Kerala
കോണ്‍ഗ്രസില്‍ തലമുറ മാറ്റം അനിവാര്യം: കെ മുരളീധരന്‍

കോഴിക്കോട് | കോണ്‍ഗ്രസില്‍ തലമുറമാറ്റം അനിവാര്യമാണെന്ന് കെ മുരളീധരന്‍ എം പി. സംഘടനാ തലത്തില്‍ മൊത്തത്തില്‍ അഴിച്ചുപണി വേണം. താന്‍ മാറിനില്‍ക്കാന്‍ തയ്യാറാണ്. ഇക്കാര്യ നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ വീതംവെക്കുന്നത് ശരിയല്ല. പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ കൂട്ടായ ഇടപെടല്‍ വേണമെന്നും കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ല. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമെടുക്കും. ആദ്യ സമ്മേളനം നടക്കുന്ന 24ന് പ്രതിപക്ഷ നേതാവ് സഭയിലുണ്ടാകും. പ്രതിപക്ഷ നേതാവ് ആരെന്ന് എം എല്‍ എ മാര്‍ അഭിപ്രായം പറയും. സംഘടന കാര്യമാണ് ഇനി മുഖ്യം. അപ്പോള്‍ കെ പി സി സി പ്രസിഡണ്ടിന്റെ കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പാര്‍ട്ടിക്ക് അടിത്തറയില്ലാതായതാണ് തോല്‍വിക്ക് പ്രധാന കാരണം. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. ഒരു പരാജയവും ശാശ്വതമല്ല. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂട്ടായ പ്രവര്‍ത്തനം വേണം. വികാരമല്ല വിവേകമാണ് വേണ്ടത്. രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിയില്ല. പിന്നെയാണോ പിണറായി വിജയന്‍ അങ്ങനെ വിചാരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.