International
മുന്നറിയിപ്പിന് പിന്നാലെ ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തു

ഗാസ സിറ്റി | ഒരു മണിക്കൂറിനകം ഒഴിയണമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഗാസസിറ്റിയില്‍ അല്‍ജസീറ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്റാഈൽ ബോംബിട്ട് തകര്‍ത്തു. അല്‍ജസീറക്ക് പുറമെ അസോസിയേറ്റ് പ്രസ് ന്യൂസ് ഏജന്‍സിയും പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്.
11 നിലകളുള്ള അല്‍ ജലാല കെട്ടിടമാണ് ഇസ്‌റാഈല്‍ തകര്‍ത്തത്. മാധ്യമ സ്ഥാപനങ്ങള്‍ക്ക് പുറമെ മറ്റു പല സ്ഥാപനങ്ങളും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റോക്കറ്റ് പതിച്ച് നിമിഷങ്ങള്‍ക്കകം കെട്ടിടം തകര്‍ന്നുതരിപ്പണമായെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലെ അതിക്രമങ്ങള്‍ പുറംലോകമറിയാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്‌റാഈല്‍ മാധ്യമസ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയത്. ഗാസയില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി പുറംലോകത്തെത്തിക്കുന്ന അല്‍ജസീറ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഇസ്റാഈല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
#VIDEO Al Jazeera broadcast footage showing the building collapsing to the ground after the Israeli air strike, sending up a huge mushroom cloud of dust and debrishttps://t.co/2czISM0AkC pic.twitter.com/X5CuNpl5I5
— AFP News Agency (@AFP) May 15, 2021
അല്‍ജസീറ ചാനലും മറ്റു അന്താരാഷ്ട്ര വാര്‍ത്താ ചാനലുകളുടെ ഓഫീസും സ്ഥിതി ചെയ്യുന്ന കെട്ടിടം ഒരു മണിക്കൂറിനകം ഒഴിയണമെന്നും അല്ലാത്തപക്ഷം കെട്ടിടം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുമെന്നുമായിരുന്നു ഭീഷണി സന്ദേശം. ഇതിന് പിന്നാലെ കെട്ടിടം തകര്‍ക്കുകയും ചെയ്തു.