National
കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണം: ഐസിഎംആര്‍

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലിലൊന്നിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്ത് ശതമാനത്തിലും മുകളിലാണ്. ഈ സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരുന്നത് അനിവാര്യമാണെന്നും ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി
രോഗവ്യാപന തോത് 5-10 ശതമാനത്തിനിടയിലായാല്‍ തുറന്നു കൊടുക്കാം. 6-8 ആഴ്ചയ്ക്കുള്ളില്‍ അതുണ്ടാകാന്‍ സാധ്യതയില്ല. ഡല്‍ഹി നാളെ തുറന്നാല്‍ അത് വന്‍ദുരന്തം ആയിരിക്കുമെന്നും ഡോ. ഭാര്‍ഗവ മുന്നറിയിപ്പു നല്‍കി. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്.ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുതലാണ്.
കൊവിഡ് വ്യാപനത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ ഡോ. ഭാര്‍ഗവ തയാറായില്ല. എന്നാല്‍ പത്തു ശതമാനം എന്ന നിര്‍ദേശം അംഗീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള മേഖലകള്‍ അടച്ചിടണമെന്ന് ഏപ്രില്‍ 15നു ചേര്‍ന്ന നാഷണല്‍ ടാസ്‌ക് ഫോഴ്സ് യോഗം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അത് ഉടനടി അംഗീകരിക്കപ്പെട്ടില്ലെന്നും ഡോ. ഭാര്‍ഗവ പറഞ്ഞു.