Connect with us

Kerala

സംസ്ഥാനത്ത് ചുഴലിക്കാറ്റ് പ്രഭാവം തുടരുന്നു; വടക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രി ശക്തമായ കാറ്റിന് സാധ്യത

Published

|

Last Updated

തിരുവനന്തപുരം | അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുകയാണെന്നും ചുഴലിക്കാറ്റിന്റെ കേന്ദ്രം നമ്മുടെ തീരത്തുനിന്ന് വടക്കോട്ട് സഞ്ചരിച്ചെങ്കിലും കേരളത്തില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് വ്യാപകമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് ദിവസമായി പെയ്യുന്ന അതിതീവ്ര മഴയും അതിശക്തമായ കാറ്റും സംസ്ഥാനത്തുടനീളം വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം കേരളത്തില്‍ ആകെ രേഖപ്പെടുത്തിയ മഴ ശരാശരി 145.5 മില്ലിമീറ്ററാണ്. കൊച്ചി, പീരുമേട് സ്റ്റേഷനുകളില്‍ 200 മില്ലിമീറ്ററിന് മുകളിലുള്ള മഴ 24 മണിക്കൂറില്‍ രേഖപ്പെടുത്തി. ഒട്ടുമിക്കയിടങ്ങളിലും അതിശക്തമായ മഴ തന്നെയാണ് രേഖപ്പെടുത്തിയത്.

വടക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയും ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള ശക്തമായ കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. കാറ്റ് വലിയ തോതിലുള്ള അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണുമാണ്. അതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുകയാണ്.
നമ്മുടെ പറമ്പിലും സമീപത്തുമുള്ള മരങ്ങള്‍ കൊത്തി ഒതുക്കലും അപകടരമായ അവസ്ഥയിലുള്ളവയെ സുരക്ഷിതമാക്കുകയും ചെയ്യേണ്ടതുണ്ട്.

ചുഴലിക്കാറ്റ് മാറി പോയാലും അടുത്ത ദിവസങ്ങളില്‍ തന്നെ സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തും. കാലവര്‍ഷം കേരളത്തിലെത്തുക മെയ് 31നോട് കൂടിയായിരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കാലവര്‍ഷത്തിലും നമുക്ക് മരങ്ങള്‍ വീണ് ഉണ്ടാകുന്ന അപകടങ്ങളാണ് കൂടുതല്‍ ഉണ്ടാവാറുള്ളത്. അതുകൊണ്ട് ഈ കാര്യത്തില്‍ നല്ല ഗൗരവം കാണിക്കേണ്ടതുണ്ട്.

മണിമലയാര്‍, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മള്‍ ഒരു മഴക്കാലത്തിലല്ല ഉള്ളത് എന്നത് കൊണ്ട് തന്നെ വലിയ പ്രളയ ഭീതിയുടെ സാഹചര്യമില്ല. എന്നിരുന്നാലും അതിശക്തമായ മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് അപകടാവസ്ഥയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ അണക്കെട്ടുകളില്‍ വലിയ അളവില്‍ വെള്ളം സംഭരിക്കപ്പെട്ടിട്ടില്ല. ആ കാര്യത്തിലും ആശങ്ക വേണ്ട. ചെറിയ ചില അണക്കെട്ടുകള്‍ തുറക്കുകയും നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരം അണക്കെട്ടുകള്‍ക്ക് കീഴില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണം.

രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. 9 ജില്ലകളെ കടലാക്രമണം ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. കേരളത്തിന്റെ തീരം സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു എന്നത് ഗൗരവമായി കാണണം. കടല്‍ ഭിത്തി നിര്‍മിച്ചത് കൊണ്ടുമാത്രം എല്ലായിടത്തും ശാശ്വതമായ പരിഹാരം ആകുന്നില്ല എന്നത് കാണണം.

അപകടാവസ്ഥയില്‍ കഴിയുന്ന തീരദേശവാസികളുടെ സുരക്ഷക്കായുള്ള ഒരു ശാശ്വത പരിഹാരമെന്ന നിലക്കാണ് “പുനര്‍ഗേഹം” എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. 50 മീറ്റര്‍ വേലിയേറ്റ പരിധിയില്‍ അപകട സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് ഭൂമി വാങ്ങാനും വീട് വെക്കാനും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. ഇപ്പോള്‍ നമ്മള്‍ ഒരു അടിയന്തര സാഹചര്യത്തിലാണ്.
ചുഴലിക്കാറ്റ് മൂലമുള്ള കടല്‍ക്ഷോഭം കുറച്ചു ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ നമ്മള്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി ആരുടേയും ജീവന്‍ അപകടത്തില്‍ പെടുന്നില്ല എന്നുറപ്പാക്കുകയാണ് വേണ്ടത്. എല്ലാവരുടെയും സഹകരണം ഈ കാര്യത്തില്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണ്.

