Connect with us

Kerala

ആദ്യ ടേമിൽ തന്നെ മന്ത്രി പദവി; ഐ എൻ എല്ലിന് ഇത് സ്വപ്ന സാഫല്യം

Published

|

Last Updated

കോഴിക്കോട് | രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടം ലഭിച്ച ഐ എൻ എല്ലിന് ഇത് സ്വപ്ന സാഫല്യം. പാർട്ടി പിറന്ന് 27 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന മന്ത്രിസഭയിലേക്കുള്ള ഐ എൻ എല്ലിന്റെ താരോദയം. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് വിജയിച്ച ഐ എൻ എൽ ദേശീയ സെക്രട്ടറി കൂടിയായ അഹ്മദ് ദേവർകോവിലിലൂടെയാണ് മന്ത്രിസഭാ പ്രവേശം.

ഒരു എം എൽ എ മാത്രമുള്ള ഐ എൻ എൽ അടക്കമുള്ള കക്ഷികൾക്ക് രണ്ടര വർഷം മാത്രമേ മന്ത്രിപദവിയിൽ തുടരാൻ കഴിയുകയുള്ളൂവെന്നാണ് ഇടതു മുന്നണിയിലെ ധാരണ. ഈ സാഹചര്യത്തിൽ ആദ്യഘട്ടത്തിൽ തന്നെ ഐഎൻഎല്ലിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.

രൂപവത്കരിക്കപ്പെട്ട് കാൽ നൂറ്റാണ്ടോളം കാലം പ്രതിബന്ധങ്ങളുടെ നീണ്ടനിരയായിരുന്നു ഐ എൻ എല്ലിന് മുന്നിൽ. മുസ്‌ലിം ലീഗ് വിട്ട ശേഷം ഡൽഹിയിൽ ഖാഇദെ മില്ലത്ത് കൾച്ചറൽ ഫോറം എന്ന പേരിൽ പ്രവർത്തിച്ച് പിന്നീടാണ് ഇന്ത്യൻ നാഷനൽ ലീഗിന്റെ രൂപവത്കരണം.

മുസ്‌ലിം ലീഗിൽ നിന്നുള്ള കടുത്ത എതിർപ്പിനൊപ്പം ദീർഘകാലം ഇടതു മുന്നണിയുടെ പടിക്ക് പുറത്ത് നിൽക്കേണ്ടി വന്നതും തിരിച്ചടിയായി.
അടിസ്ഥാനപരമായി പാർട്ടി വളരുന്നതിനിടെ നെടും തൂണുകളായ നേതാക്കളുടെ അകാല വിയോഗവും മറ്റൊരു തരത്തിൽ തളർത്തി. രൂപവത്കരിക്കപ്പെട്ട് കുറഞ്ഞ മാസങ്ങൾക്കിടെയാണ് സംസ്ഥാന പ്രസിഡന്റ്കൂടിയായിരുന്ന മുൻ മന്ത്രി പി എം അബൂബക്കർ വിടവാങ്ങിയത്. ചില നിർണായക ഘട്ടങ്ങളിലൂടെ പാർട്ടി കടന്നു പോകുന്നതിനിടക്കാണ് പാർട്ടി സ്ഥാപകൻ കൂടിയായ ഇബ്‌റാഹീം സുലൈമാൻ സേട്ട്, മുൻ മന്ത്രി യു എ ബീരാൻ, സി കെ പി ചെറിയ മമ്മുക്കേയി എന്നിവരുടെയും മരണമുണ്ടായത്.

2006 മുതൽ 2011 വരെ പി എം എ സലാം എം എൽ എ ആയതൊഴിച്ചാൽ മറ്റൊരാൾ ഇതുവരെ ഐ എൻ എൽ ബാനറിൽ നിയമസഭയിലെത്തിയിട്ടില്ല. മുതിർന്ന നേതാക്കൾക്ക് ശേഷം പാർട്ടിയുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ട പി എം എ സലാം പിന്നീട് ഐ എൻ എൽ വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നു.

ഇതിനെല്ലാം പുറമെ, പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ഐ എൻ എൽ മൂന്ന് സീറ്റുകളിലെങ്കിലും മത്സരിക്കാറുണ്ടെങ്കിലും തോൽവിയായിരുന്നു ഫലം. എന്നാൽ, 2019ൽ എൽ ഡി എഫിന്റെ ഘടകകക്ഷി ആയതോടെ സംഘടനാ സംവിധാനത്തിൽ വലിയ മാറ്റമുണ്ടായി. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും കോഴിക്കോട് സൗത്തിൽ വിജയം കണ്ടു.

ഐ എൻ എല്ലിനെ സംബന്ധിച്ചിടത്തോളം പുതിയ മന്ത്രി പദവി പാർട്ടിയുടെ വളർച്ചക്ക് കൂടി കരുത്തേകുമെന്നാണ് വിലയിരുത്തൽ.

 

Latest