Connect with us

Kerala

മലപ്പുറം ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നു;  പ്രതിദിനം കാല്‍ ലക്ഷം പരിശോധന

Published

|

Last Updated

മലപ്പുറം |  ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിദിന പരിശോധന വര്‍ധിപ്പിക്കും. ഇന്ന് മുതല്‍ പ്രതിദിനം 25,000 പേര്‍ക്ക് പരിശോധന നടത്താനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കല്ടർ അറിയിച്ചു. രോഗവ്യാപനം തിരിച്ചറിഞ്ഞ് വൈറസ് ബാധിതര്‍ക്ക് നിരീക്ഷണവും ചികിത്സയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും നിലവില്‍ തുടരുന്ന പരിശോധനകള്‍ക്ക് പുറമെ ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 200 ടെസ്റ്റ് വീതവും നഗരസഭകളില്‍ 500 ടെസ്റ്റുകള്‍ വീതവും നടത്താനാണ് തീരുമാനം. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.

ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ഇതിനായി രണ്ട് മുതല്‍ മൂന്ന് വരെ പരിശോധനാ കേന്ദ്രങ്ങള്‍ ഭരണസമിതികള്‍ ഒരുക്കും. ഈ കേന്ദ്രങ്ങളിലേക്ക് പരമാവധി ആളുകളെ എത്തിക്കുന്നതിന് വാര്‍ഡുതല ആര്‍.ആര്‍.ടി കള്‍ നടപടികൾ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ് ഈ പ്രവര്‍ത്തനങ്ങളുടെ ചുമതല. പരിശോധനക്ക് ആവശ്യമായ ടെസ്റ്റിംഗ് കിറ്റുകള്‍, ജീവനക്കാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരുക്കും. ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ അതാത് താലൂക്ക് തഹസീല്‍ദാര്‍മാരില്‍ നിന്നും ലഭ്യമായ പാസ്സ് ഉപയോഗിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനക്ക് വിധേയരാകുന്നവര്‍ പരിശോധനാ ഫലം വരുന്നതുവരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ജില്ലയ്ക്ക് പുറത്തു നിന്ന് വരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. കോവിഡ് പരിശോധന നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളും പരിശോധനക്ക് വിധേയരാകുന്നവരുടെ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വാര്‍ഡ്, ഫോണ്‍ നമ്പര്‍, താലൂക്ക് എന്നിവ വ്യക്തമായി ജില്ലയിലെ കോവിഡ് പോര്‍ട്ടലില്‍ തല്‍സമയം രേഖപ്പെടുത്തണമെന്നും കലക്ടർ അറിയിച്ചു.

Latest