കഴിഞ്ഞ 2 ദിവസമായി കേരളത്തില്‍ തുടരുന്ന ശക്തമായ പ്രകൃതിക്ഷോഭത്തില്‍ 2 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ആളുകള്‍ മരണപ്പെട്ടത്. രണ്ടുപേരും മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ശക്തമായ മഴയും കാറ്റുമുള്ള ഘട്ടത്തില്‍ ജലാശയത്തില്‍ ഇറങ്ങുന്നതും നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം.

കാലവര്‍ഷം ശക്തമാവുകയും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കണ്ടാല്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കാനും പാലിക്കാനും എല്ലാവരും തയ്യാറാകണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയാണ്.

ക്യാമ്പുകളിലേയ്ക്ക് മാറാനുള്ള നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ കോവിഡ് പകര്‍ന്നേക്കാം എന്ന ആശങ്ക കാരണം മാറാതെ ഇരിക്കരുത്.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷിതമായി ക്യാമ്പുകള്‍ നടത്താനുള്ള രീതി തയ്യാറാക്കിയിട്ടുണ്ട്. രോഗികളായവരെ, ക്വാറന്റയിനില്‍ കഴിയുന്നവരെയൊക്കെ പ്രത്യേകമായി തന്നെ പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. അതുകൊണ്ട് ക്യാമ്പുകളിലേയ്ക്ക് മാറാന്‍ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ അത് പിന്തുടരാന്‍ വൈമുഖ്യം കാണിക്കരുത്. ക്യാമ്പുകളില്‍ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും പരമാവധി ശ്രദ്ധിക്കണം.

ആളുകള്‍ ക്യാമ്പുകളില്‍ തിങ്ങി നില്‍ക്കാന്‍ പാടില്ല. മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണം. ക്യാമ്പിലേയ്ക്ക് വരുമ്പോള്‍ കയ്യില്‍ കരുതേണ്ട എമര്‍ജന്‍സി കിറ്റില്‍ സാനിറ്റൈസറര്‍, മാസ്‌ക്, മരുന്നുകള്‍, മരുന്നുകളുടെ കുറിപ്പുകള്‍ തുടങ്ങിയവ കരുതണം. സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പ്രധാന രേഖകള്‍ എന്നിവയും കയ്യില്‍ കരുതണം.

ക്യാമ്പുകളില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനലുകള്‍ തുറന്നിട്ട് പരമാവധി വായു സഞ്ചാരം ഉറപ്പു വരുത്തുകയും വേണം. ക്യാമ്പിലെത്തുന്നവര്‍ക്ക് ടെസ്റ്റിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിക്കണം.

ഈ മാസം സംസ്ഥാനത്ത് 71 ദുരിതശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ഈ ക്യാമ്പുകളില്‍ 543 കുടുംബങ്ങളിലായി 2094 പേര് കഴിയുന്നുണ്ട്. ഇതില്‍ 821 പുരുഷന്മാരും 850 സ്ത്രീകളും 423 കുട്ടികളുമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ 19 ക്യാമ്പുകളിലായി 672 പേരും, കൊല്ലം ജില്ലയിലെ 10 ക്യാമ്പുകളില്‍ 187 പേരും ആലപ്പുഴ ജില്ലയിലെ 10 ക്യാമ്പുകളിലായി 214 പേരും എറണാകുളം ജില്ലയില്‍ 17 ക്യാമ്പുകളില്‍ 653 പേരും ഉണ്ട്. കോട്ടയത്തെ 2 ക്യാമ്പുകളില്‍ 24 പേരും, തൃശൂരിലെ 7 ക്യാമ്പുകളില്‍ 232 പേരും, മലപ്പുറത്തെ 3 ക്യാമ്പുകളില്‍ 53 പേരും, കോഴിക്കോട് ജില്ലയിലെ 3 ക്യാമ്പുകളില്‍ 59 പേരുമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---- facebook comment plugin here -----

Latest