Connect with us

National

'അലോപതി മരുന്നുകള്‍ കൊവിഡ് രോഗികളെ കൊന്നു'; വിവാദ പ്രസ്താവന രാംദേവ് പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗികളുടെ മരണത്തിനിടയാക്കിയത് അലോപതി ചികിത്സയാണെന്ന വിവാദ പ്രസ്താവന ബാബ രാംദേവ് പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം രാം ദേവിന് കത്ത് നല്‍കി. രാംദേവ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പ്രസ്താവന പിന്‍വലിക്കുകയാണ് വേണ്ടതെന്നും കത്തില്‍ ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. രാം ദേവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ നടപടി.

കൊവിഡ് പോരാളികളെ അപമാനിച്ചതിലൂടെ രാംദേവ് രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്തിയതായി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ രാവും പകലും കൊവിഡിനെതിരെ പോരാടുകയാണ്. ദേവന്മാരെപോലെയാണ് രാജ്യത്തെ ജനങ്ങള്‍ അവരെ കാണുന്നതെന്നും ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.

രാംദേവിന്റെ പ്രസ്താവനകളെത്തുടര്‍ന്ന് മെഡിക്കല്‍ സമൂഹത്തിനുണ്ടായ വേദനയും വിഷമവും മനസിലാക്കിയതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആരോഗ്യമന്ത്രിയോട് നന്ദി പ്രകടിപ്പിച്ചു. പരസ്പരം വൈദ്യശാസ്ത്രത്തില്‍ തെറ്റ് കണ്ടെത്താനുള്ള സമയമല്ല ഇതെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ജയലാല്‍ പറഞ്ഞു.

ആധുനിക വൈദ്യശാസ്ത്രത്തെ മണ്ടന്‍ ശാസ്ത്രം എന്ന് വിശേഷിപ്പിച്ച് സംസാരിക്കുന്ന രാംദേവിന്റെ വീഡിയോയാണ് വിവാദങ്ങള്‍ക്ക് ആധാരം. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവിര്‍, ഫാബിഫ്‌ലു എന്നിവ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഇന്ത്യയിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വീഡിയോയില്‍ ആരോപിക്കുന്നു. അലോപ്പതി മരുന്നുകള്‍ കഴിച്ചതാണ് ലക്ഷക്കണക്കിന് കൊവിഡ് രോഗികളുടെ മരണത്തിന് ഇടയാക്കിയതെന്ന ഗുരുതര ആരോപണവും രാംദേവ് പരസ്യമായി ഉന്നയിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണെന്ന് ആരോപിച്ച് രാംദേവ് സ്ഥാപകനായ ഹരിദ്വാര്‍ ആസ്ഥാനമായ പതഞ്ജലി യോഗ്പീത് ട്രസ്റ്റ് രംഗത്ത് വന്നിരുന്നു.

Latest