Connect with us

Malappuram

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കിരാതനടപടികളില്‍ പ്രതിഷേധമുയരണം: കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി

Published

|

Last Updated

മലപ്പുറം | ലക്ഷദ്വീപ് നിവാസികളുടെ സാധാരണ ജീവിതം ദുസ്സഹമാക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖേദാ പട്ടേലിന്റെ കിരാത നടപടികളില്‍ പ്രതിഷേധമുയരണമെന്ന് കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവിച്ചു. ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ സമാധാന ജീവിതം നയിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ് സമൂഹങ്ങള്‍. യാതൊരുവിധ അക്രമ സംഭവങ്ങളൊ മറ്റ് അരാജകത്വ പ്രവണതയോയില്ലാത്ത ദ്വീപുകളില്‍ ഗുണ്ടാനിയമം ഏര്‍പ്പെടുത്തി സര്‍ക്കാരിനെതിരായ വിമര്‍ശനം നടത്തുന്നവരെ പീഢിപ്പിക്കുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം കോവിഡിന്റെ അതിപ്രസരം തടഞ്ഞ് നിര്‍ത്തി ഗ്രീന്‍ സോണായി നിലനിന്ന ദ്വീപില്‍ ജനങ്ങളുടെ പ്രതിഷേധം വകവെക്കാതെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും ക്വാറന്റൈന്‍ സംവിധാനം എടുത്തുകളഞ്ഞും അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിയ തല തിരിഞ്ഞ പരിഷ്‌ക്കാരണത്താല്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസ്റ്റിവിറ്റിയുള്ള പ്രദേശമായി മാറിയിരിക്കുകയാണ് ദ്വീപ് സമൂഹം. ഇതിനു പുറമെ യാതൊരു തത്വദീക്ഷയുമില്ലാതെ നിരവധി പരിശീലനം ലഭിച്ച താല്‍ക്കാലിക തൊഴിലാളികളെയും അധ്യാപകരെയും പിരിച്ചു വിടുകയാണ്. സ്‌കൂളുകളിലെയും അംഗന്‍വാടികളിലെയും ഭക്ഷണ വിതരണത്തിലിടപെട്ട് മാംസാഹാരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.

രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നതിന് വിലക്ക്, ഗോവധ നിരോധനം തുടങ്ങി തീരദേശ നിയമത്തിന്റെ മറവില്‍ ഉപജീവനമാര്‍ഗ്ഗമായ മീന്‍പിടുത്തത്തിനു പോലും കടുത്ത നിയന്ത്രണങ്ങളാണു വരുത്തിയിരിക്കുന്നത്. ഉപകരണങ്ങളുടെ സൂക്ഷിപ്പിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനുമായി ഉണ്ടാക്കിയ താല്ക്കാലിക കെട്ടിടങ്ങള്‍ നശിപ്പിച്ചും ഏറ്റവും അടുത്തായി മൃഗസംരക്ഷണവകുപ്പിന്റെ കിഴിലുള്ള മുഴുവന്‍ ഡയറി ഫാമും അടച്ച് പൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതിനെല്ലാം പുറമെ പ്രദേശത്ത് യഥേഷ്ടം മദ്യം ലഭ്യമാക്കാനുള്ള ഗൂഢ നീക്കവും നടക്കുകയാണ്.

നൂറ്റാണ്ടുകളായി സമാധാനപൂര്‍വ്വം ജീവിച്ച് വരുന്ന ദീപ് ജന സമൂഹത്തിന്റെ സാംസ്‌ക്കാരിക വൈവിധ്യം തച്ച് തകര്‍ക്കാനുള്ള സംഘ പരിവാര്‍ ഗൂഢ നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു ഈ സംബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ കാബിനറ്റ് യോഗത്തില്‍ കൂറ്റമ്പാറ അബ്ദു റഹ് മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍ എം.എന്‍ കുഞ്ഞഹമ്മദ് ഹാജി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സി.കെ.യു മൗലവി, പി.എസ് കെ ദാരിമി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദു റഹ് മാന്‍ സഖാഫി, പി.കെ. ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെ.പി. ജമാല്‍ കരുളായി, എ. അലിയാര്‍ കക്കാട് സംബന്ധിച്ചു.

---- facebook comment plugin here -----

Latest