Connect with us

National

ഒഡീഷയിലും പശ്ചിമബംഗാളിലും വീശീയടിച്ച് യാസ് ചുഴലി; തീരപ്രദേശങ്ങള്‍ വെള്ളത്തിനിടയില്‍; മരങ്ങള്‍ കടപുഴകി; നാല് മരണം

Published

|

Last Updated

കൊല്‍ക്കത്ത / ഭുവനേശ്വര്‍ / ദില്ലി / റാഞ്ചി | വടക്കന്‍ ഒഡീഷയിലും അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിലും യാസ് ചുഴലി അടിച്ചുവീശുന്നു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് “യാസ്” കരതൊട്ടത്. 130-140 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ധമ്രയ്ക്ക് വടക്കും ബഹ്നാഗ ബ്ലോക്കിന് സമീപം ബാലസോറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയും ചുഴലിക്കാറ്റ് വീശിയടിച്ചതായി അധികൃതര്‍ അറിയിച്ചു. “ഡോപ്ലര്‍” റഡാര്‍ ഡാറ്റ പ്രകാരം, ഈ സമയത്ത് മണിക്കൂറില്‍ 130-140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തീരപ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചു. കടല്‍ വെള്ളം പല തീരദേശ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവേശിച്ചു. കനത്ത മഴയില്‍ പല തീരപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ സ്ഥിതിയിലാണ്. പലയിടങ്ങളിലും കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണു. ഒഡീഷയിലെ കിയോഞ്ജറിൽ മരക്കൊമ്പ് വീണതിനെ തുടർന്ന് ഒരാൾ മരിച്ചു. പശ്ചിമബംഗാളിൽ കടലിൽ വീണ് ഒരാളും വെെദ്യുതാഘാതമേറ്റ് രണ്ട് പേരും മരിച്ചു.

വ്യാഴാഴ്ച വരെ കടലില്‍ സ്ഥിതിഗതികള്‍ ശാന്തമല്ലെന്നും മഴ തുടരുമെന്നും ഒഡീഷ സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ (എസ്ആര്‍സി) പി കെ ജെന പറഞ്ഞു. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത കുറയുമെന്നും അര്‍ദ്ധരാത്രിയോടെ ചുഴലിക്കാറ്റ് ഒഡീഷയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ 5.80 ലക്ഷം പേരെയും പശ്ചിമബംഗാളില്‍ 15 ലക്ഷം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പശ്ചിമബംഗാളിൽ മൂന്ന് ലക്ഷത്തോളം വീടുകൾ തകർന്നതായാണ് റിപ്പോർട്ടുകൾ.

കിഴക്കന്‍ മിഡ്‌നാപൂരിലെയും ബംഗാളിലെ തെക്കന്‍ 24 പര്‍ഗാനയിലെയും പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. പശ്ചിമ ബംഗാളിലെ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. തെങ്ങിനോളം ഉയരത്തിലാണ് ഇവിടെ തിരമാലകള്‍ അടിച്ചുവീശുന്നത്. ജലനിരപ്പ് ഉയരുന്നത് രണ്ട് തീരദേശ ജില്ലകളിലെയും പലയിടങ്ങളിലുമുള്ള കായലുകളുടെ തകര്‍ച്ചക്ക് കാരണമായി. നിരവധി ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വിദ്യാധാരി, ഹൂഗ്ലി, രൂപനാരായണന്‍ തുടങ്ങി നിരവധി നദികളുടെ ജലനിരപ്പ് വര്‍ദ്ധിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടെന്നും ഇത് മഴയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കിഴക്കന്‍ മിഡ്‌നാപൂര്‍, സൗത്ത് 24 പര്‍ഗാന, നോര്‍ത്ത് 24 പര്‍ഗാന, വെസ്റ്റ് മിഡ്‌നാപൂര്‍, ഹൗറ, ഹൂഗ്ലി, പുരുലിയ, നാദിയ എന്നിവിടങ്ങളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കരസേന, ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന പൊലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായി സമയം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ഭരണകൂടത്തെ സഹായിക്കാന്‍ സൈന്യം 17 സംയോജിത ദുരിതാശ്വാസ ടീമിനെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ ദിഘയില്‍ കുടുങ്ങിയ 32 പേരെ രക്ഷിച്ചു.

ബുധനാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ ഹാര്‍ഗ്രാം, ബന്‍കുര തുടങ്ങിയയിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 8.30 വരെ ദിഗയില്‍ 5.5 സെന്റിമീറ്ററും ഡയമണ്ട് ഹാര്‍ബറില്‍ 3.3 സെന്റീമീറ്ററും ഹാല്‍ദിയയില്‍ 3.2 സെന്റിമീറ്ററും മഴ ലഭിച്ചു. കൊല്‍ക്കത്തയില്‍ 2.24 സെന്റിമീറ്റര്‍ മഴയും സാള്‍ട്ട് ലേക്ക് തടാകത്തില്‍ 3.05 സെന്റിമീറ്ററും കാന്തിയില്‍ 5.42 സെന്റീമീറ്ററും കല്‍ക്കുണ്ടയില്‍ 2.2 സെന്റിമീറ്ററും മഴ ലഭിച്ചു.