Connect with us

Kannur

അറയ്ക്കലിന് പറയാനുണ്ട് ദ്വീപ് കഥകൾ

Published

|

Last Updated

കണ്ണൂർ | ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ തലതിരിഞ്ഞ ഭരണ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധ തീ ആളിപ്പടരുന്നതിനിടെ ഇതെല്ലാം നിശ്ശബ്ദമായി നോക്കിക്കാണുകയാണ് ദ്വീപ് സമൂഹത്തിന്റെ പഴയ ഭരണാധികാരികളുടെ പിൻതലമുറക്കാർ.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിന്റെ പിൻതലമുറക്കാരാണിവർ. രാജഭരണ കാലത്തും ബ്രിട്ടീഷ് ഭരണ കാലത്തും ഏറെക്കാലം കണ്ണൂർ തീരം മുതൽ ലക്ഷദ്വീപ് വരെയുള്ള കടലിന്റെ ഉടമസ്ഥാവകാശം ഈ രാജ കുടുംബത്തിനായിരുന്നു. 1,500 മുതൽ 1,905 വരെ ദ്വീപുകളുടെ ഉടമസ്ഥാവകാശം അറക്കൽ രാജവംശത്തിനായിരുന്നുവെന്ന് ചരിത്ര രേഖകൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതിന് മുമ്പ് തന്നെ ദ്വീപിന്റെ അധികാരം അറയ്ക്കലിനുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ലക്ഷദ്വീപിന് പുറമെ ഇപ്പോഴത്തെ വിദേശ രാജ്യമായ മാലദ്വീപും അറയ്ക്കലിന്റെ അധീനതയിലായിരുന്നു. അറയ്ക്കൽ രാജാവായിരുന്ന ആലി മൂസ 1,183- 84 വർഷത്തിൽ മാലദ്വീപ് കീഴടക്കിയതായി ബ്രിട്ടീഷ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദീർഘ കടൽ യാത്രകളിൽ അറയ്ക്കൽ രാജകുടുംബങ്ങൾക്കും അറയ്ക്കലുമായി ബന്ധമുണ്ടായിരുന്ന വിദേശ വ്യാപാരികളുടെ ഉരുക്കളിലെ നാവികർക്കുമുള്ള വിശ്രമ കേന്ദ്രമായിരുന്നു ലക്ഷദ്വീപ്. കടൽ വ്യാപാരവും നാവിക ബലവും ഉണ്ടായിരുന്നതിനാൽ അറയ്ക്കൽ രാജാക്കൻമാർക്ക് “ആഴി രാജാക്കൾ” എന്നും വിളിപ്പേരുണ്ടായിരുന്നു. മിനിക്കോയിയെയും ലക്ഷദ്വീപിനെയും വേർതിരിക്കുന്ന കടലിടുക്ക് അറയ്ക്കൽ രാജകുടുംബവുമായി ഭരണ ബന്ധമുള്ള വ്യക്തിയുടെ പേര് ചേർത്ത് മമ്മാലി ചാനൽ എന്നാണ് അറിയപ്പെട്ടിരുന്നത്. ലക്ഷദ്വീപുകളുടെ ഭരണ നിർവഹണത്തിനായി അറയ്ക്കൽ രാജവംശം നിയോഗിച്ചവരെ മമ്മാലികളുടെ പേരിൽ മമ്മാലിച്ചാനൽ എന്നാണ് ഈ ഇടനാഴിയെ പോർച്ചുഗീസ് രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇക്കാരണങ്ങളാൽ തന്നെ അറയ്ക്കൽ രാജവംശം കണ്ടെത്തി ആധിപത്യം സ്ഥാപിച്ച പ്രദേശമാണ് ലക്ഷദ്വീപ് എന്ന് വ്യക്തമാണെന്നും ചരിത്രകാരന്മാർ പറയുന്നു.

കടലിലെ തങ്ങളുടെ ആധിപത്യത്തിന് അറയ്ക്കൽ തടസ്സമാകുന്നുവെന്ന് കണ്ട പോർച്ചുഗീസുകാർ 1,553ൽ ദ്വീപ് പിടിച്ചെടുത്തെങ്കിലും പിന്നീട് അറയ്ക്കൽ തിരിച്ചു പിടിച്ചിരുന്നു. പോർച്ചുഗീസുകാരുമായി കടലിലെ ആധിപത്യത്തിനായി ഒന്നര നൂറ്റാണ്ടോളം അറയ്ക്കൽ രാജവംശം പോരാട്ടത്തിലേർപ്പെടേണ്ടി വന്നിരുന്നുവെന്നും പോർച്ചുഗീസ് രേഖകളിൽ പറയുന്നുണ്ട്.

മൈസൂരിലെ ഹൈദരലിയുമായും മകൻ ടിപ്പു സുൽത്താനുമായും സൗഹൃദത്തിലായിരുന്നു അറയ്ക്കൽ. ടിപ്പു സുൽത്താന്റെ ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ അവർ സുൽത്താനൊപ്പമായിരുന്നു. എന്നാൽ മൂന്നാം മൈസൂർ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ബ്രിട്ടീഷുകാർ കണ്ണൂർ കീഴടക്കിയതോടെ അറയ്ക്കലും ബ്രിട്ടീഷ് ഭരണത്തിന് കീഴിലായി. അന്നത്തെ അറയ്ക്കൽ ബീവിയുമായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാറനുസരിച്ച് മിനിക്കോയി, അമീനി, ലക്ഷദ്വീപ് എന്നിവ ബ്രീട്ടീഷുകാർക്ക് വിട്ടു നൽകേണ്ടി വന്നു. ദ്വീപുകൾ വിട്ടു നൽകിയതിന് അതിന്റെ ഉടമസ്ഥയെന്ന നിലക്ക് ബീവിക്ക് ബ്രിട്ടീഷുകാർ മാലിഖാൻ എന്ന പേരിൽ വാർഷിക പെൻഷൻ അനുവദിക്കുകയും ചെയ്തു. അതാത് കാലത്തെ രാജവംശത്തിലെ ഭരണാധികാരികൾക്കാണ് തുക അനുവദിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണത്തിന് ശേഷം കേന്ദ്ര സർക്കാറാണ് പെൻഷൻ നൽകുന്നത്. മൂന്ന് വർഷം മുന്പ് വരെ പ്രതിവർഷം 23,000 രൂപയായിരുന്നു മാലിഖാൻ. എന്നാൽ പിന്നീട് വെട്ടിച്ചുരുക്കുക്കി.

മാലിഖാൻ പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കണമെന്ന് കാണിച്ച് അന്നത്തെ അറയ്ക്കൽ ബീവി ആദീരാജ ഇമ്പിച്ചി ബീവി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് രാജകുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ ഇതു സംബന്ധമായി തുടർ നടപടിയൊന്നും അറയ്്ക്കലിൽ നിന്നുണ്ടായില്ല.

Latest