തമിച്ചുപോയ സുന്ദർലാൽ ബഹുഗുണയുടെ അസാന്നിധ്യം നമ്മെ ഏറെ വേദനിപ്പിക്കുന്നു.

ഹിമാലയ സാനുക്കളിൽ നിന്നുയർന്ന ആ പരിസ്ഥിതി മന്ത്രം ഇങ്ങു കേരളക്കരയിലും അലയടിച്ചിരുന്നു. രാജ്യത്തെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകരുമായി ബന്ധം പുലർത്തിയിരുന്ന അദ്ദേഹം 2009ലാണ് അവസാനമായി കോഴിക്കോട്ടു വന്നത്. സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചതിന്റെ രജത ജൂബിലിയോടനുബന്ധിച്ച് 2009 ഡിസംബർ 10ന് മലബാർ ക്രിസ്ത്യൻ കോളജിൽ നടന്ന പരിപാടിയിൽ സംബന്ധിക്കാനാണ് അന്ന് ചിപ്‌കോ നായകൻ എത്തിയത്. 1986ൽ മലബാറിൽ ആദ്യമായി എത്തിയ അദ്ദേഹത്തിന് കേരളം ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി അദ്ദേഹം ഇവിടെയെത്തി.
ഇന്ത്യയിലെമ്പാടും ഇപ്പോൾ പടർന്നു നിൽക്കുന്ന പരിസ്ഥിതി ചിന്തയുടെ തായ്്വേരായിരുന്നു സുന്ദർലാൽ ബഹുഗുണ. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്കും ഭരണകൂടത്തിനും ഒരുപോലെ അവബോധം പകരുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഫലം കണ്ടു.
വികസനത്തെക്കുറിച്ചുള്ള ചർച്ചകളിലെല്ലാം പരിസ്ഥിതി എന്ന വിഷയം ഉയർന്നുവന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നു. പരിസ്ഥിതിയെ അടിസ്ഥാനപ്പെടുത്തി രാജ്യത്ത് പ്രസ്ഥാനങ്ങൾ രൂപംകൊണ്ടത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇക്കോളജി എന്ന വാക്കിന്റെ കരുത്തും സൗന്ദര്യവും അദ്ദേഹം ഉയർത്തിപ്പിടിച്ചു.

ഹിമാലയത്തിൽ മനുഷ്യൻ ഏൽപ്പിക്കുന്ന ഓരോ പോറലും വിനാശത്തിലേക്കുള്ള വാതിൽ തുറക്കുന്നതായിരിക്കുമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ഹിമാലയത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഗാന്ധിയൻ മാർഗത്തിൽ നിലയുറപ്പിച്ച അദ്ദേഹം, ഹിമാലയത്തെ സംരക്ഷിച്ചില്ലെങ്കിൽ നിരവധി സംസ്ഥാനങ്ങൾ എണ്ണമില്ലാത്ത ദുരന്തങ്ങൾക്കു സാക്ഷിയാകേണ്ടിവരുമെന്നു വിളിച്ചു പറഞ്ഞു. ഏറ്റവും സാധാരണക്കാരനായി അവർക്കൊപ്പം നിലയുറപ്പിച്ചുകൊണ്ടുള്ള വാക്കുകൾക്ക് സാധാരണ മനുഷ്യർ കാതോർത്തു. തങ്ങളുടെ മണ്ണിനും മരങ്ങൾക്കും പ്രകൃതിക്കും വേണ്ടിയുള്ള ശബ്ദമാണതെന്ന് അവർ തിരിച്ചറിഞ്ഞു.
തെഹ്രി ഡാം നിർമിച്ചാലുണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചപ്പോൾ അധികാര വർഗത്തിന് അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നു മനസ്സിലാക്കി ജനം ആ മനുഷ്യനൊപ്പം നിലയുറപ്പിച്ചു. വൻകിട ജലവൈദ്യുത പദ്ധതികൾ ഹിമാലയത്തിന്റെ മണ്ണിൽ സ്ഥാപിച്ചാലുണ്ടാകാവുന്ന അപകടത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ആ മുന്നറിയിപ്പുകൾക്ക് മനുഷ്യന്റെ അതിജീവനത്തിന്റെ സ്വരമുണ്ടായിരുന്നു.
“ചിപ്‌കോ” എന്ന പേരിൽ അദ്ദേഹം രൂപവത്കരിച്ച പ്രസ്ഥാനം ആ പ്രദേശത്തിന്റെ പൂർണമായ സംരക്ഷണം ഉറപ്പാക്കി. മക്കളേക്കാൾ വാത്സല്യവും സ്‌നേഹവും കരുതലും മരങ്ങൾക്ക് കൊടുത്ത് ചിപ്‌കോ പ്രസ്ഥാനം മുന്നേറിയപ്പോൾ മാനവ സമൂഹത്തിന് അത് വേറിട്ട കാഴ്ചയായി. മരങ്ങളെ കെട്ടിപ്പിടിച്ച് നിന്നുകൊണ്ടുള്ള “ചിപ്‌കോ” എന്ന വാക്കിന് കെട്ടിപ്പിടിക്കുക എന്ന അർഥമായിരുന്നു. അത് ഒരു പ്രസ്ഥാനത്തിന്റെ പേരായി മാറി. ഈ പ്രസ്ഥാനത്തിലൂടെ ലക്ഷക്കണക്കായ മരങ്ങൾക്ക് ആയിരക്കണക്കിനു മനുഷ്യർ അണിനിരന്നു സുരക്ഷാ കവചം തീർത്തതാണ് ഹിമാലയൻ മലനിരകൾ കണ്ടത്.

