Connect with us

National

മഹാരാഷ്ട്രയില്‍ 52 പേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ കൊവിഡിനെ അതിജീവിച്ച 52 പേര്‍ ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) അണുബാധ മൂലം മരിച്ചുവെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷം കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള കണക്കാണിത്. ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് മൂലമുണ്ടായ മരണങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നത്. നേരത്തെ ബ്ലാക്ക് ഫംഗസിന്റെ ഡേറ്റ ബേസ് ആരോഗ്യവകുപ്പ് സൂക്ഷിക്കാറില്ലായിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം വ്യാപന കാലത്ത് ഭീഷണിയായതിനെ തുടര്‍ന്നാണ് കണക്കെടുപ്പ് നടത്തിയത്.

ഈ വര്‍ഷമാണ് കൂടുതല്‍ പേര്‍ അണുബാധയേറ്റ് മരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 2,000 ബ്ലാക്ക് ഫംഗസ് കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ 18 മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നുള്ള ആശുപത്രികളില്‍ പ്രത്യേക ബ്ലാക്ക് ഫംഗസ് വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.രോഗികളെ ചികിത്സിക്കുന്നതിനായി ഒരു ലക്ഷം ആംഫോട്ടെറിസിന്‍-ബി ആന്റി ഫംഗല്‍ കുത്തിവെപ്പുകള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്.

പ്രമേഹ രോഗികളിലും രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടുതലുള്ളവരിലുമാണ് മ്യൂക്കര്‍മൈക്കോസിസ് കൂടുതലായും കാണപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും അണുബാധ പിടിപെടാന്‍ സാധ്യതയുണ്ട്. തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ് കാഴ്ചക്കുറവ് എന്നിവ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഫംഗസ് അണുബാധ മൂക്ക്, കണ്ണുകള്‍ എന്നിവയിലൂടെ പടര്‍ന്ന് തലച്ചോറിലെത്തുന്നതാണ് മരണത്തിന് കാരണം. സംസ്ഥാനത്ത് കുറഞ്ഞത് 8 രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.

Latest