Connect with us

Kerala

ചരിത്രനേട്ടവുമായി തൃശൂര്‍ ജില്ല; മുഴുവന്‍ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും എന്‍.ക്യു.എ.എസ് അംഗീകാരം

Published

|

Last Updated

തൃശൂര്‍ | ആരോഗ്യ രംഗത്തെ ചരിത്രനേട്ടവുമായി തൃശൂര്‍ ജില്ല. മുഴുവന്‍ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കിയാണ് ജില്ല ദേശീയ തലത്തില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുന്നത്.

പോര്‍ക്കളെങ്ങാട്, ഗോസായിക്കുന്ന് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും കൂടി എന്‍.ക്യു.എ.എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതോടെയാണ് ജില്ലയിലെ മുഴുവന്‍ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളും ദേശീയ ഗുണനിലവാരത്തിലേക്കെത്തുന്നത്.

ജില്ലയിലാകെ ഏഴ് നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളാണുള്ളത്. ആനാപ്പുഴ, കാച്ചേരി, വി ആര്‍ പുരം, പറവട്ടാനി, ഗുരുവായൂര്‍ എന്നി കേന്ദ്രങ്ങള്‍ക്ക് മുന്‍പേ എന്‍ ക്യു എ എസ് അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു.

ആശുപത്രിയുടെ ഗുണനിലവാരം, രോഗി സൗഹൃദ അന്തരീക്ഷം, പ്രകൃതി അനുകൂല പദ്ധതികള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, അണുബാധ നിയന്ത്രണം തുടങ്ങിയ നിരവധി സൂചികകളുടെ അടിസ്ഥാനത്തില്‍, ചെക്ക്‌ലിസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനങ്ങള്‍ നടത്തി ദേശീയതല പഠനത്തിനും യോഗങ്ങള്‍ക്കും ശേഷമാണ് ആശുപത്രികള്‍ക്ക് ഈ അംഗീകാരം നല്‍കുന്നത്.

ആശുപത്രിയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വീതം തുടര്‍ന്ന് വരുന്ന മൂന്നു വര്‍ഷം എന്‍ ക്യു എ എസ് അംഗീകാരം നേടിയ നഗര കുടുബരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭിക്കും.

മുഴുവന്‍ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റി പൊതുജനാരോഗ്യ സംവിധാനത്തില്‍ തിളക്കമാര്‍ന്ന നേട്ടമാണ് തൃശൂര്‍ ജില്ല ഇതോടെകൈവരിച്ചിരിക്കുന്നത്.

Latest