Connect with us

Editorial

‘ആയുഷ്-64' വിതരണച്ചുമതല സേവാഭാരതിക്ക്?

Published

|

Last Updated

കൊവിഡ് പ്രതിരോധ മരുന്നായ “ആയുഷ്-64″ന്റെ വിതരണച്ചുമതല ഒരു ഹിന്ദുത്വ സംഘടനയെ ഏല്‍പ്പിച്ച കേന്ദ്രനടപടി കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച ഈ ആയുര്‍വേദ മരുന്ന് വിതരണത്തിന് ആര്‍ എസ് എസ് പോഷക സംഘടനയായ സേവാഭാരതിയെയാണ് ആയുഷ് മന്ത്രാലയം ഏല്‍പ്പിച്ചിരിക്കുന്നത്. സേവാഭാരതി പ്രവര്‍ത്തകര്‍ വീടുതോറും കയറി മരുന്ന് വിതരണം ചെയ്യാനാണ് തീരുമാനം. അതിനായി അവര്‍ക്ക് പ്രത്യേക പാസ്സ് നല്‍കണമെന്ന് ബന്ധപ്പെട്ട പ്രാദേശിക ഏജന്‍സികളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മലേറിയക്കു വേണ്ടി വികസിപ്പിച്ച ആയുര്‍വേദ കൂട്ടാണ് ആയുഷ്-64. പ്രകടമായ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് ആയുഷിന്റെ വിലയിരുത്തല്‍.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെയും നടത്തിവന്നത്. കൂടാതെ രാജ്യത്തുടനീളം ആയുര്‍വേദ ഡിസ്‌പെന്‍സറികളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെയൊന്നും ഏല്‍പ്പിക്കാതെ മരുന്ന് വിതരണച്ചുമതല സേവാഭാരതിയെ ഏല്‍പ്പിച്ചതിലൂടെ ഈ വര്‍ഗീയ സംഘടനയെ വെള്ളപൂശുകയും ജനങ്ങള്‍ക്കിടയില്‍ അംഗീകാരം നേടിക്കൊടുക്കുകയുമാണ് കേന്ദ്ര സര്‍ക്കാറിന്റെയും ബി ജെ പിയുടെയും ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1979ല്‍ ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷ വേളയില്‍ മൂന്നാമത്തെ ആര്‍ എസ് എസ് സര്‍സംഘചാലക് ദേവറസ് ആണ് സേവാഭാരതി സ്ഥാപിച്ചത്. സന്നദ്ധ സേവന വിഭാഗമെന്ന ബാനറിലാണ് സംഘടനയുടെ പ്രവര്‍ത്തനം. വര്‍ഗീയ അജന്‍ഡകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസുമായി രാജ്യത്തെ മതേതര സമൂഹം അകലം പാലിച്ചു വരുന്നുണ്ട്. ഈ അകലം മാറ്റിയെടുക്കുകയാണ് സേവാഭാരതിയിലൂടെ ലക്ഷ്യമാക്കുന്നത്. ആയുഷ് മരുന്ന് വിതരണവുമായി സമൂഹത്തിലേക്ക് കടന്നു ചെല്ലുന്നത് ഇക്കാര്യത്തില്‍ വലിയ സഹായകമാകുമെന്നാണ് സംഘ് പരിവാര്‍ വൃത്തങ്ങളുടെയും മോദി സര്‍ക്കാറിന്റെയും കണക്കുകൂട്ടല്‍.

