Connect with us

Ongoing News

ലക്ഷദ്വീപില്‍ ആരാധനാലയങ്ങള്‍ക്ക് എതിരെയും ഭരണകൂട നീക്കം

Published

|

Last Updated

കവരത്തിയിലെ പള്ളികളിൽ ഒന്ന്. ചിത്രം പ്രതീകാത്മകം.

കോഴിക്കോട് | ടൂറിസം വികസനത്തിനെന്ന പേരില്‍ ലക്ഷദ്വീപിന്റെ പൈതൃകവും പ്രൗഢിയും നശിപ്പിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ വന്‍ പ്രതിഷേധമുയരുന്നതിനിടെ അവിടെയുള്ള മുസ്ലിം ആരാധനാലയങ്ങളും കരിനിഴലില്‍. ജനങ്ങളെയും ഭൂപ്രകൃതിയെയും കണക്കിലെടുക്കാതെ നടപ്പാക്കാന്‍ പോകുന്ന തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങള്‍ക്കെതിരെ നീക്കം നടക്കുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം കവരത്തിയിലെ രണ്ട് മുസ്ലിം പള്ളികള്‍ ഭീഷണി നേരിടുകയാണ്.

കവരത്തി അഡ്മിനിസ്ട്രേറ്റര്‍ ബംഗ്ലാവിന് 25 മീറ്റര്‍ അകലെയുള്ള പ്രധാനപ്പെട്ട പള്ളിയും അതിനടുത്തുള്ള വിശാലമായ ഖബര്‍സ്ഥാനും മാറ്റാന്‍ ഭരണകൂടം മുതവല്ലിക്ക് നിര്‍ദേശം നല്‍കി. അഡ്മിനിസ്ട്രേറ്റര്‍ ബംഗ്ലാവിന്റെ സുരക്ഷയുടെ പേരിലാണ് വര്‍ഷങ്ങളായി നിസ്‌കാരം നടന്നുകൊണ്ടിരിക്കുന്ന പള്ളി അധികാരിക്ക് അഡ്മിനിസ്ട്രേറ്റര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പള്ളിയും ഖബര്‍സ്ഥാനും നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഇവിടെ ഉദ്യോഗസ്ഥരെത്തി മാര്‍ക്ക് ചെയ്തു. ഉടന്‍ നിര്‍ദേശം നടപ്പാക്കണമെന്നാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

ഇതിന് പുറമേ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക ആശുപത്രിയായ കവരത്തിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയുടെ വികസനം നടപ്പാക്കുന്നത് ഇതിനടുത്തുള്ള പള്ളിയുള്‍പ്പെടുന്ന സ്ഥലത്താണ്. അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശപ്രകാരം എന്‍ജിനീയര്‍മാര്‍ തയ്യാറാക്കിയ പ്ലാന്‍ പള്ളി ആശുപത്രിക്കുള്ളില്‍ വരുന്ന രൂപത്തിലാണ്.

മൂന്നര മീറ്റര്‍ റോഡ് 14 മീറ്ററാക്കാനുള്ളതാണ് മറ്റൊരു തലതിരിഞ്ഞ പരിഷ്‌കാരം. റോഡ് ഇത്രയധികം വികസിക്കുമ്പോള്‍ പലരുടെയും വീടുകളും കെട്ടിടങ്ങളും വ്യാപകമായി പൊളിക്കേണ്ടി വരും. ബില്‍ഡിംഗ് ഡെവലപ്മെന്റ് നിയമവും ലക്ഷദ്വീപ് സമൂഹത്തെ വഴിയാധാരമാക്കുന്നതാണ്. ഇത് പ്രകാരം വീടുകളും കെട്ടിടങ്ങളും താമസിയാതെ സര്‍ക്കാറിന്റെ അധീനതയിലേക്ക് വരുന്നതാണ് നിയമം.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest