Connect with us

Kerala

നടക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് ജില്ലാ കലക്ടര്‍

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ നടക്കുന്നതെന്ന് വികസന പ്രവര്‍ത്തനങ്ങളെന്ന് ന്യായീകരിച്ച് ജില്ലാ കലക്ടര്‍ എസ് അസ്‌കര്‍ അലി. 73 വര്‍ഷമായിട്ടും ദ്വീപില്‍ കാലാനുസൃത വികസനമുണ്ടായിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ദ്വീപില്‍ നിയമ വിരുദ്ധ വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടവരാണ് മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍. നിലവില്‍ പ്രതിഷേധം നടത്തുന്നത് സ്ഥാപിത താത്പര്യക്കാരാണ്. ദ്വീപില്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. അതുകൊണ്ടാണ് ഗുണ്ടാ നിയമം നടപ്പാക്കിയത്. ബീച്ച് കൈയേറി നിര്‍മിച്ച അനധികൃത ഷെഡുകളാണ് പൊളിച്ച് നീക്കിയത്. ബോട്ടുകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഷെഡുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ട്. പ്രസ് ക്ലബിന് മുന്നില്‍ സി പി ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെയും ലക്ഷദ്വീപിലെ എന്‍ വൈ സി പ്രവര്‍ത്തകരുടെയും പ്രതിഷേധത്തിനിടെയാണ് കലക്ടര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

ദ്വീപിലെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തല്‍, തദ്ദേശീയര്‍ക്ക് കൂടി തൊഴിലവസരം കിട്ടുന്ന തരത്തിലുള്ള ടൂറിസം പദ്ധതികള്‍, കേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവ നടപ്പിലാനാണ് നീക്കം നടക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. കവരത്തി, അഗത്തി, മിനിക്കോയ് എന്നിവിടങ്ങളില്‍ ഓക്‌സ്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും സ്ത്രീകള്‍ക്കായി സ്വാശ്രയ സംഘങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. അത്യാസന്ന രോഗികളെ കൊച്ചിയില്‍ എത്തിക്കാന്‍ എല്ലാ സംവിധാനവും നിലവിലുണ്ട്. അനധികൃത കൈയേറ്റക്കാരെ മാത്രമാണ് ഒഴിപ്പിച്ചത്. ബീഫും ചിക്കനും ഉച്ചഭക്ഷണത്തില്‍ നിന്ന് മാറ്റിയത് ഇവ രണ്ടും വിപണിയില്‍ കിട്ടാനുള്ള പ്രയാസം മൂലമാണ്.

ജീവനക്കാരെ പിരിച്ചുവിട്ടതിനെയും കലക്ടര്‍ ന്യായീകരിച്ചു. ടൂറിസം സീസണിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് എടുക്കുന്ന താത്ക്കാലിക്കാരെ സീസണ്‍ അവസാനിച്ചാല്‍ പിരിച്ചുവിടാറുണ്ട്. ഇത് എല്ലാ വര്‍ഷവും നടന്നുവരുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.

Latest