Techno
വാട്ട്‌സാപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കല്‍; എതിരാളികള്‍ക്ക് വന്‍ വളര്‍ച്ച

ന്യൂയോര്‍ക്ക് | ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ് പുതിയ സ്വകാര്യതാ നയം നടപ്പാക്കിത്തുടങ്ങിയതോടെ എതിരാളികളായ മെസ്സേജിംഗ് ആപ്പുകളിലേക്ക് കൂട്ടത്തോടെ ചേക്കേറി ഉപഭോക്താക്കള്‍. മെയ് 15 മുതല്‍ പുതിയ നയം വാട്ട്‌സാപ്പ് നടപ്പാക്കിയ പശ്ചാത്തലത്തില്‍ എതിരാളികളായ സിഗ്നലിനും ടെലഗ്രാമിനും 1,200 ശതമാനം വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ ജനുവരിയിലാണ് വാട്ട്‌സാപ്പ് പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതെങ്കിലും വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മെയ് 15ലേക്ക് നീട്ടുകയായിരുന്നു.
ഈ പ്രതിഷേധം മുതലെടുത്താണ് സിഗ്നലും ടെലഗ്രാമും ഇടപെട്ടത്. തങ്ങളുടെ സ്വകാര്യതാ നയം ഇരു ആപ്പുകളും മെച്ചപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, വാട്ട്‌സാപ്പിന്റെ വിവാദ നയത്തിനെതിരെ ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ പരമാവധി വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ഇരു ആപ്പുകളുമുണ്ടായിരുന്നു.
ജനുവരിയില്‍ തന്നെ സിഗ്നലിലേക്കും ടെലഗ്രാമിലേക്കും ഉപഭോക്താക്കളുടെ കുത്തൊഴുക്കുണ്ടായിരുന്നു. വാട്ട്‌സാപ്പ് ഉപഭോക്താക്കളുടെ ഡാറ്റ ഫേസ്ബുക്കിന് ലഭ്യമാക്കുന്നതാണ് സ്വകാര്യതാ നയത്തിലെ പ്രധാന ഘടകം. മെയ് 15ന് പുതിയ നയം നിലവില്‍ വന്നെങ്കിലും ഇതംഗീകരിക്കാത്തവരുടെ അക്കൗണ്ട് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചില തടസ്സങ്ങള്‍ ഇവര്‍ക്കുണ്ടാകും.