Articles
സ്റ്റാലിൻ വരുമ്പോൾ തമിഴകം മാറുമോ?

തമിഴ്‌നാട്ടിൽ ഒരു പതിറ്റാണ്ട് നീണ്ട എ ഐ എ ഡി എം കെ ഭരണത്തിന് തിരശ്ശീല വീണിരിക്കുന്നു. ഡി എം കെ, കോൺഗ്രസ്, ഇടതുപക്ഷ സഖ്യം 159 സീറ്റുകളിൽ ജയിച്ച് ഭൂരിപക്ഷം നേടി സർക്കാർ രൂപവത്കരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ജയലളിതയുടെ മരണശേഷം പാർട്ടിയിലുണ്ടായ അധികാര തർക്കത്തിനിടയിലും എ ഐ എ ഡി എം കെക്ക് കാര്യമായ ക്ഷീണമുണ്ടായിട്ടില്ല എന്ന് കാണാം. പത്ത് വർഷത്തെ തുടർച്ചയായ ഭരണം സൃഷ്ടിച്ച വിരുദ്ധ വികാരത്തിനിടയിലും 75 സീറ്റുകളിൽ നിലനിൽക്കാനായി എന്നത് ഈ പരാജയത്തിനിടയിലും പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
234 അംഗ സഭയിൽ 133 സീറ്റുകൾ നേടി ഒറ്റക്ക് ഭരിക്കാനുള്ള എം എൽ എമാർ സ്റ്റാലിനൊപ്പമുണ്ട്. എന്നാൽ 37.65 ശതമാനം വോട്ട്മാത്രമാണ് ഇത്തവണ ഡി എം കെയുടെ പെട്ടിയിൽ വീണത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനം വർധനവ്. പ്രീ-പോൾ, എക്‌സിറ്റ് പോൾ സർവേകൾ ഒരു പോലെ പ്രവചിച്ചിരുന്നത്ര വലിയ മാർജിനിലേക്ക് സീറ്റുകൾ പിടിച്ചെടുക്കാൻ സ്റ്റാലിന് കഴിഞ്ഞില്ല. ഡി എം കെ സഖ്യത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ് 25 സീറ്റുകളിൽ മത്സരിച്ചപ്പോൾ 18 സീറ്റുകളിലും വിജയിക്കാനായി.
കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച ഇടതുപാർട്ടികൾക്ക് പൂജ്യത്തിൽ നിന്ന് നാലിലേക്കും നില മെച്ചപ്പെടുത്താനായി. എ ഐ എ ഡി എം കെ സഖ്യത്തിൽ വലിയ നേട്ടമുണ്ടാക്കി എന്ന് അവകാശപ്പെടുന്ന ബി ജെ പി 20 സീറ്റുകളിൽ മത്സരിച്ചാണ് 2.6 ശതമാനം വോട്ട് മാത്രം നേടി നാല് സീറ്റുകളിൽ വിജയിച്ചത്. വോട്ടിംഗ് ശതമാനത്തിൽ പോലും വലിയ നേട്ടമുണ്ടാക്കി എന്ന് പറയാൻ കഴിയില്ല. കാരണം 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും ഡി എം കെ സഖ്യത്തിനൊപ്പം മത്സരിച്ചപ്പോൾ നാല് സീറ്റുകൾ നേടിയിരുന്നു. എന്നാൽ അന്നുണ്ടായിരുന്ന 3.2 ശതമാനം വോട്ടുകൾ പോലും ഇത്തവണ ബി ജെ പി അക്കൗണ്ടിൽ കാണാൻ കഴിയുന്നില്ല.
