Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 24,166 കൊവിഡ് കേസും 181 മരണവും

Published

|

Last Updated

തിരുവനന്തപുരം| 24166 പേര്‍ക്ക് സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 181 പേര്‍ മരണപ്പെട്ടു. 24 മണിക്കൂറിനിടെ 30539 പേര്‍ രോഗമുക്തരായി. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തില്‍ 9.03 ശതമാനം കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 135232 ടെസ്റ്റുകളാണ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. മെയ് 24 മുതല്‍ 26വരെ ടെസ്റ്റ് പോസറ്റിവിറ്റി ശരാശരി 20 ആണ്.സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 8063 ആയി ഉയര്‍ന്നു.മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4057, തിരുവനന്തപുരം 3054, എറണാകുളം 2700, പാലക്കാട് 1259, കൊല്ലം 2096, തൃശൂര്‍ 1920, ആലപ്പുഴ 1580, കോഴിക്കോട് 1505, കണ്ണൂര്‍ 959, കോട്ടയം 862, പത്തനംതിട്ട 776, കാസര്‍ഗോഡ് 568, ഇടുക്കി 549, വയനാട് 308 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, പാലക്കാട് 11, തിരുവനന്തപുരം, കൊല്ലം 10 വീതം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, പത്തനംതിട്ട, തൃശൂര്‍ 8 വീതം, കോട്ടയം 3, ഇടുക്കി, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,539 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3247, കൊല്ലം 2034, പത്തനംതിട്ട 1187, ആലപ്പുഴ 2794, കോട്ടയം 1344, ഇടുക്കി 946, എറണാകുളം 4280, തൃശൂര്‍ 1531, പാലക്കാട് 3144, മലപ്പുറം 4505, കോഴിക്കോട് 2316, വയനാട് 378, കണ്ണൂര്‍ 2255, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,41,966 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,98,135 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,76,584 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,36,420 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,164 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4001 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്ക ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്തും. നിലവില്‍ സംസ്ഥാനത്ത് 52 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷേ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കാലവര്‍ഷഘട്ടത്തില്‍ ദുരിതാശ്വാസം ക്യാമ്പുകള്‍ സജ്ജമാക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

ഓക്‌സിമീറ്റര്‍ സ്വന്തമായി ഉണ്ടാക്കുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചിട്ടുണ്ട്. അത് പരമാവതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ആവശ്യമായ മരുന്നുകള്‍ വാങ്ങി നല്‍കാമെന്ന് വിദേശത്തുള്ള പലരും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പല മരുന്നുകളും അവര്‍ക്ക് അവിടെ ലഭ്യമല്ല. അത് എവിടെ നിന്നാണ് ലഭ്യമാകുക എന്ന് അറിയിച്ചാല്‍ വാങ്ങി നല്‍കാന്‍ തയ്യാറാണെന്ന് പല വിദേശ മലയാളികളും അറിയിച്ചിട്ടുണ്ട്.

രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുന്‍പ് വിശദമാക്കിയതാണ്. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്ക് ഇടയില്‍ ആരോഗ്യ സ്ഥിതി ഗുരുതരമാവുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണം സംഖ്യ ഉയരുന്നത്.

മരണ സംഖ്യയില്‍ കാര്യമായ കുറവുണ്ടാവാന്‍ നാല് ആഴ്ച വരെ എടുക്കുമെന്നാണ് വിദഗ്ധാഭിപ്രായം. രോഗ വ്യാപനത്തിന്റെ വേഗം പിടിച്ചുനിര്‍ത്തി ആരോഗ്യ സംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുക എന്നതാണ് നാം തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് പ്രദേശങ്ങളെക്കാള്‍ നീണ്ടു നില്‍ക്കുന്ന രോഗ വ്യാപനത്തില്‍ അധികമായി ആശങ്ക ഉണ്ടാവേണ്ടതില്ല. ആളുകളുടെ ജിവന്‍ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം എറ്റവും നന്നായി നടപ്പാക്കുന്നതിന് പ്രധാന്യം നല്‍കിയെ തീരൂ.

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ യഥാസമയം അറിയിക്കലും ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററിനോട് മികച്ച പ്രതികരണമാണ് ആദ്യ ദിവസങ്ങളില്‍ത്തന്നെ ഉണ്ടാകുന്നത്. കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000 ന് താഴെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ബുധനാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടി പി ആര്‍ ആണിത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ജനങ്ങളെ ആശ്വസിപ്പിച്ചും ബോധവത്ക്കരിച്ചുമുള്ള സന്ദേശം പുറപ്പെടുവിക്കാന്‍ കാസര്‍കോട് ജില്ലയിലെ ആരാധനാലയങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കൊവിഡ് വാക്‌സിനേഷന്‍ സെന്ററിന്റെ വിപുലീകരണത്തിനായി തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി മദ്രസ കെട്ടിടം വിട്ടുനല്‍കി.

