National
അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നടപടികള്‍ തുടരുന്നു; ലക്ഷദ്വീപില്‍ 39 ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം
കവരത്തി | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിക്കൊണ്ട് ഫിഷറീസ് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്രയും വേഗത്തില്‍ ജോലിക്ക് പ്രവേശിക്കാന്‍ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്. പകരം ഉദ്യോഗസ്ഥര്‍വരാന്‍ കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റം ലഭിച്ചവര്‍ക്ക് വിടുതല്‍ നല്‍കണമെന്ന് മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
ലക്ഷദ്വീപിന്റെ പൈതൃകവും സംസ്‌കാരവും തകര്‍ക്കുന്ന രൂപത്തിലുള്ള അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഇടപെടലുകള്‍ക്കെതിരെ കടുത്ത വിമര്‍ശമാണ് ഉയരുന്നത്. നേരത്തെയും വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങള്‍ക്കിടെ ലക്ഷദ്വീപ് സന്ദര്‍ശിക്കാനിരുന്ന എഐസിസി സംഘത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ അനുമതി നിഷേധിച്ചു.എഐസിസി സംഘം ലക്ഷദ്വീപ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കെ സി വേണുഗോപാല്‍ എം.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി രണ്ട് തവണഅനുമതി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു.കൊവിഡ് സാഹചര്യവും കര്‍ഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് എഐസിസി സംഘത്തിന് അനുമതി നിഷേധിച്ചത്.