ഒരു സീറ്റുപോലുമില്ലാതിരുന്ന ബി ജെ പി നാല് സീറ്റുകൾ വിജയിച്ചു എന്നത് വലിയ നേട്ടമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും ഒറ്റക്ക് നിന്നാൽ ഒന്നും നേടാൻ കഴിയില്ല എന്നത് തന്നെയാണ് ഇപ്പോഴും ബി ജെ പിയുടെ അവസ്ഥ. വേൽമുരുകനെ മുൻനിർത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും എം ജി ആറിന്റെ അവതാരമായി മോദിയെ ചിത്രീകരിക്കുന്നതുമടക്കമുള്ള പല തിരഞ്ഞെടുപ്പ് ഗിമ്മിക്കുകളും പരാജയപ്പെട്ടു എന്ന് തന്നെ പറയാം. ദേശീയ നേതാക്കൾക്കൊപ്പം യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ സജീവമായി പ്രചാരണ രംഗത്തിറങ്ങിയിട്ടും വേൽ യാത്രയുടെ നായകനായിരുന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ എൽ മുരുകനെ പോലും നിയമസഭയിൽ എത്തിക്കാനായില്ല എന്നത് ബി ജെ പി സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ശക്തിയല്ല എന്നതിന്റെ ഏറ്റവും നല്ല തെളിവാണ്.
എന്നാൽ കേരളത്തിന്റെ അതിർത്തി പ്രദേശമായ കന്യാകുമാരി ജില്ലയിൽ ഭാഷാന്യൂനപക്ഷങ്ങൾക്കിടയിൽ ബി ജെ പിക്ക് സ്വാധീനം വളരുന്നതായി കാണാം. നാഗർകോവിലിൽ ബി ജെ പി പ്രതിനിധി 11,669 വോട്ടുകൾക്കാണ് ജയിച്ചു കയറിയത്.
തമിഴ്‌നാട്ടിൽ ഡി എം കെയും എ ഐ എ ഡി എം കെയും നേതൃത്വം നൽകുന്ന സഖ്യത്തിനപ്പുറം ഒരു പാർട്ടിക്കും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ല എന്നതിന്റെ ഉറച്ച സാക്ഷ്യം കൂടിയായിരുന്നു ഇത്തവണത്തെ ഫലം.
ജയലളിതയുടെ മരണശേഷം അവരുടെ മണ്ഡലമായ ആർ കെ നഗറിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു കയറിയ ടി ടി വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം 161 സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റു പോലും നേടാനായില്ല. എന്നിരുന്നാലും 3.4 ശതമാനം വോട്ടുകൾ നേടി എ ഐ എ ഡി എം കെ വോട്ട് ബേങ്കിൽ വിള്ളലുണ്ടാക്കി. 2011ൽ പ്രതിപക്ഷ നേതാവായിരുന്ന സിനിമാ നടൻ വിജയ്കാന്തിന്റെ ഡി എം ഡി കെ പാർട്ടി തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് പോലും നേടാനാകാതെ അപ്രസക്തമാവുകയാണ്.
സിനിമാ നടന്മാർക്ക് പഴയ പോലെ ക്ലച്ച് പിടിക്കാൻ കഴിയുന്നില്ല എന്നതിന്റെ സൂചനയാണ് കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന്റെയും ഗതി. നടൻ മത്സരിച്ച കോയമ്പത്തൂർ സൗത്തിലടക്കം 142 മണ്ഡലങ്ങളിലും പാർട്ടി നിലം തൊട്ടില്ല. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 3.7 എന്ന വോട്ടിംഗ് ശതമാനത്തിൽ നിന്ന് 2.84 ലേക്ക് വോട്ടുകളും ചോർന്നു പോയിട്ടുണ്ട്.
മക്കൾ നീതി മയ്യത്തിനൊപ്പം മത്സരിച്ച സിനിമാ നടൻ ശരത് കുമാറിന്റെ ആൾ ഇന്ത്യ സമത്വ മക്കൾ പാർട്ടിക്കും ഒരു സീറ്റിൽ പോലും മികച്ച പ്രകടനം നടത്താനായില്ല.
ഒരു കാലത്ത് എൽ ടി ടി ഇയുടെ ശബ്ദവും പാർലിമെന്റിലെ സിംഹം എന്ന് വിളിപ്പേരുണ്ടായിരുന്നയാളുമായ വൈകോ ഡി എം കെ സംഖ്യത്തിനൊപ്പം മത്സരിച്ചിട്ടും തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിന്ന് മാഞ്ഞുപോകുന്നതാണ് ഈ തിരഞ്ഞെടുപ്പ് ബാക്കിയാക്കുന്ന മറ്റൊരു ചിത്രം.
