Connect with us

Ongoing News

കന്നി ജയത്തിന്റെ കരുത്തിൽ കെ എൻ ബാലഗോപാൽ മന്ത്രിസഭയിലേക്ക്

Published

|

Last Updated

കൊല്ലം | കൊട്ടാരക്കരയിൽ നിന്ന് കന്നിവിജയത്തോടെ കെ എൻ ബാലഗോപാൽ മന്ത്രിസഭയിലേക്കെത്തുകയാണ്. കൊല്ലത്തെ മണ്ണിൽ കാലുറപ്പിച്ചാണ് മന്ത്രി പദത്തിലേക്കുള്ള ഓരോ പടികളും അദ്ദേഹം ചവിട്ടിക്കയറിയത്. വിദ്യാർഥി സംഘടനാ രംഗത്തിലൂടെ പൊതു പ്രവർത്തനമാരംഭിച്ചു. 1982ൽ പുനലൂർ എസ് എൻ കോളജിൽ മാഗസിൻ എഡിറ്ററായി. തൊട്ടടുത്ത വർഷം തന്നെ കോളജ് യൂനിയൻ ചെയർമാനായി.

1985ൽ എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗമായതോടെ ജില്ല മുഴുവൻ അറിയപ്പെടുന്ന വിദ്യാർഥി നേതാവായി മാറുകയായിരുന്നു ബാലഗോപാൽ.
പുനലൂർ എസ് എൻ കോളജിൽ നിന്ന് ബി കോം ബിരുദവും തിരുവനന്തപുരം എം ജി കോളജിൽ നിന്ന് എം കോം ബിരുദവും സ്വന്തമാക്കിയത് ഉയർന്ന മാർക്കോടെയാണ്. തുടർന്ന് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും പിന്നീട് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി. പഠന ശേഷം ദേശസാത്കൃത ബേങ്കിൽ ഉയർന്ന ജോലി ലഭിച്ചു. എന്നാൽ, വിദ്യാർഥി സംഘടനാ രംഗത്ത് തുടരാനായിരുന്നു തീരുമാനം. പി എച്ച് ഡി എടുക്കണമെന്ന മോഹം മാത്രം നടന്നില്ല.

പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത് വി എസിന് ഒപ്പം നിന്നപ്പോഴും പിണറായിയുടെ പ്രിയപ്പെട്ടവനായിരുന്നു ബാലഗോപാൽ. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗമായി സംസ്ഥാനത്തെ പാർട്ടിയെ നയിക്കുമ്പോഴും പഴയ എസ് എഫ് ഐക്കാരനെന്ന് പറയുന്നതാണ് ബാലഗോപാലിന് ആവേശം. പണ്ട് ഒപ്പം കൊടിപിടിച്ച് സമരമുഖങ്ങളിൽ നിന്നിരുന്നവരുമായൊക്കെ ഇപ്പോഴും വലിയ സൗഹൃദം സൂക്ഷിക്കുന്നുമുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് അവരെല്ലാം കൊട്ടാരക്കരയിൽ സജീവമായിരുന്നു. കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിനം മുതൽ കെ എൻ ബാലഗോപാൽ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയാണ്.

മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ബാലഗോപാൽ 2010ൽ രാജ്യസഭാ എം പിയായി. 2015ലാണ് സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയാകുന്നത്. 2018 മുതൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

Latest