Connect with us

Editorial

അതിന് എത്ര കുഞ്ഞുങ്ങളുടെ ചോര ചിന്തണം?

Published

|

Last Updated

ഒരാളും നിലക്ക് നിര്‍ത്താനില്ലാത്ത അക്രമി രാജ്യമായി ഇസ്‌റാഈല്‍ തുടരുന്നുവെന്ന് വ്യക്തമാക്കുന്ന, വേദനയും പ്രതിഷേധവും ഒരു പോലെ ഉണര്‍ത്തുന്ന സംഭവങ്ങളാണ് ഫലസ്തീനില്‍ നടക്കുന്നത്. റമസാനിന്റെ പകുതിയോടെ ജറൂസലമിലെ അല്‍അഖ്‌സാ കോമ്പൗണ്ടിന് ചുറ്റും സയണിസ്റ്റ് തീവ്രവാദികള്‍ ആരംഭിച്ച ഭീകരത ഗസ്സക്ക് നേരേ ക്രൂരമായ വ്യോമാക്രമണമായി മാറിയിരിക്കുന്നു. മരിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍, അഭയാര്‍ഥി ക്യാമ്പില്‍ പോലും രക്ഷയില്ലാത്ത നിരായുധരായ മനുഷ്യര്‍. തകര്‍ന്നടിയുന്ന ആശുപത്രികളും സ്‌കൂളുകളും വാസസ്ഥലങ്ങളും. മാധ്യമ സ്ഥാപനങ്ങള്‍ക്ക് പോലും രക്ഷയില്ല. 2014ലെ ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന് ഇസ്‌റാഈല്‍ വിശേഷിപ്പിച്ച കൂട്ടക്കൊലക്ക് ശേഷം ഭാഗികമായി പുനര്‍നിര്‍മിക്കപ്പെട്ട ഗസ്സയെ സമ്പൂര്‍ണമായി തകര്‍ക്കുന്നതിലാണ് ഇത്തവണത്തെ അതിക്രമം കലാശിക്കുക. ഇസ്‌റാഈലിന് സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതോടെ ഈ നരനായാട്ട് കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് വ്യക്തമായിരിക്കുന്നു. മനുഷ്യത്വം അല്‍പ്പമെങ്കിലും അവശേഷിക്കുന്ന ഒരാള്‍ക്കും ഈ അതിക്രമം അംഗീകരിച്ചു കൊടുക്കാനാകില്ല. ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട അങ്ങേയറ്റം ദുഃഖകരമായ സംഭവം മുന്‍നിര്‍ത്തി വര്‍ഗീയമായ പ്രചാരണം അഴിച്ചുവിടുന്നത് ബുദ്ധിയുള്ള ഒരു മനുഷ്യനും വകവെച്ച് കൊടുക്കുകയുമില്ല. കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ഫലസ്തീന്‍ വിരുദ്ധവും ഇസ്‌റാഈലിനെ പച്ചക്ക് ന്യായീകരിക്കുന്നതുമായ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അത്രമേല്‍ വിഷമയമായ ജല്‍പ്പനങ്ങള്‍ നടക്കുന്നുവെന്നത് അവഗണിക്കാവുന്ന കാര്യമല്ല. സംഘ്പരിവാര്‍ രാഷ്ട്രീയ കൗശലത്തോടെ അഴിച്ചുവിടുന്ന പ്രചാരണങ്ങളില്‍ ജനാധിപത്യവാദികള്‍ കുടുങ്ങിപ്പോകാതിരിക്കാനുള്ള ജാഗ്രതയാണ് ഇപ്പോള്‍ വേണ്ടത്. അതിവൈകാരികമായ പ്രതികരണങ്ങള്‍ ഈ ദുഷ്പ്രചാരണത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ. ഫലസ്തീന്‍ പോരാട്ടത്തിന്റെ ചരിത്രവും വര്‍ത്തമാനവും യാഥാര്‍ഥ്യവും പഠിക്കുകയും വസ്തുതാപരമായി സംസാരിക്കുകയുമാണ് വേണ്ടത്. ഒപ്പം മനുഷ്യത്വമുള്ള മുഴുവന്‍ പേരെയും അണിനിരത്തി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ പുതുക്കുകയും വേണം. ഈ വിഷയത്തെ മതപരമായി ചുരുക്കിക്കെട്ടാനും അതുവഴി ചേരിതിരിഞ്ഞ് പടവെട്ടാനും തുടങ്ങുമ്പോള്‍ നമ്മുടെ സാമൂഹിക ഘടനക്ക് തന്നെ പരുക്കേല്‍ക്കുമെന്ന് എല്ലാവരും മനസ്സിലാക്കണം.

