Connect with us

International

ഫലസ്തീനില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു; മരണം 35 ആയി

Published

|

Last Updated

ഗസ | ഫലസ്തീനില്‍ ഇസ്‌റാഈല്‍ തുടക്കമിട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിരന്തര ആക്രമണവും ഹമാസ് നടത്തിയ തിരിച്ചടിയിലുമാണ് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുതിയ പ്രദേശത്തെ അധിനിവേശത്തിനായാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്‌റാഈല്‍ ഗസ മുനമ്പില്‍ ആക്രമണം തുടങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലടക്കം ഇസ്‌റാഈല്‍ ബോംബിംഗ് തുടരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2014ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോള്‍ ഫലസ്തീനില്‍ നടക്കുന്നത്.

അതിനിടെ ഇരുവിഭാഗവും തമ്മില്‍ തുടരുന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഇരുവിഭാഗവും ആക്രമണം വെടിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് സൗമ്യ സന്തോഷ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്‌റാഈലില്‍ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ട് വയസുകാരനായ മകനുണ്ട്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഇസ്രായേലില്‍ ആദ്യമായാണ് ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത്.