Editorial
ജുഡീഷ്യല്‍ അന്വേഷണം; സര്‍ക്കാര്‍ ഉറച്ചു തന്നെ

കേവലം തിരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നില്ല കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനമെന്നു വ്യക്തമാക്കുന്നതാണ് ഇവ്വിഷയകമായ സര്‍ക്കാറിന്റെ തുടര്‍നടപടി. ജുഡീഷ്യല്‍ അന്വേഷണത്തിലെ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിച്ചുകൊണ്ട് വിജ്ഞാപനമിറക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം സംസ്ഥാന ആഭ്യന്തര വകുപ്പ്. മുഖ്യമന്ത്രിയെ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കാനുള്ള ശ്രമമുണ്ടായെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദശകലം, മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ നീക്കമുണ്ടായെന്ന സന്ദീപ് നായരുടെ കത്തിലെ പരാമര്‍ശത്തിലെ വസ്തുത, സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഗുരുതര ക്രിമിനല്‍ കുറ്റങ്ങളില്‍ തെറ്റായി പ്രതിചേര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയോ, നടന്നിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ കണ്ണികള്‍ ആരെല്ലാം തുടങ്ങിയവയാണ് അന്വേഷണ വിഷയങ്ങള്‍. ജസ്റ്റിസ് വി കെ മോഹനനാണ് കമ്മീഷന്‍ തലവന്‍. ആറ് മാസമാണ് അന്വേഷണ കാലാവധി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും മറ്റും വിവിധ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെ വരിഞ്ഞുമുറുക്കിയപ്പോള്‍ പ്രതിരോധമെന്ന നിലക്കായിരുന്നു ഈ നീക്കം. രാഷ്ട്രീയ, നിയമവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി ഈ അസാധാരണ നടപടി. തീര്‍ത്തും ഭരണഘടനാ വിരുദ്ധമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇതേക്കുറിച്ച് പ്രതികരിച്ചത്. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു മറുപടിയുമായി സീതാറാം യെച്ചൂരി രംഗത്തെത്തി. രാജ്‌നാഥ് സിംഗ് ഭരണഘടന ശരിയായി പഠിച്ചിട്ടില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം നിയമവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള അസംബന്ധ നാടകവും തിരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശം.
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ നിയമവൃത്തങ്ങളുമായി അന്വേഷിച്ച ശേഷമാണ് സര്‍ക്കാര്‍ അന്വേഷണ തീരുമാനം കൈക്കൊണ്ടത്. ജുഡീഷ്യല്‍ അന്വേഷണത്തിനിടെ, കേന്ദ്ര ഏജന്‍സികളുടെ നീക്കത്തില്‍ ഗൂഢാലോചന കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തിനാകില്ലെങ്കിലും ഏജന്‍സികളുടെ തനിനിറം പുറത്തു കൊണ്ടുവരാനായേക്കാം. ഇടതു മുന്നണിക്ക് ഇത് രാഷ്ട്രീയമായി ഗുണംചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന യു ഡി എഫിന്റെയും ആര്‍ എസ് എസ് നേതാവ് ആര്‍ ബാലശങ്കറിന്റെയും ആരോപണത്തിന്റെ മുനയൊടിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണ തീരുമാനം സഹായകമായെന്നും തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വിജയത്തിന് അത് സഹായിച്ചെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മാത്രമല്ല, കേന്ദ്ര ഏജന്‍സികളുടെ പരിധിവിട്ടുള്ള കളി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ദോഷം ചെയ്തതായി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നതായും വാര്‍ത്ത വന്നിരുന്നു.
2020 ജൂലൈയിലാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള എൻ ഐ എ അന്വേഷിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് സ്വര്‍ണക്കടത്തിനു പിന്നിലെ കള്ളപ്പണ ബന്ധങ്ങള്‍ കണ്ടുപിടിക്കാനെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കടന്നു വന്നു. സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരികയും യഥാര്‍ഥ പ്രതികളെ കണ്ടെത്തുകയും ചെയ്യുന്നതിനു പകരം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള കളികളാണ് ഈ അന്വേഷണ ഏജന്‍സിയില്‍ നിന്നുണ്ടായത്. കക്ഷിരാഷ്ട്രീയത്തിനതീതമായി നിലകൊള്ളുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലെത്തുകയും പ്രതികളെ കണ്ടെത്തുകയും ചെയ്യേണ്ട ഏജന്‍സികള്‍ ചില പ്രത്യേക വ്യക്തികളെയോ വിഭാഗത്തെയോ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ തിടുക്കം കൂട്ടുന്നതായി സംശയിക്കപ്പെടുന്ന തരത്തിലുള്ളതായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍.
വിദേശത്ത് നിന്ന് സ്വര്‍ണം കേരളത്തിലേക്കയച്ച പ്രധാനപ്രതിയെന്ന് എന്‍ ഐ എയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോഴും വിദേശത്ത് സുഖമായി കഴിയുന്നു. ഈ പ്രതിയെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമം അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 23 തവണ സ്വര്‍ണം കടത്തിയതായി അന്വേഷണ ഏജന്‍സി പറയുന്നു. ഈ സ്വര്‍ണമൊക്കെ ആര് കൊണ്ടുപോയി? ആര്‍ക്കെല്ലാമാണ് കിട്ടിയത്? ഇത്രയധികം സ്വര്‍ണം കടത്തിക്കൊണ്ടുവരണമെങ്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരിക്കണം. ആ വഴിക്കും അന്വേഷണം ആവശ്യമാണ്. അതുണ്ടാകുന്നില്ല. ഇതിനു പുറമെയാണ് സംസ്ഥാന സര്‍ക്കാറിലെ ഉന്നതരെ പ്രതിക്കൂട്ടിലാക്കാനുള്ള അന്വേഷണ ഏജന്‍സികളുടെ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്ന സ്വപ്‌നയുടെയും സന്ദീപ് നായരുടെയും നിര്‍ണായക മൊഴികള്‍.
കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വിധേയമാകാതെ, നിഷ്പക്ഷവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കേണ്ടവരാണ് കേന്ദ്ര ഏജന്‍സികള്‍. ബി ജെ പിയേതര ഭരണത്തിലുള്ള സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും വേട്ടയാടുന്ന ജോലിയാണ് ഈ ഏജന്‍സികള്‍ കാര്യമായും നിര്‍വഹിക്കുന്നത്. മധ്യപ്രദേശ്, കര്‍ണാടക, അരുണാചല്‍ പ്രദേശ്, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാറുകളെ ബി ജെ പി അട്ടിമറിച്ചത് ഗവര്‍ണര്‍ക്കൊപ്പം കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൂടി ഉപയോഗപ്പെടുത്തിയാണല്ലോ. അഹ്മദ് പട്ടേല്‍, ചിദംബരം, ഡി കെ ശിവകുമാര്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര ഏജന്‍സികളുടെ നടപടിക്കു വിധേയരായി. അതേസമയം അഴിമതി, സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ക്കു വിധേയരായ നിരവധി ബി ജെ പി നേതാക്കള്‍ രാജ്യത്തെമ്പാടും സുരക്ഷിതരായി കഴിയുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും താളത്തിനൊത്തു തുള്ളുന്ന ഭരണകൂട ഉപകരണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിശേഷിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളുടെ വഴിവിട്ടുള്ള കളിയാണ് ബി ജെ പി ഇതര സംസ്ഥാനങ്ങളെ അവര്‍ക്കെതിരെ തിരിയാന്‍ ഇടയാക്കുന്നത്.