എന്താണ് ഫലസ്തീന്‍ പ്രശ്‌നത്തിന്റെ കാതല്‍? ഇസ്‌റാഈല്‍ ഒരു അധിനിവേശ രാഷ്ട്രമാണെന്നും ഫലസ്തീന്‍ ജനത അതിന്റെ ഇരകളാണെന്നും അംഗീകരിച്ചുകൊണ്ട് മാത്രമേ ഈ വിഷയത്തെ നിഷ്പക്ഷമായി സമീപിക്കാനാകുകയുള്ളൂ. ഈ അടിസ്ഥാന വസ്തുതയുടെ വെളിച്ചത്തില്‍ നിന്നുകൊണ്ടാണ് ഹമാസ് അടക്കമുള്ള പോരാട്ട ഗ്രൂപ്പുകളെയും മേഖലയില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളെയും ഓഡിറ്റ് ചെയ്യേണ്ടത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കാന്‍ യു എന്നടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നോട്ട് വെച്ച ഒരു വ്യവസ്ഥയും ഇന്നോളം അംഗീകരിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല എന്നതാണ് രണ്ടാമത്തെ വസ്തുത. ഇസ്‌റാഈലിന് അകത്ത് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും അറബികളും വംശീയ വിവേചനം അനുഭവിക്കുന്നുവെന്നതാണ് മൂന്നാമത്തെ കാര്യം. ബൈത്തുല്‍ മുഖദ്ദസിന് ചുറ്റും നടക്കുന്ന അതിക്രമങ്ങള്‍ക്ക് വിശ്വാസത്തിന് നേരേയുള്ള ആക്രമണത്തിന്റെ തലമുണ്ടെന്ന് കൂടി മനസ്സിലാക്കണം.

ഇസ്‌റാഈല്‍ രാഷ്ട്രം 1948ല്‍ രൂപവത്കൃതമാകുന്നതിന് എത്രയോ മുമ്പ് തന്നെ അധിനിവേശ പദ്ധതി ജൂത തീവ്രവാദി ഗ്രൂപ്പുകള്‍ ആരംഭിച്ചിരുന്നു. അറബികള്‍ക്കിടയില്‍ ഭൂമി വാങ്ങി കുടിയേറിയവര്‍ പതുക്കെ പതുക്കെ തങ്ങളുടെ അധീന മേഖല വ്യാപിപ്പിക്കുകയായിരുന്നു. ഇതിന് ബ്രിട്ടനടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയുണ്ടായിരുന്നു. ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ ഇസ്‌റാഈല്‍ രാഷ്ട്ര സംസ്ഥാപനം ഔദ്യോഗിക കടമയായി ബ്രിട്ടീഷ് ഭരണകൂടം അംഗീകരിച്ചിരുന്നുവല്ലോ. തങ്ങള്‍ക്ക് നിയമപരമായി അവകാശമില്ലാത്ത ഭൂമിയെടുത്ത്, നിയമപരമായി ഒരു നിലക്കും അവകാശികളല്ലാത്ത മറ്റൊരു കൂട്ടര്‍ക്ക് പതിച്ചു കൊടുത്തതിന്റെ പേരാണല്ലോ ഇസ്‌റാഈല്‍ രൂപവത്കരണം. യൂറോപ്പില്‍ കടുത്ത പീഡനം അനുഭവിച്ച ജൂത കമ്മ്യൂണിറ്റിയുമായി സഹജീവിതത്തിന് തയ്യാറായ അറബികള്‍ക്ക് മേല്‍ ക്രൂരമായ അതിക്രമം അഴിച്ചുവിടുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്. ഫലസ്തീന്‍ വിഭജിക്കാന്‍ യു എന്‍ പ്രമേയം പാസ്സാക്കിയ 1947 നവംബര്‍ 29 മുതല്‍ ഇസ്‌റാഈല്‍ നിലവില്‍ വന്ന 1948 മെയ് 15 വരെ നടന്ന ക്രൂരമായ ആട്ടിയോടിക്കലാണ് നഖ്ബയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്നാണ് തങ്ങളുടെ സ്വാഭാവിക വാസസ്ഥലത്തിന്റെ 70 ശതമാനത്തില്‍ നിന്നും ഫലസ്തീനികള്‍ക്ക് ഓടിപ്പോകേണ്ടിവന്നത്. ഫലഭൂയിഷ്ടമായ കൃഷിഭൂമി മുഴുവന്‍ ജൂത തീവ്രവാദികള്‍ കൈക്കലാക്കി. പിന്നെ ഒരു കാലത്തും ഈ കൈയടക്കല്‍ നിലച്ചിട്ടില്ല.