തിരഞ്ഞെടുപ്പ് ഫലം കേവലമായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം മാത്രമായി നിരീക്ഷിക്കാൻ കഴിയില്ല. ജയലളിതക്കും കരുണാനിധിക്കും ശേഷമുള്ള മുതലമൈച്ചർ ആരെന്ന ചോദ്യത്തിന് തമിഴ് ജനതയുടെ ഉറച്ച ഉത്തരം കൂടിയാണിത്.
ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെങ്കിലും ഒരു നീണ്ട കാലത്തേക്ക് സ്റ്റാലിൻ മാത്രമാവും തമിഴ്‌നാട് ഭരണസിരാകേന്ദ്രത്തിന്റെ അധിപൻ എന്ന കാര്യത്തിൽ തർക്കങ്ങളുണ്ടാകില്ല. എം ജി ആർ- ജയലളിത പ്രഭാവത്തിനപ്പുറം എ ഐ എ ഡി എം കെക്ക് ഒരു രാഷ്ട്രീയവും മുന്നോട്ട് വെക്കാനില്ല എന്നതാണ് വസ്തുത.
തമിഴ് ദേശീയതയും കീഴാള രാഷ്ട്രീയവും ഹിന്ദുത്വ വിരുദ്ധതയും ഏറ്റവും ഗംഭീരമായി സംബോധന ചെയ്യാൻ സ്റ്റാലിന് കഴിയുന്നുണ്ട് എന്നത് തന്നെയാണ് വരാനിരിക്കുന്ന സ്റ്റാലിൻ യുഗത്തിന് സൂചന നൽകുന്ന പ്രധാന ഘടകങ്ങൾ.
എന്നാൽ എ ഐ എ ഡി എം കെ പാളയത്തിൽ എടപ്പാടി പളനി സ്വാമിക്കപ്പുറം പനീർസെൽവമല്ലാതെ ഒരു ഐക്കണില്ല. സൂപ്പർ പവറില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും തമിഴ് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കുക പ്രയാസമാണ്. മുത്തുവേൽ കരുണാധിയുടെ കരിഷ്മാറ്റിക് ലീഡർഷിപ്പിലേക്ക് സ്റ്റാലിന് അസാമാന്യമായ മെയ്‌വഴക്കത്തോടെ കടന്നു ചെല്ലാനായിട്ടുണ്ട് എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം ഡി എം കെക്ക് നൽകുന്ന വലിയ പ്രതീക്ഷ. മാത്രമല്ല പരിചയ സമ്പന്നരും പുതുമുഖങ്ങളുമടങ്ങുന്ന മികച്ച ഒരു ടീമും സ്റ്റാലിനൊപ്പമുണ്ട്. മക്കൾ രാഷ്ട്രീയത്തിന് കുപ്രസിദ്ധിയാർജിച്ച ഡി എം കെ രാഷ്ട്രീയത്തിൽ സ്വന്തം മകൻ ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിൽ നിന്ന് അകറ്റി നിർത്തിയതും സ്റ്റാലിൻ മുന്നോട്ട് വെക്കുന്ന പുരോഗമന രാഷ്ട്രീയത്തിന്റെ സൂചനയായി കണക്കാക്കാം.
അധികാരമേറ്റ ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി ഒപ്പിട്ട ഫയലുകളും സ്റ്റാലിൻ ഉയർത്തിപ്പിടിക്കുന്ന ജനക്ഷേമ വികസന മാനിഫെസ്റ്റോയുടെ തെളിഞ്ഞ ഉദാഹരണങ്ങളാണ്.
ടെലിവിഷനും വാഷിംഗ് മെഷീനുമൊക്കെ നൽകി വോട്ടർമാരെ പ്രലോഭിപ്പിച്ചിരുന്ന മുൻ സർക്കാറുകളിൽ നിന്ന് ആരോഗ്യ സുരക്ഷയും സാമൂഹിക ക്ഷേമവും മുൻനിർത്തിയുള്ള ഭരണത്തിലേക്കുള്ള മാറ്റത്തിന്റെ ചുവടുകൾ തന്നെയാണ് സ്റ്റാലിന് താരപരിവേഷം നൽകുന്നത്.