Connect with us

Uae

ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ വിഷയത്തില്‍ ഇടപെടണം: ഐ സി എഫ്

Published

|

Last Updated

അബുദാബി | യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ബഹ്‌റൈനില്‍ കുടുങ്ങിയ സഊദി യാത്രക്കാരുടെ വിഷയത്തില്‍ ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, ബഹ്റൈന്‍ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്കയച്ച കത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം ഇന്ത്യക്കാരാണ് ബഹ്‌റൈനില്‍ കുടുങ്ങിക്കിടക്കുന്നത്. കൊവിഡ് -19 വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമേ കോസ്‌വേ വഴി കടത്തിവിടൂ എന്ന പുതിയ നിയന്ത്രണമാണ് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

സഊദിയിലേക്ക് പോകാന്‍ ബഹ്‌റൈനില്‍ എത്തിയവരില്‍ പലരും വാക്‌സിന്‍ സ്വീകരിച്ചവരല്ല. മാത്രമല്ല, സഊദി അംഗീകരിച്ച ആസ്ട്ര സെനേക്ക, ഫൈസര്‍, മൊഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നിവയിലേതെങ്കിലുമൊരു വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ കോസ്‌വേ വഴി പോകാന്‍ അനുമതി ലഭിക്കൂ. ഇന്ത്യയില്‍ നല്‍കുന്ന കോവാക്‌സിന്‍ സഊദി അംഗീകരിച്ചിട്ടില്ല.

വിമാന മാര്‍ഗം സഊദിയിലേക്ക് പോകാന്‍ കഴിയുമെങ്കിലും ക്രമാതീതമായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക് പലര്‍ക്കും താങ്ങാന്‍ കഴിയുന്നതല്ല. വാക്‌സിന്‍ എടുക്കാത്തവര്‍ സഊദിയില്‍ എത്തിയാല്‍ ഒരാഴ്ച ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയുകയും വേണം. 14 ദിവസത്തെ വിസയില്‍ ബഹ്റൈനില്‍ എത്തിയവരാണ് ഏറെ. അതിനുശേഷവും താമസിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീതിയിയാണ് ഇവര്‍ക്കുള്ളത്. ഇക്കാര്യങ്ങളില്‍ വേഗത്തിലുള്ള നടപടി വേണമെന്ന് കത്തില്‍ ഐ സി എഫ് ആവശ്യപ്പെട്ടു.