Connect with us

Kerala

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റരെ തിരിച്ചുവിളിക്കണം: അബ്ദുസ്സമദ് സമദാനി എംപി

Published

|

Last Updated

മലപ്പുറം | ലക്ഷദ്വീപില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ ഭരണപരിഷ്‌കാരം കൊണ്ടുവന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അബ്ദു സമദ് സമദാനി എംപി ആവശ്യപ്പെട്ടു. പാതുവെ കുറ്റകൃത്യങ്ങള്‍ കുറവായ ദ്വീപുകളില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള നീക്കവും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഭൂപ്രദേശമാണ് ലക്ഷദ്വീപ്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല ദ്വീപ് സമൂഹം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളത്. അവിടുത്തെ ജനങ്ങളുടെ സ്വഭാവ മഹിമയും പെരുമാറ്റ രീതിയുമെല്ലാം ഏറെ പ്രശംസനീയമാണ്. പ്രമുഖരും പ്രശസ്തരും അടക്കമുള്ള പലരും അത് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശാന്തശീലരായ അവിടുത്തെ ജനങ്ങളില്‍ അമര്‍ഷവും പ്രതിഷേധവും സൃഷ്ടിക്കുന്ന നടപടികളാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

നമ്മുടെ രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ കാര്യത്തില്‍ വളരെ സുരക്ഷിതമായി നിലകൊണ്ട പ്രദേശങ്ങളുടെ മുന്‍നിരയിലായിരുന്നു ലക്ഷദ്വീപ്. എന്നാല്‍ അവിടെ നടപ്പാക്കിയ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ മഹാമാരിയുടെ വ്യാപനം ത്വരിതപ്പെടുത്തിയതിന്റെ ഉത്കണ്ഠയിലാണ് ജനങ്ങള്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ദ്വീപിലെ പോസിറ്റീവിറ്റി നിരക്ക് മുന്‍നിലയില്‍ നിന്ന് കുത്തനെ ഉയര്‍ന്നു.

മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിഷ്ഠയോടെ നടപ്പിലാക്കിയിരുന്ന ആറ് ദിവസത്തെ ക്വാറന്റെയ്ന്‍ നിലനിന്നപ്പോള്‍ ഒരു വര്‍ഷത്തോളം കോവിഡിനെ അകറ്റിനിര്‍ത്താന്‍ പ്രദേശവാസികളായ ജനങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ ആ അന്തരീക്ഷമാണ് ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നത്. പൊതുവെ കുറ്റകൃത്യങ്ങള്‍ കുറവായ ദ്വീപുകളില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള നീക്കവും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ജനവികാരം മാനിച്ചുകൊണ്ട് ഈ നടപടികള്‍ പിന്‍വലിക്കാനും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാനും ഗവണ്‍മെന്റ് അടിയന്തിരനടപടി സ്വീകരിക്കണം.

Latest