സന്നദ്ധ പ്രവര്‍ത്തനങ്ങളെ സേവാഭാരതി പ്രവര്‍ത്തകര്‍ വര്‍ഗീയ പ്രചാരണത്തിനും മതസ്പര്‍ധ വളര്‍ത്താനും ഉപയോഗിക്കുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിരോധിച്ചുവെന്നും സേവാഭാരതിക്കാരാണ് ഇവര്‍ക്കു കുടിവെള്ളം എത്തിച്ചു കൊടുത്തതെന്നുമുള്ള പ്രചാരണം നടന്നത് നാല് മാസങ്ങള്‍ക്കു മുമ്പാണ്. ആ പ്രദേശത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം നടത്തുന്ന ഫോട്ടോ സഹിതമാണ് സാമൂഹിക മാധ്യമങ്ങളില്‍ സംഘ്പരിവാര്‍ വൃത്തങ്ങള്‍ ഈ പ്രചാരണം നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള കുടിവെള്ള പദ്ധതി തകരാറായതിനെ തുടര്‍ന്ന് കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂരില്‍ അനുഭവപ്പെട്ട കുടിവെള്ള ക്ഷാമത്തെ വളച്ചൊടിച്ചാണ് ഇങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത്. അന്ന് അവിടെ എല്ലാ വിഭാഗമാളുകളും കുടിവെള്ള ക്ഷാമം അനുഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ മറ്റുള്ളവര്‍ക്കൊപ്പം സേവാഭാരതിക്കാരുമുണ്ടായിരുന്നു. ഇതില്‍ പൗരത്വ വിഷയം കുത്തിത്തിരുകി തെറ്റിദ്ധാരണ പരത്താനാണ് സേവാഭാരതിയും സംഘ്പരിവാറും ശ്രമിച്ചത്. വ്യാജ പ്രചാരണത്തിന് ഏതാനും സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയുണ്ടായി. 2018ല്‍ കേരളത്തില്‍ പേമാരിയും മഹാപ്രളയവും സൃഷ്ടിച്ച വന്‍നാശനഷ്ടങ്ങളെ തുടര്‍ന്ന് നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങള്‍ മറക്കാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രചാരണം നടത്തി. മുസ്‌ലിം ഭൂരിപക്ഷ മേഖലയിലുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ ഹിന്ദുക്കള്‍ എന്തിന് പണം ചെലവഴിക്കണമെന്നതായിരുന്നു ഇവരുടെ ചോദ്യം? എത്ര കുടുസ്സാണ് ഇവരുടെ മനസ്സ്?

ദുരിതാശ്വാസ മേഖലയിലും മറ്റും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്വന്തം അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുന്നതും ഇവരുടെ പതിവാണ്. 2018ലെ പ്രളയക്കെടുതി കാലത്ത് കേരളത്തെ സഹായിക്കാന്‍ ഗുജറാത്തില്‍ നിന്നെത്തിയ സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന ജലശുദ്ധീകരണ വാഹനം സേവാഭാരതിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. യഥാര്‍ഥത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണ കാലത്ത് സ്ഥാപിതമായതാണ് ഗുജറാത്തിലെ ഭാവനഗറിലെ ഈ സ്ഥാപനം. ബി ജെ പിക്കോ മോദി സര്‍ക്കാറിനോ അതില്‍ ഒരു പങ്കുമില്ല. ഗുജറാത്ത് പ്രളയ കാലത്തുള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സേവാഭാരതി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന പേരില്‍ വ്യാജമായി പ്രചരിപ്പിച്ചതും പിടികൂടിയിരുന്നു. ആയുഷ് മരുന്നിന്റെ വിതരണച്ചുമതല ഏല്‍പ്പിച്ചാല്‍ അതിന്റെ മറവിലും മുതലെടുപ്പ് നടത്തിക്കൂടായ്കയില്ല ഇവര്‍.

ആയുഷ് പ്രതിരോധ മരുന്നിന്റെ വിതരണച്ചുമതല സേവാഭാരതിയെ ഏല്‍പ്പിച്ചു കൊണ്ടുള്ള ആയുഷ് മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, വി കെ ശ്രീകണ്ഠന്‍ തുടങ്ങിയ പാര്‍ലിമെന്റ് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിട്ടുണ്ട്. ഭരണഘടനാ വിരുദ്ധവും ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകരോടും സര്‍ക്കാര്‍ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയുമാണ് ഈ നടപടിയെന്ന് കേന്ദ്ര ആയുഷ് മന്ത്രിക്കയച്ച കത്തില്‍ എളമരം കരീം എം പി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ കാര്യങ്ങളില്‍ പരിവാര്‍ സംഘടനകള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ വേണ്ടത് ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു. സേവാഭാരതിക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്ന വിവാദ ഉത്തരവ് ഉടനടി പിന്‍വലിച്ച് വിതരണച്ചുമതല ആയുര്‍വേദ ആശുപത്രികളെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഏല്‍പ്പിക്കാന്‍ ആയുഷ് മന്ത്രാലയം നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.

Latest