Connect with us

Editorial

കൊവിഡ് മരണവും ഔദ്യോഗിക കണക്കുകളും

Published

|

Last Updated

എത്രയാണ് ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക്? ഔദ്യോഗിക കണക്കനുസരിച്ച് 3.18 ലക്ഷമാണ് വ്യാഴാഴ്ച വരെ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മരണ നിരക്ക് കുറവാണെന്നു കേന്ദ്ര ആരോഗ്യ വകുപ്പ് അവകാശപ്പെടുകയും ചെയ്യുന്നു. അതേസമയം, രാജ്യത്തെ കൊവിഡ് മരണം സംബന്ധിച്ചു തെറ്റായ കണക്കുകളാണ് കേന്ദ്ര സർക്കാർ പുറത്തുവിടുന്നതെന്നും നിരക്ക് ഇതിനേക്കാൾ വളരെ കൂടുതലാണെന്നുമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പക്ഷം. പ്രതിപക്ഷത്തിന്റെ ഈ വാദഗതികളെ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ കണക്കുകൾ. ഇന്ത്യയിലെ യഥാർഥ മരണ സംഖ്യ പത്ത് ലക്ഷമെങ്കിലും ആയേക്കാമെന്നും രാജ്യത്തെ ബാധിച്ച മഹാമാരിയുടെ വ്യാപ്തി കുറച്ചുകാട്ടുന്ന തരത്തിലാണ് സർക്കാർ കണക്കുകളെന്നും പത്രം വിലയിരുത്തുന്നു. സിറോ സർവേ, ആന്റീബോഡി ടെസ്റ്റ് ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി യാണ് ന്യൂയോർക്ക് ടൈംസിലെ കണക്കുകൾ.

കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇത് ശക്തിയായി നിഷേധിക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ല ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടെന്നും അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് രാജ്യത്തെ കൊവിഡ് കർമസമിതിയുടെ തലവനും നിതി ആയോഗ് അംഗവുമായ ഡോ. വി കെ പോളിന്റെ പ്രതികരണം. പ്രശസ്തമായ ഒരു അന്തർദേശീയ മാധ്യമം ഇത്തരത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ശ്മശാനങ്ങൾ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടു നിറയുകയും സംസ്‌കാരം നടത്താൻ പോലും കഴിയാതെ ശവശരീരങ്ങൾ നദികളിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ചൂണ്ടക്കാട്ടി ഇന്ത്യയിൽ മരണ നിരക്ക് കൂടുതലാണെന്നു മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഗംഗാതീരങ്ങളിൽ നൂറുകണക്കിന് ശവശരീരങ്ങൾ മറവു ചെയ്തതിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു ഈ റിപ്പോർട്ടുകൾ.

വസ്തുത എന്തായാലും സർക്കാറിന്റെ അവകാശവാദങ്ങളെയും കണക്കുകളെയും സംശയത്തിന്റെ നിഴലിലാക്കുന്നു ന്യൂയോർക്ക് ടൈംസ് വിശകലനം.
ഇന്ത്യ മാത്രമല്ല, ബ്രിട്ടൻ, ചൈന തുടങ്ങി പല രാജ്യങ്ങളും കൊവിഡിനെ ഫലപ്രദമായി നിയന്ത്രിച്ചുവെന്നു വരുത്തിത്തീർക്കാൻ മരണ നിരക്കുകൾ കുറച്ചു കാണിക്കുന്നതായി ആരോപിക്കപ്പെടുന്നുണ്ട്. കൊവിഡ് ഒന്നാം ഘട്ടത്തിൽ ബ്രിട്ടൻ ഒറ്റയടിക്കു 5,000 മരണം കുറച്ചു കാണിച്ചതായി കഴിഞ്ഞ ആഗസ്റ്റിൽ ബ്രിട്ടനിലെ നാഷനൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വൃത്തങ്ങളും നഴ്‌സിംഗ് മേഖലയിലെ വിവിധ സംഘങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയവർ 28 ദിവസത്തിനുളളിൽ മരിച്ചാൽ മാത്രം കൊവിഡ് മരണങ്ങളുടെ ലിസ്റ്റിൽ പെടുത്തിയാൽ മതിയെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവിലൂടെയാണ് അന്നു ബ്രിട്ടൻ മരണനിരക്ക് കുറവാണെന്നു വരുത്തിത്തീർത്തത്. ഈ മാനദണ്ഡം തിരുത്തണമെന്ന് കൊവിഡ് മരണനിരക്കിൽ പുനഃപരിശോധന നടത്തിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ബ്രിട്ടീഷ് സർക്കാറിനോട് ആവശ്യപ്പെടുകയുമുണ്ടായി.