1967ലെ ആറ് ദിന യുദ്ധത്തില്‍ കിഴക്കന്‍ ജറൂസലം അടക്കമുള്ള ഭൂവിഭാഗം ഇസ്‌റാഈല്‍ അധീനതയിലാക്കി. അല്‍അഖ്‌സ സമുച്ചയം ഉള്‍ക്കൊള്ളുന്ന പ്രദേശമാണിതെന്നോര്‍ക്കണം. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സ്വാഭാവിക തലസ്ഥാനമാകേണ്ട ഈ പ്രദേശത്തെ അധിനിവേശം ഒരു അന്താരാഷ്ട്ര സമിതിയും ഇക്കാലം വരെ അംഗീകരിച്ചിട്ടില്ല. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും ഈ പിടിച്ചടക്കല്‍ നിയമവിരുദ്ധമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ് ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്. ഫലസ്തീന്‍ താത്പര്യങ്ങള്‍ ബലികഴിച്ച് 1993ല്‍ അമേരിക്കയുടെ മുന്‍കൈയില്‍ നിലവില്‍ വന്ന ഓസ്‌ലോ കരാര്‍ പോലും നിഷ്‌കര്‍ഷിക്കുന്നത് ഈ പ്രദേശത്ത് നിന്ന് ഇസ്‌റാഈല്‍ പിന്‍വാങ്ങണമെന്നാണ്. പ്രധാനമന്ത്രിപദത്തിലിരിക്കെ ആദ്യമായി ഇസ്‌റാഈല്‍ സന്ദര്‍ശിച്ച് തന്റെ രാഷ്ട്രീയ പക്ഷപാതിത്വം പ്രഖ്യാപിച്ച നരേന്ദ്ര മോദി പോലും രാമല്ലയില്‍ ചെന്ന് പറഞ്ഞത് 1967ലെ അതിര്‍ത്തിയിലേക്ക് ഇസ്‌റാഈല്‍ പിന്‍വാങ്ങണമെന്നാണ്. ഇതേ കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജറാഹില്‍ അറബ് വംശജരെ കുടിയിറക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഇസ്‌റാഈലാണല്ലോ ഇപ്പോഴത്തെ സംഘര്‍ഷത്തിന് തിരികൊളുത്തിയത്.

അതുകൊണ്ട് ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങളുടെ കൂട്ടായ്മകള്‍ ഇടപെടണം. ന്യായയുക്തമായ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കിക്കൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുകയുള്ളൂ. അതിന് എത്ര കുഞ്ഞുങ്ങളുടെ ചോര ചിന്തണം? എത്ര മനുഷ്യര്‍ കുടിയിറക്കപ്പെടണം? എത്ര വിശ്വാസികളുടെ പ്രാര്‍ഥനാ നിര്‍ഭരമായ നിമിഷങ്ങളില്‍ ചോര വീഴ്ത്തണം? സ്വന്തം നാട്ടില്‍ അന്യരായി ഈ ജനത എത്രകാലം അലയണം? മറ്റെല്ലാം മാറ്റിവെക്കാം. മനുഷ്യന്റെ ചോര കാണാം.

Latest