Kerala
സത്യപ്രതിജ്ഞ മറ്റന്നാൾ; മുഖ്യമന്ത്രി ഗവർണറെ കണ്ടു


ഫയൽ ചിത്രം
തിരുവനന്തപുരം | പതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. രാജ്ഭവനിൽ എത്തിയായിരുന്നു സന്ദർശനം.
വ്യാഴാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാം തവണയും എൽഡിഎഫ് സർക്കാർ അധികാരമേൽക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെെകീട്ട് മൂന്നരക്കാണ് സത്യപ്തിജ്ഞാ ചടങ്ങ് തുടങ്ങുക. എംഎൽഎമാരും മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 500 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ പുരോഗമിച്ച് വരികയാണ്.
മുഖ്യമന്ത്രി ഉൾപ്പെടെ 21 പേരാണ് പിണറായി വിജയൻ മന്ത്രിസഭയിൽ ഉണ്ടാകുക. എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് സിപിഎം മന്ത്രിമാർ. പിണറായി വിജയനും കെ രാധാകൃഷ്ണനും ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ് എന്നതാണ് സിപിഎം മന്ത്രിമാരുടെ പ്രത്യേകത. കെ രാധാകൃഷ്ണൻ 1996-ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം, യുവജനകാര്യ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എം ബി രാജേഷ് സ്പീക്കറാകും.
പി പ്രസാദ്, കെ രാജന്‍, ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവരാണ് സിപിഐ മന്ത്രിമാർ. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറും ഇ ചന്ദ്രശേഖരന്‍ നിയമസഭാ കക്ഷി നേതാവുമാകും.
എൻ സി പിയിൽ നിന്ന് എ കെ ശശീന്ദ്രൻ, ജെഡിഎസിൽ നിന്ന് കെ കൃഷ്ണൻ കുട്ടി, കേരള കോൺഗ്രസ് എമ്മിൽ നിന്ന് റോഷി അഗസ്റ്റിൻ, ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് ആന്റണി രാജു, ഐഎൻഎല്ലിൽ നിന്ന് അഹമ്മദ് ദേവർ കോവിൽ എന്നിവരും മന്ത്രിസഭയിലെത്തും.