കേരളമുൾപ്പെടെ പല ഇന്ത്യൻ സംസ്ഥാനങ്ങളും പുറത്തു വിടുന്ന കൊവിഡ് മരണനിരക്കുകളും ശരിയല്ലെന്ന ആരോപണമുണ്ട്. കേരളത്തിൽ മെയ് 27 വരെയായി ഔദ്യോഗിക കണക്കുകൾ പ്രകാരം 8,063 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധ സമിതി സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കൊവിഡ് മരണങ്ങളിൽ നിന്ന് പലതും ഒഴിവാക്കുകയാണെന്നും അല്ലായിരുന്നെങ്കിൽ മരണ സംഖ്യ ഇതിനേക്കാൾ കൂടുമായിരുന്നുവെന്നുമാണ് ചില ആരോഗ്യ വിദഗ്ധരുടെ പക്ഷം. ഗുരുതരമായ മറ്റു അസുഖങ്ങളുള്ളവർ പ്രസ്തുത രോഗം മൂർച്ഛിച്ചു മരിക്കുമ്പോൾ കൊവിഡ് പോസിറ്റീവ് ആണെങ്കിൽപ്പോലും കൊവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കൊവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരിൽ പലരും സംസ്ഥാന പട്ടികയിൽ ഉൾപ്പെടാറില്ലെന്നും പറയപ്പെടുന്നു. ഔദ്യോഗിക കണക്കു പ്രകാരം 2021 ജനുവരി മുതൽ മെയ് വരെ തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവർ 762 പേരാണ്.

ഇക്കാലയളവിൽ തിരുവനന്തപുരം കോർപറേഷന്റെ ശാന്തികവാടം ശ്മശാനത്തിലെ കണക്കുകൾ പ്രകാരം മാത്രം 615 കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിച്ചിട്ടുണ്ട്.
ജില്ലയിലെ മറ്റു ശ്മശാനങ്ങളിലും സംസ്‌കരിച്ചിട്ടുണ്ട് നിരവധി പേരെ. ഇതനുസരിച്ചു ഔദ്യോഗിക മരണ നിരക്കും യഥാർഥ മരണനിരക്കും തമ്മിൽ വളരെ അന്തരമുണ്ട്. മറ്റു ജില്ലകളിലെ കണക്കുകളിലുമുണ്ട് ഈ അന്തരം. അതേസമയം കേന്ദ്ര സർക്കാറിനു കീഴിലുള്ള ഐ സി എം ആറിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് കൊവിഡ് മരണങ്ങൾ നിർണയിക്കുന്നതെന്നാണ് ഇതുസംബന്ധിച്ചു സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഗുരുതരമായ അസുഖങ്ങളുള്ള ഒരാൾ അത് മൂർച്ഛിച്ചു മരിച്ചാൽ കൊവിഡ് പോസിറ്റീവാണെങ്കിൽ പോലും കൊവിഡ് മരണത്തിൽ ഉൾപ്പെടുത്താൻ പാടില്ലെന്നാണ് ഐ സി എം ആർ മാർഗനിർദേശത്തിൽ പറയുന്നത്.

മരണകാരണ നിർണയത്തിനു ഐ സി എം ആറിന്റെ മാനദണ്ഡങ്ങൾ സ്വീകരിക്കുമ്പോൾ, മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുളള സർക്കാർ ആനുകൂല്യങ്ങൾ നഷ്ടമാക്കാനിട വരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊവിഡ്മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കുട്ടികൾക്ക് ഒറ്റത്തവണയായി മൂന്ന് ലക്ഷം രൂപയും 18 വയസ്സുവരെ മാസം തോറും 2,000 രൂപയും നൽകും. കൂടാതെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാത്തവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രയാസമാണ്. ഇവർക്കു കൂടി വേണ്ടേ സർക്കാർ ആനുകൂല്യങ്ങൾ? കൊവിഡ് ബാധിച്ചു മരിച്ചവർക്ക് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ അർഹതപ്പെട്ട എല്ലാവർക്കും ലഭിക്കുന്ന വിധത്തിൽ മരണ നിർണയ മാനദണ്ഡത്തിൽ പുനർനിർണയം വേണം.

---- facebook comment plugin here -----

Latest