International
ഭീകര വ്യോമാക്രണം: ഗാസയെ കൊലക്കളമാക്കി ഇസ്‌റാഈല്‍

ജറൂസലം | ഗസയില്‍ സാധരണക്കാര്‍ക്ക് നേരെയുള്ള ഭീകരരാഷ്ട്രമായ ഇസ്‌റാഈലിന്റെ നരനായാട്ട് തുടരുന്നു. രാത്രിയും പകലും വിത്യാസമില്ലാതെ വ്യോമാക്രമണവും ഭീകരാക്രമണവും തുടരുകയാണ്. ഇതിനകം 113 പേര്‍ക്ക് ജീവനുകള്‍ നഷ്ടപ്പെട്ടു. ഇതില്‍ 31 കുട്ടികളും 13 സ്ത്രീകളും ഉള്‍പ്പെടും. 621 പേര്‍ക്ക് ഇതിനകം പരുക്കേറ്റിട്ടുണ്ട്.
കിഴക്കന്‍ ജറൂസലമില്‍ നിന്ന് കൂടുതല്‍ ഫലസ്തീനികളെ ആട്ടിയോടിച്ച് പുതിയ സെറ്റില്‍മെന്റ് സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിര്‍ത്തിയിലെല്ലാം വലിയ തോതില്‍ ടാങ്കുകളും മറ്റും വിന്യസിച്ചിട്ടുണ്ട്. ഇസ്‌റാഈല്‍ കരസേനയും ആക്രമണത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. പെരുന്നാല്‍ ദിനമായ ഇന്നലെ മാരക ബോംബാക്രമണമാണ് ഇസ്‌റാഈല്‍ സേന നടത്തിയത്. ഇന്നലെത്തെ ആക്രമണത്തിലാണ് കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈല്‍ സൈന്യത്തിന് പുറമെ തീവ്രജൂത ഗ്രൂപ്പുകളും ആക്രമണം നടത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും മറ്റും ആക്രമണത്തിന് വലിയ തോതില്‍ കോപ്പ്കൂട്ടുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കന്‍ ജറുസലേമില്‍ കൂടുതല്‍ ഭാഗത്ത് കുടിയേറ്റം നടത്താനുള്ള ഇസ്‌റാഈല്‍ നീക്കത്തിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധം ഇസ്‌റാഈല്‍ വലിയ ആക്രമണങ്ങള്‍ക്ക് അവസരമാക്കി മാറ്റുകയായിരുന്നു. മസ്ജിദുല്‍ അഖ്‌സയില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടായിരുന്നു തുടക്കം. റമസാനില്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കുമ്പോഴായിരുന്നു മസ്ജിദിനകത്ത് നരനായാട്ട്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസയുടെ അധികാരമുള്ള ഹമാസ് രംഗത്തെത്തിയതോടെ ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുകയായിരുന്നു.
20 ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന ഗസയുടെ എല്ലാ ജനവാസ മേഖലകളിലും ഇസ്‌റാഈല്‍ ആക്രമണം കനപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഗസയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ മരിച്ച സ്ത്രീയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും മൃതദേഹം കണ്ടെത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നൂറുകണക്കിന് കുടുംബങ്ങളാണ് ആക്രമണത്തില്‍ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായത്.