National
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകളുടെ കണക്കെടുക്കണം: പ്രധാന മന്ത്രി

ന്യൂഡല്‍ഹി | കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകളുടെ കണക്ക് അടിയന്തരമായി എടുക്കാന്‍ നിര്‍ദേശിച്ച് പ്രധാന മന്ത്രി. ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാന മന്ത്രിയുടെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ സ്ഥാപിച്ചതിന്റെയും അവയുടെ പ്രവര്‍ത്തനത്തെയും സംബന്ധിച്ച കണക്കെടുക്കാനാണ് പ്രധാന മന്ത്രി നിര്‍ദേശിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഗ്രാമീണ മേഖലയില്‍ കൊവിഡ് പരിശോധന, ഓക്സിജന്‍ വിതരണം തുടങ്ങിയവ ഊര്‍ജിതമായും കാര്യക്ഷമമായും നടത്തണമെന്നും പ്രധാന മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും വേണം. കൊവിഡ് ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും കണക്കെടുപ്പ് കൂടുതല്‍ സുതാര്യമായ രീതിയില്‍ നടത്തണം.
ഉയര്‍ന്ന തോതില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം. ഗ്രാമപ്രദേശങ്ങളില്‍ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വ്യാപിപ്പിക്കണം. പ്രാദേശികമായി കണ്ടെയിന്‍മെന്റ് സോണുകളാക്കുക എന്ന രീതിയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമെന്നും പ്രധാന മന്ത്രി പറഞ്ഞു. കാബിനറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.