National
നാലായിരത്തില്‍ നിന്ന് കുറയാതെ പ്രതിദിന കൊവിഡ് മരണം

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 കൊവിഡ് കേസും 4,209 മരണവും. രാജ്യത്ത് ഏറ്റവും കൂടുതല്‍ പരിശോധന (20.61) നടന്ന ഇന്നലെ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായത് പ്രതീക്ഷ നല്‍കുന്നതാണ്. 3.57 ലക്ഷം പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തിയും കൈവരിച്ചു. എന്നാല്‍ കൊവിഡ് മുക്തരായ ചിലരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രാജ്യത്തെ ആരോഗ്യ രംഗത്ത് പുതിയ ആശങ്ക സൃഷ്ടിക്കുന്നു. 5000ത്തിലേറെ ബ്ലാക്ക ഫംഗസ് കേസുകള്‍ ഇതിനകം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് രോഗികള്‍ കുത്തനെ കുറയുമ്പോഴും മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ മരണനിരക്ക് കൂടുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 738 പേര്‍ക്കും, കര്‍ണാടകയില്‍ 548 പേര്‍ക്കും തമിഴ്‌നാട്ടില്‍ 397 പേര്‍ക്കും ഇന്നലെ ജീവന്‍ നഷ്ടമായി. 29, 911 പേര്‍ക്കുകൂടി മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 50 ലക്ഷം കടന്നു.
അതേസമയം, വാക്സിന്‍ ലഭ്യതക്കുറവ് കാരണം വാക്സിനേഷന് വേഗതയില്ലെന്ന് അഭിപ്രായമുയര്‍ന്നിതിന് പിന്നാലെ കൊവാക്‌സിന്റെ ഉല്‍പ്പാദനം ഉയര്‍ത്താന്‍ ഭാരത് ബയോടെക് തീരുമാനിച്ചു. ഹൈദരാബാദിനും ബംഗളൂരുവിനും പുറമെ ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്റിങുമായി ചേര്‍ന്ന് പ്രതിവര്‍ഷം 100 കോടി ഡോസ് കോവാക്സിന്‍ ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചു.