Connect with us

Kerala

സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി വേദനാജനകം: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ മുസ്ലിം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശയുളവാക്കുന്നതുമായ ഒന്നാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വിദ്യാഭ്യാസ തൊഴില്‍ പ്രാതിനിധ്യ രംഗത്തെ മുസ്ലിം പിന്നോക്കാവസ്ഥ ഇന്ന് വാദിച്ചുറപ്പിക്കേണ്ട ഒരു വിഷയമല്ല. കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന യാഥാര്‍ഥ്യമാണെന്ന് കാന്തപുരം പറഞ്ഞു.

ചരിത്രപരവും അല്ലാത്തതുമായ പല കാരണങ്ങളാലാണ് മുസ്ലിം സമൂഹം ഈ രംഗങ്ങളില്‍ പിന്നോക്കമായത്. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ഈ പിന്നോക്കാവസ്ഥയുടെ നടുക്കുന്ന ആഴം വെളിവാക്കിയിരുന്നു. ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ ഭീമമായ കുറവാണ് മുസ്ലിം സമുദായത്തിന് ഉള്ളത്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ് അതിന്റെ പ്രധാന കാരണം. ആ അവസ്ഥക്കുള്ള പലവിധ പരിഹാരങ്ങളില്‍ ഒന്നാണ് സ്‌കോളര്‍ഷിപ്പുകള്‍. മുസ്ലിം ജനതയുടെ പുരോഗതിക്കും അവസര സമത്വത്തിനും അത് അത്യാവശ്യവുമാണ്. അക്കാര്യം പരിഗണിച്ചാണ് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതും. മിക്ക ന്യൂനപക്ഷങ്ങളും പിന്നോക്കാവസ്ഥയിലാണ് എന്നതില്‍ തര്‍ക്കമില്ല. അതിന് സര്‍ക്കാര്‍ സഹായങ്ങളും പദ്ധതികളും ആവിഷ്‌കരിക്കണം. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ഉന്നം വിവിധ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തിയ മുസ്ലിം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. ആയതിനാല്‍ പലതരം പ്രതിസന്ധികള്‍ നേരിടുന്ന ഈ സമുദായത്തിന്റെ അതിജീവനത്തിനുള്ള പിടിവള്ളികളില്‍ ഒന്നായ സ്‌കോളര്‍ഷിപ്പിനെ സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിക്കൂട. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വേണ്ട രീതിയില്‍ പഠിക്കുകയും മുസ്ലിം സമുദായ ക്ഷേമത്തിനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം.

കോടതി മുന്‍പാകെ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നയതീരുമാനമായി ഇക്കാര്യം വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ ആ വീഴ്ച പരിഹരിക്കാനും തിരുത്താനുമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടണം. അപ്പീല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം. ഇക്കാര്യത്തില്‍ ഉയരുന്ന തര്‍ക്കങ്ങളിലും ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങളിലും മുസ്ലിം സമൂഹത്തിന് ആശങ്കയുണ്ട്. ചേരിതിരിവ് ഉണ്ടാകേണ്ട ഒരു സാഹചര്യവും ഇല്ല. കാരണം അര്‍ഹതപ്പെട്ട അവകാശത്തിന്ന് വേണ്ടിയുള്ള സമുദായത്തിന്റെ അപേക്ഷയാണിത്.

അതോടൊപ്പം ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ കക്ഷികളുടെ ശ്രമങ്ങള്‍ നിരുല്‍സാഹപ്പെടുത്തണം. ക്രിസ്ത്യന്‍-മുസ്ലിം പ്രശ്നമായി ഇതിനെ മാറ്റുകയും ഞങ്ങളുടെ സഹോദരങ്ങളായ കൃസ്തുമത വിശ്വസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കണം. സാമൂഹിക യാഥാര്‍ഥ്യം തുറന്നുകാട്ടി, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കുകള്‍ സഹിതം നിരത്തി സര്‍ക്കാരിനോട് അപേക്ഷിക്കുക മാത്രമാണ് മുസ്ലിം സമൂഹം ചെയ്യുന്നത്. ആ അപേക്ഷ കാണാന്‍ സമൂഹം തയ്യാറാവണം എന്ന് കാന്തപുരം അഭ്യര്‍ഥിച്ചു.