Connect with us

International

ഗാസ സംഘര്‍ഷത്തില്‍ അന്വേഷണം; യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിയ നരനായാട്ടില്‍ അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലി (യുഎന്‍എച്ച്ആര്‍സി)ന്റെ പ്രത്യേക സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നാണ് ഇന്ത്യയടക്കം 14 രാജ്യങ്ങള്‍ വിട്ടുനിന്നത്. 24 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഒന്‍പത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ ചൈന, റഷ്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ അനുകൂലിച്ചു. 11 ദിവസം ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നടത്തിയ ക്രൂരമായ വ്യോമാക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണോ എന്ന് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഫലസ്തീന്‍ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്. ഇസ്‌റാഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാനും രാജ്യാന്തര സമൂഹവും സമീപ രാജ്യങ്ങളും സ്വീകരിച്ച നടപടികളെ ഇന്ത്യ സ്വാഗതം ചെയ്തതായി യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ഇന്ദ്ര മണി പാണ്ഡെ പറഞ്ഞു. നിലവിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരുതരത്തിലുള്ള ശ്രമവും ഉണ്ടാകാന്‍ പാടില്ലെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ജറുസലേമിലും മസ്ജിദുല അഖ്‌സയിലും ഗാസയിലുമുണ്ടായ അക്രമ സംഭവങ്ങളില്‍ ഇന്ത്യ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

11 ദിവസം നീണ്ട സംഘര്‍ഷത്തില്‍ ഗാസയില്‍ 230 പേരും ഇസ്രയേലില്‍ 12 പേരും കൊല്ലപ്പെട്ടിരുന്നു.