എടത്വയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇടവക അംഗമല്ലാത്തയാളുടെ മൃതദേഹം വെള്ളക്കെട്ടിനെ തുടര്‍ന്ന് സംസ്‌കരിക്കാന്‍ കഴിയാത്തതിനാല്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ ചിതയൊരുക്കാന്‍ അനുവാദം നല്‍കിയ പള്ളി അധികാരികളുടെ നടപടി അഭിനന്ദാര്‍ഹമാണ്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ ഇതുവരെ ലഭിച്ചത് 74,032 അപേക്ഷകളാണ്. അതില്‍ എല്ലാവരേയും തന്നെ അതാത് ജില്ലകളില്‍ നിന്നും ബന്ധപ്പെടുകയും 8467 പേരെ നിയമിക്കുകയും ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി കൊവിഡ് ബ്രിഗേഡിലെയ്ക്ക് 23,975 അപേക്ഷകള്‍ക്ക് അനുമതി നല്‍കി. അതില്‍ 17,524 പേരെ നിയമിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്തും ലോക്ക്ഡൗണ്‍ നിലവിലുള്ള മറ്റു ജില്ലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസിന്റെ പ്രത്യേകസംഘം വാഹനപരിശോധന നടത്തിവരുന്നു. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,188 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,776 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 36,24,550 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്. പല ജില്ലകളിലും വ്യാജമദ്യത്തിന്റെ നിര്‍മാണവും ഉപയോഗവും വന്‍തോതില്‍ വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയുടെ ഉല്‍പാദന വിതരണ കേന്ദ്രങ്ങളില്‍ പൊലീസും എക്‌സൈസും ചേര്‍ന്ന് പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

വ്യാജ പ്രചരണം

വാക്‌സീനെടുത്താല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ മരണപ്പെടുമെന്ന ഒരു വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് പരിപൂര്‍ണമായും വ്യാജമാണെന്ന് ആ പ്രസ്താവന നല്‍കിയതായി വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തില്‍ അതു കൂടുതല്‍ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേര്‍പ്പെടുന്നവര്‍ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി ശക്തമായി സര്‍ക്കാര്‍ നേരിടും.

വാക്‌സിനേഷന്‍ ആണ് ഈ മഹാമാരിയെ മറികടക്കാന്‍ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്‌സീന്‍ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവര്‍ക്കിടയില്‍ രണ്ടാമത്തെ തരംഗത്തില്‍ രോഗവ്യാപനം കുറവാണ് എന്നതും, രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്‌സിനേഷന്‍ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. അതുകൊണ്ട്, കുപ്രചരണങ്ങള്‍ക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത്.

ആളുകള്‍ക്ക് വീട്ടില്‍ ഇരുന്നു കൊണ്ട് ഡോക്ടര്‍മാരുടെ പരിശോധന സ്വീകരിക്കാന്‍ സഹായിക്കുന്ന ഇ സഞ്ജീവനി പദ്ധതി വഴി ഇതുവരെ കേരളത്തില്‍ നടന്നത് 1,52,931 പരിശോധനകളാണ്. ഏകദേശം16,026 മണിക്കൂറുകള്‍ ഇത്രയും പരിശോധനകള്‍ക്കായി ചെലവഴിക്കപ്പെട്ടു. ഇന്നുമാത്രം ഇതുവരെ നടന്നത് 888 പരിശോധനകളാണ്. 1863 ഡോക്ടര്‍മാരാണ് സംസ്ഥാനത്ത് ഇ സഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിക്കയച്ച കത്ത്

ഒമ്പത് തീരദേശ ജില്ലകളിലായി 590 കിലോമീറ്റര്‍ നീളമുള്ള തീരമാണ് കേരളത്തിനുള്ളത്. കടലാക്രമണം കൊണ്ടും മറ്റും വലിയ തോതില്‍ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടല്‍ക്ഷോഭത്തില്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. എസ്ഡിആര്‍എഫിനും എന്‍ഡിആര്‍എഫിനും അനുവദിക്കുന്ന വാര്‍ഷിക തുകയില്‍ നിന്ന് സംസ്ഥാനതല ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ഉണ്ട്. 10 ശതമാനം വരെയാണ് അങ്ങനെ ഉപയോഗിക്കാവുന്നത്. അതിനനുസൃതമായി തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി മുമ്പ് തന്നെ കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ല.

അതുകൊണ്ട് തീരശോഷണം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് എസ്ഡിആര്‍എഫ്-എന്‍ഡിആര്‍എഫ് സഹായം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം ആണ് നിലവില്‍ ഉള്ളത്. ഇത് ചൂണ്ടിക്കാട്ടി തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അത് ഉന്നയിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്. 14-ാം ധന കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രകൃതി ദുരന്തഘട്ടത്തില്‍ സഹായം നല്‍കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരം എസ്ഡിആര്‍എംഎഫിലൂടെയും എന്‍ഡിആര്‍എംഎഫിലൂടെയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ദുരിതാശ്വാസ സഹായം വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് ഗുണകരമാകും എന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുമ്പോള്‍ ലഭ്യമാക്കുന്ന സഹായം ഇരട്ടിപ്പിക്കണം എന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

കാലാവസ്ഥ

സംസ്ഥാനത്ത് വേനല്‍ മഴ സജീവമായി തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ കൊണ്ട് ആകെ 729.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇത് ഇക്കാലയളവില്‍ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 131 ശതമാനം അധിക മഴയാണ്. 2018 ല്‍ ലഭിച്ചതിലും അധികം വേനല്‍ മഴ ഇതിനോടകം തന്നെ സംസ്ഥാനത്ത് ലഭിച്ച് കഴിഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട “യാസ്” ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. വരും ദിവസങ്ങളിലും കേരളത്തില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുള്ളതിനാല്‍ മെയ് 29 വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. വിഴിഞ്ഞം, പൂവാര്‍ മേഖലകളില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ തിരച്ചിലില്‍ കിട്ടി. ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റിലും തിരയിലുംപെട്ടു തകര്‍ന്നത്.

പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂണ്‍ മാസത്തില്‍ നടത്തും. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നു മുതല്‍ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണ്.

Latest