ഗ്രാമീണരും മരം മുറിക്കാനെത്തുന്ന തൊഴിലാളികളും തമ്മിൽ നിരന്തര സംഘർഷത്തിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്വന്തം ഗ്രാമത്തോട് ചേർന്നുനിൽക്കുന്ന വനപ്രദേശത്ത് നിന്ന് ഗ്രാമീണർക്ക് കാർഷികോപകരണ ശിൽപ്പശാലക്കായി പത്ത് ആഷ് മരങ്ങൾ വേണമെന്ന ആവശ്യം നിരസിച്ച ഉത്തർപ്രദേശ് വനം വകുപ്പ്, അലഹബാദിലെ കായിക ഉത്പന്ന നിർമാതാക്കളായ സൈമൺ കമ്പനിക്ക് ടെന്നീസ് റാക്കറ്റുകൾ നിർമിക്കാൻ 300 മരങ്ങൾക്കായുള്ള കരാർ നൽകി. 1973 ഏപ്രിൽ 24ന് ഈ മരങ്ങൾ മുറിക്കാനായി കമ്പനിയുടെ തൊഴിലാളികൾ എത്തുന്നിടത്ത് നിന്നാണ് ഉത്തരാഖണ്ഡിലെ ചിപ്‌കോ പ്രസ്ഥാനം ശക്തമായ സമരമുഖത്തേക്ക് കടക്കുന്നത്. മരങ്ങളെ കെട്ടിപ്പിടിച്ചു തലമുറകൾക്കു ജീവൻ പകർന്ന ആ പ്രസ്ഥാനത്തിന്റെ നായകനാണ് ഓർമയിലേക്ക് നടന്നു മറഞ്ഞത്.

പ്രകൃതിയെപ്പോലെ തെളിമയുള്ള ജീവിതം നയിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം രാജ്യത്ത് പാരിസ്ഥിതികാവബോധത്തിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചു. പ്രകൃതിയെ ഗൗനിക്കാതെയുള്ള വികസനത്തിന്റെ വക്താക്കൾ ചൊരിഞ്ഞ അധിക്ഷേപങ്ങൾ അദ്ദേഹത്തെ സ്പർശിച്ചില്ല.

അരനൂറ്റാണ്ട് മുമ്പ്, പാരിസ്ഥിതികാവബോധം ജീവൻ വച്ചിട്ടില്ലാത്ത കാലത്താണ് അദ്ദേഹം ജനമനസ്സിൽ പരിസ്ഥിതി ചിന്ത നട്ടുവളർത്തിയത്. അദ്ദേഹം മരങ്ങളെ കെട്ടിപ്പിടിച്ചപ്പോൾ തലമുറകളുടെ സുരക്ഷിത ജീവിതത്തിനുവേണ്ടി അനേകർ ആ വഴി തിരഞ്ഞെടുത്തു.
രാജ്യത്ത് തന്നെ നിരവധി പരിസ്ഥിതി സമരങ്ങൾക്ക് ഊർജം പകരാൻ ബഹുഗുണയുടെ സാന്നിധ്യം കാരണമായി. നർമദ മുതൽ പൂയംകുട്ടിയും അതിരപ്പള്ളിയും വരെയുള്ള നിരവധി പോരാട്ടങ്ങൾക്ക് അദ്ദേഹം പകർന്ന ആവേശവും ഊർജവും ചെറുതായിരുന്നില്ല. ഉത്തരാഖണ്ഡിലെ തെഹ്രിക്കടുത്തുള്ള മരോഡ ഗ്രാമത്തിലാണ് സുന്ദർലാൽ ബാഹുഗുണ ജനിച്ചത്. 800 വർഷം മുമ്പ് ബംഗാളിൽ നിന്ന് തെഹ്രിയിലേക്ക് കുടിയേറിയവരാണ് തന്റെ കുടുംബക്കാരെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കൗമാരകാലത്ത് സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കാളിയായി. 1960 കളിൽ ഉത്തർപ്രദേശിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശത്തെ മലഞ്ചെരുവുകളിൽ തൊട്ടുകൂടായ്മക്കെതിരെ ഗാന്ധിയൻ ആശയങ്ങളിലൂടെ പോരാടി. പിന്നീട് മദ്യവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. പ്രസ്ഥാനത്തിലേക്ക് നിരവധി സ്ത്രീകൾ എത്തിച്ചേർന്നു. ഈയൊരു സമയത്താണ് ഹിമാലയൻ മലനിരകളിലെ ഗ്രാമവാസികളെ വനവിഭവങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് ഉത്തർപ്രദേശ് സർക്കാർ തടഞ്ഞത്. ഗ്രാമീണരായ സ്ത്രീകളെ ഇത് ഏറെ പ്രശ്‌നത്തിലാക്കി. രാജ്യത്തെ എക്കാലത്തെയും ശക്തനായ ഒരു പരിസ്ഥിതിവാദിയുടെ രൂപവത്കരണത്തിന് ഈ സംഭവങ്ങൾ കാരണമായി. 94 ാം വയസ്സിൽ ഋഷികേശിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിക്കുന്നത്.

Latest